-->
റിയല്‍മി ഇന്ത്യയില്‍ തങ്ങളുടെ പി4 സീരീസില്‍ പുതിയ സ്മാര്‍ട്ട്‌ഫോണായ റിയല്‍മി പി4 ലൈറ്റ് (realme P4 Lite) അവതരിപ്പിയ്ക്കാന്‍ ഒരുങ്ങുകയാണ്. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഫെബ്രുവരി 20ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഇപ്പോള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചുകഴിഞ്ഞു. ഇപ്പോള്‍ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത് 4ജി മോഡല്‍ ആണ് എന്നാണ് റിപ്പോര്‍ട്ട്. യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ട്, ബാറ്ററി ലൈഫിലും സ്ലിം ഫോം ഫാക്ടറിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് റിയല്‍മി പി4 ലൈറ്റ് എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെ പി4 സീരീസില്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ട റിയല്‍മി പി4 പവര്‍ 5ജി എന്ന മോഡല്‍ 10001mAh ബാറ്ററി അവതരിപ്പിച്ചുകൊണ്ട് വന്‍ ശ്രദ്ധ നേടിയിരുന്നു.
6300mAh ബാറ്ററിയാണ് ഈ വരാന്‍ പോകുന്ന റിയല്‍മി ലൈറ്റ് മോഡലില്‍ ഉള്ളത് എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഇത് അതിന്റെ സെഗ്മെന്റിലെ ഏറ്റവും വലിയ ബാറ്ററി ശേഷിയാണ് എന്ന് റിയല്‍മി അവകാശപ്പെടുന്നു. മറ്റൊരു ശ്രദ്ധേയമായ കാര്യം ഇതിന്റെ സ്ലിം ബോഡിയാണ്. വലിയ ബാറ്ററി ശേഷി ഉണ്ടായിരുന്നിട്ടും, 7.94mm കനം മാത്രമുള്ള ഒരു സ്ലിം പ്രൊഫൈല്‍ ഈ ഫോണ്‍ നിലനിര്‍ത്തുന്നു. ഇതിന്റെ ബോക്‌സില്‍ ഫോണിനൊപ്പം ഒരു ചാര്‍ജറും ഉണ്ടാകുമെന്ന് റിയല്‍മി സ്ഥിരീകരിച്ചു. അതേസമയം ഇതിന്റെ വില സംബന്ധിച്ച സൂചനകള്‍ ലഭ്യമായിട്ടില്ല.
യൂണിസോക് T7250 ഒക്ടാ-കോര്‍ ചിപ്സെറ്റാണ് റിയല്‍മി പി4 ലൈറ്റ് മോഡലിന് കരുത്ത് പകരുന്നത്. സ്‌ക്രീനിന് 90 Hz റിഫ്രഷ് റേറ്റ് ഉണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാല്‍ വലിപ്പം വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ റിയല്‍മി C71-ല്‍ കണ്ടതുപോലെ 6.67' HD+ LCD സ്‌ക്രീന്‍ ഇതില്‍ പ്രതീക്ഷിക്കാമെന്ന് ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈടിന്റെ കാര്യമെടുത്താല്‍, പൊടി, വെള്ളം, വീഴ്ച എന്നിവയെ പ്രതിരോധിക്കാന്‍ IP54 റേറ്റിങ് സഹിതമാണ് റിയല്‍മി പി4 ലൈറ്റ് മോഡല്‍ എത്തുന്നത്. കൂടാതെ മിലിട്ടറി ഗ്രേഡ് ഈടും ഇതിനുണ്ടാകും. യൂസര്‍ എക്‌സ്പീരിയന്‍സ് മികച്ചതാക്കാന്‍ നിരവധി എഐ ഫീച്ചറുകളുടെ പിന്തുണയും ഈ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കും. സര്‍ക്കിള്‍ ടു സെര്‍ച്ച്, AI ഫോട്ടോ എന്‍ഹാന്‍സ്‌മെന്റ്, നോയ്സ് റിഡക്ഷന്‍ കോള്‍ 2.0 തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ഉണ്ടാകും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.