-->
ഭൂമിയില്‍ എങ്ങനെയാണ് ജീവന്‍ ഉത്ഭവിച്ചത് എന്ന നിഗൂഢതയുടെ ചുരുളഴിക്കാന്‍ വിപ്ലവകരമായ പരീക്ഷണവുമായി സിഡ്‌നി സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്. നക്ഷത്രാന്തര മേഖലകളില്‍ കാണപ്പെടുന്ന പൊടിപടലങ്ങളും ബഹിരാകാശ കണങ്ങളും കൃത്രിമമായി ഒരു ലാബില്‍ പുനര്‍നിര്‍മിച്ചാണ് ഇവര്‍ പഠനം നടത്തുന്നത്. ഉല്‍ക്കാശിലകളില്‍ കാണപ്പെടുന്ന ജൈവപദാര്‍ത്ഥങ്ങള്‍ എങ്ങനെ ഭൂമിയിലെത്തിയെന്നും, ബഹിരാകാശത്തെ കഠിനമായ സാഹചര്യങ്ങളില്‍ ഇവ എങ്ങനെ നശിക്കാതെ നിലനില്‍ക്കുന്നുവെന്നും കണ്ടെത്തുകയാണ് ഈ പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം.
ബഹിരാകാശത്തെ അതിശൈത്യവും വായുശൂന്യവുമായ അവസ്ഥ ഒരു പ്രത്യേക ഗ്ലാസ് ചേംബറിനുള്ളില്‍ കൃത്രിമമായി സൃഷ്ടിച്ചാണ് ശാസ്ത്രജ്ഞര്‍ ഈ ദൗത്യം പൂര്‍ത്തിയാക്കിയത്. പ്രപഞ്ചത്തില്‍ സ്വാഭാവികമായി കാണപ്പെടുന്ന വാതകങ്ങളും രാസവസ്തുക്കളും ഈ ചേംബറിലേക്ക് കടത്തിവിട്ട് നക്ഷത്രാന്തര പൊടിപടലങ്ങള്‍ക്ക് സമാനമായ കണങ്ങള്‍ അവര്‍ നിര്‍മിച്ചെടുത്തു. ധൂമകേതുക്കളില്‍ നിന്നും ഛിന്നഗ്രഹങ്ങളില്‍ നിന്നും പുറന്തള്ളപ്പെടുന്ന അതിസൂക്ഷ്മ കണങ്ങള്‍ ജീവന്റെ വിത്തുകള്‍ വഹിക്കുന്നുണ്ടോ എന്നതായിരുന്നു പ്രധാന അന്വേഷണം.
നക്ഷത്രങ്ങളില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ഈ പൊടിപടലങ്ങളില്‍ പതിക്കുമ്പോള്‍ അവയില്‍ രാസമാറ്റങ്ങള്‍ സംഭവിക്കുന്നതായും, ജീവന്റെ അടിസ്ഥാന ഘടകങ്ങളായ തന്മാത്രകള്‍ രൂപപ്പെടുന്നുണ്ടെന്നും പരീക്ഷണത്തിലൂടെ തെളിഞ്ഞു. ഭൂമിയിലെ ജീവന്റെ ഉത്ഭവം ബഹിരാകാശത്തുനിന്ന് ഉല്‍ക്കകള്‍ വഴി എത്തിയ ജൈവതന്മാത്രകളില്‍ നിന്നാകാമെന്ന ശാസ്ത്രലോകത്തിന്റെ പ്രബലമായ നിഗമനത്തിന് കരുത്തുപകരുന്നതാണ് ഈ പഠനം. പ്രശസ്ത ശാസ്ത്ര പ്രസിദ്ധീകരണമായ 'ദി ആസ്‌ട്രോഫിസിക്കല്‍ ജേണലില്‍' ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.