Wednesday, March 11, 2026 Last Updated 9 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.38 PM

ബംഗ്ലാദേശിന്‌ പുതിയ അധ്യായം: താരിഖ്‌ റഹ്‌മാന്‍ പ്രധാനമന്ത്രിയായി

uploads/news/2026/02/825926/int1.jpg

ധാക്ക: ബംഗ്ലാദേശിന്റെ ഭരണചക്രം ഇനി താരിഖ്‌ റഹ്‌മാന്റെ കൈയില്‍. പ്രധാനമന്ത്രിയായി ബംഗ്ലാദേശ്‌ നാഷണലിസ്‌റ്റ്‌ പാര്‍ട്ടി (ബി.എന്‍.പി) നേതാവ്‌ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. 17 വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞ്‌ തിരിച്ചെത്തിയ റഹ്‌മാന്‍ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനാണ്‌.
300 സീറ്റുകളുള്ള പാര്‍ലമെന്റില്‍ 151-ലധികം സീറ്റുകള്‍ നേടിയാണ്‌ ബി.എന്‍.പി വിജയഗാഥ രചിച്ചത്‌. ഫെബ്രുവരി 12നായിരുന്നു തെരഞ്ഞെടുപ്പ്‌. മുമ്പ്‌ ബി.എന്‍.പിയുടെ സഖ്യകക്ഷിയായിരുന്ന ജമാഅത്തെ-ഇ-ഇസ്ലാമിയാണ്‌ പ്രതിപക്ഷത്ത്‌. രണ്ടാമത്തെ വലിയ പാര്‍ട്ടിയായി അത്തെ-ഇ-ഇസ്ലാമി മാറി. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ള ഇന്ത്യയെ പ്രതിനിധീകരിച്ചു.
ബിര്‍ളയെ ബംഗ്ലാദേശ്‌ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി നസ്രുള്‍ ഇസ്ലാം വരവേറ്റു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധങ്ങള്‍ ആഴത്തിലാക്കുന്ന ശുഭമുഹൂര്‍ത്തമാണിതെന്ന്‌ ബിര്‍ള പറഞ്ഞു. റഹ്‌മാന്റെ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ക്ഷണം ലഭിച്ചിരുന്നു. ഇന്നലെ മുംബൈയില്‍ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച തീരുമാനിച്ചിരുന്നതിനാല്‍ മോദിക്കു പങ്കെടുക്കാനായില്ല.
ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിനെ നയിച്ച മുഹമ്മദ്‌ യൂനുസ്‌ തിങ്കളാഴ്‌ച രാജിവച്ചു. 2024 ജൂലൈയില്‍ ഷെയ്‌ഖ്‌ ഹസീനയെ പുറത്താക്കിയതിനെത്തുടര്‍ന്ന്‌ കാവല്‍ ഭരണകൂടമാണ്‌ രാജ്യം ഭരിച്ചിരുന്നത്‌.
അധികാരം കൈമാറുന്നതിനുമുമ്പ്‌ യൂനുസ്‌ വിടവാങ്ങല്‍ പ്രസംഗം നടത്തി. ജനാധിപത്യം, സംസാര സ്വാതന്ത്ര്യം, മൗലികാവകാശങ്ങള്‍ എന്നിവ തകരാന്‍ അനുവദിക്കരുതെന്ന്‌ രാഷ്‌ട്രത്തോടുള്ള അഭിസംബോധനയില്‍ അദ്ദേഹം പറഞ്ഞു.

Ads by Google
Tuesday 17 Feb 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW