-->
ഇന്ത്യന്‍ റെയില്‍വേയിലെ സ്ലീപ്പര്‍ ക്ലാസ് യാത്രകള്‍ പലപ്പോഴും അപ്രതീക്ഷിതമായ അനുഭവങ്ങളുടെ കലവറയാണ്. ജല്‍ഗാവുനില്‍ നിന്ന് ചന്ദ്രാപുരിലേക്കുള്ള ഏഴ് മണിക്കൂര്‍ യാത്രയില്‍ സുഖമായി ഉറങ്ങാമെന്ന് കരുതി ടിക്കറ്റെടുത്ത കനേഡിയന്‍ സഞ്ചാരി കിം ഗ്രീന്‍വുഡിനും പങ്കാളിക്കും ലഭിച്ചത് ഇത്തരത്തില്‍ സമാനതകളില്ലാത്ത ഒരു സര്‍െ്രെപസ് ആയിരുന്നു. ഇവര്‍ തന്നെയാണ് തങ്ങളുടെ വേറിട്ട അനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തങ്ങള്‍ ബുക്ക് ചെയ്ത ബര്‍ത്ത് ഒരു സ്വകാര്യ ഇടമല്ലെന്നും, അത് അപരിചിതരായ മനുഷ്യര്‍ ഒത്തുചേരുന്ന ഒരു വലിയ 'കമ്മ്യൂണിറ്റി ഏരിയ' ആണെന്നും അവര്‍ വൈകാതെ തിരിച്ചറിഞ്ഞു.
യാത്ര തുടങ്ങിയതോടെ ഇവരുടെ ക്യാബിന്‍ കുട്ടികളും കുടുംബങ്ങളും കൊണ്ട് നിറഞ്ഞു. സമാധാനമായ ഉറക്കം അസാധ്യമാണെന്ന് ബോധ്യപ്പെട്ടെങ്കിലും, ദേഷ്യപ്പെടുന്നതിന് പകരം ആ ബഹളങ്ങളെ സ്‌നേഹത്തോടെ സ്വീകരിക്കാനാണ് ഈ ദമ്പതികള്‍ തീരുമാനിച്ചത്. കിമ്മിന്റെ പങ്കാളി കുട്ടികള്‍ക്കൊപ്പം കളികളില്‍ മുഴുകിയതോടെ ആ ചെറിയ ക്യാബിന്‍ ഒരു സൗഹൃദ വേദിയായി മാറി. സഹയാത്രികര്‍ തങ്ങളുടെ കൈവശമുള്ള നാടന്‍ വിഭവങ്ങള്‍ അവര്‍ക്ക് പങ്കുവെച്ചു. ചിലര്‍ സ്‌റ്റേഷനുകളില്‍ നിന്ന് ഭക്ഷണം വാങ്ങി നല്‍കിയപ്പോള്‍ മറ്റു ചിലര്‍ വീട്ടുരുചികള്‍ അവര്‍ക്ക് പരിചയപ്പെടുത്തി.
'ഏഴ് മണിക്കൂര്‍ ഉറക്കം നഷ്ടപ്പെട്ടെങ്കിലും അതില്‍ എനിക്ക് യാതൊരു പരാതിയുമില്ല, ആ അനുഭവത്തിന് പകരം മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല' എന്നാണ് കിം തന്റെ വൈറല്‍ വീഡിയോയില്‍ കുറിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ ആറ് ലക്ഷത്തിലധികം പേര്‍ കണ്ട ഈ വീഡിയോയ്ക്ക് താഴെ, ഇന്ത്യന്‍ റെയില്‍വേയിലെ ഈ 'കൂട്ടുസംസ്‌കാരത്തെ' ഉള്‍ക്കൊള്ളാന്‍ കാണിച്ച മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. അപരിചിതര്‍ക്കിടയിലെ ഈ ഹൃദയബന്ധവും സഹകരണവുമാണ് ഇന്ത്യയുടെ യഥാര്‍ത്ഥ സൗന്ദര്യമെന്ന് ഈ കനേഡിയന്‍ ദമ്പതികള്‍ ലോകത്തോട് പറയുന്നു.