-->
ദോഹ:പതിറ്റാണ്ടുകളായി പ്രവാസലോകത്ത് വിയർപ്പൊഴുക്കുമ്പോഴും കുടുംബത്തെ ഒരിക്കൽ പോലും ഖത്തറിലെത്തിക്കാൻ കഴിയാതിരുന്ന സാധാരണക്കാരായ പ്രവാസികളുടെ സ്വപ്നസാഫല്യമായി റേഡിയോ മലയാളം 98.6 എഫ്.എം സംഘടിപ്പിച്ച ‘ഫോർ മൈ ലവ്’ സീസൺ 6. ദോഹ ഹോളിഡേ ഇന്നിൽ നടന്ന വൈകാരികമായ ചടങ്ങിൽഖത്തറിലെത്തിയ അമ്മമാരും ഭാര്യമാരും ഇന്ത്യൻ സമൂഹത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ പരിപാടി ഉദ്ഘാടനംചെയ്തു. സ്വന്തം സന്തോഷങ്ങൾ മാറ്റിവെച്ച് ജീവിതം സമർപ്പിച്ച തലമുറയ്ക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരവാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.25 വർഷത്തിലേറെയായി ഖത്തറിൽ ജോലി ചെയ്യുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ പ്രിയപ്പെട്ടവരെയാണ് റേഡിയോ ശ്രോതാക്കളുടെ നിർദ്ദേശാനുസരണം തിരഞ്ഞെടുത്തത്.
ചടങ്ങിൽ ക്യു എഫ് എം റേഡിയോ നെറ്റ്‌വർക്ക് വൈസ് ചെയർമാനും എം.ഡിയുമായ കെ.സി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.
സന്ദർശനത്തിനെത്തിയ അമ്മമാർക്കും ഭാര്യമാർക്കും പരിപാടിയുടെ പ്രായോജകരായ വാണിജ്യ പ്രമുഖരും, ഇന്ത്യൻ കമ്മ്യുണിറ്റി നേതാക്കളും ചേർന്ന്
മൊമെന്റോ നൽകി ആദരിച്ചു. സി.വി. റപ്പായി (ഡയറക്ടർ, നോർക്ക), ത്വാഹ അബ്ദുൽ കരീം (പ്രസിഡന്റ്, ഐ.ബി.പി.സി), എബ്രഹാം ജോസഫ് (ജനറൽ സെക്രട്ടറി, ഐ.സി.സി), ഹംസ യൂസഫ് (ജനറൽ സെക്രട്ടറി, ഐ.എസ്.സി), പി.എൻ ബാബുരാജ് (മുൻ പ്രസിഡന്റ്, ഐ.സി.സി & ഐ.സി.ബി.എഫ്), ഷഹീൻ ഷാഫി (പ്രസിഡന്റ്, കെ.ബി.എഫ്) എന്നിവർ ആശംസകൾ നേർന്നു. ക്യു എഫ് എം സി.ഇ.ഒ അൻവർ ഹുസൈൻ സ്വാഗതവും ഡി.ജി.എം നൗഫൽ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. കാലിഗ്രാഫി ആർട്ടിസ്റ്റ് കരീം ഗ്രാഫി സ്ത്രീകൾക്ക് സമർപ്പിച്ച 'ലൈവ് ആർട്ടിസ്റ്റിക് ട്രിബ്യൂട്ടും' അലൻ, ശ്രീകാന്ത്, പ്രതാപ്, മോജിൻ എന്നിവരുടെ സംഗീത പരിപാടിയും ചടങ്ങിന് മാറ്റ് കൂട്ടി.ആർ ജെ പാർവതി അവതാരകയായിരുന്നു.
ഷഫീക്ക് അറക്കൽ