-->
ന്യുഡല്‍ഹി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രൈസ്തവ സമുഹവുമായുണ്ടായിരുന്ന അകലം പരിഹരിച്ചതിന് പിന്നാലെ ഇസ്‌ളാമിക വിരുദ്ധരെന്ന പഴിയും ബിജെപി അവസാനിപ്പിക്കുന്നു. കേരളത്തിലെ പ്രബല സുന്നിവിഭാഗം നേതാവ് കാന്തപുരവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരുമിച്ച് കൂടിക്കാഴ്ച നടത്തി . യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവും മര്‍ക്കസില്‍ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യവുമാണ് പിന്നിലെ ലക്ഷ്യം.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സാന്നിദ്ധ്യത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരത്തിന്റെ ഇടപെടലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചതായിട്ടാണ് വിവരം. നിമിഷപ്രിയയുടെ മോചനത്തിനായുള്ള കാന്തപുരത്തിന്റെ ഇടപെടലിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ ഉറപ്പ് നല്‍കിയിരിക്കുകയാണ്. ഡോവലിന്റെ സാന്നിദ്ധ്യവും ഇക്കാര്യത്തില്‍ ഉറപ്പ് കൂട്ടുന്നതാണ്. നിമിഷപ്രിയയുടെ മോചനം വേഗത്തില്‍ സാദ്ധ്യമാക്കാന്‍ അജിത് ഡോവല്‍ യെമന്‍ സര്‍ക്കാരുമായി നിരന്തര ഇടപെടല്‍ നടത്തുന്നതായും വിവരമുണ്ട്.
അതേസമയം മോദിയുടേയും കാന്തപുരത്തിന്റെയും കൂടിക്കാഴ്ച കേരളരാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കും. കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള സുന്നി വിഭാഗം ഇടതുപക്ഷത്തിന്റെ വലിയൊരു വോട്ടുബാങ്കായിട്ടാണ് കരുതുന്നത്. കാന്തപുരത്തിന്റെയും മോദിയുടേയും കൂടിക്കാഴ്ച പ്രധാനമായും പരിക്ക് പറ്റിക്കുക സിപിഐഎമ്മിന് തന്നെയായിരിക്കുമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി കാന്തപുരവുമായി കൂടിക്കാഴ്ച നടന്നതോടെ ബിജെപി ഭരണത്തില്‍ കേരളത്തിലെ മുസ്‌ളീങ്ങള്‍ക്കുള്ള ഭീതി ഒഴിവാകുന്നത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായിരിക്കും. വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇപ്പോള്‍ തന്നെ സിപിഐ എമ്മുമായി സുന്നിവിഭാഗം അകല്‍ച്ചയിലേക്ക് പോകുകയുമാണ്.
ഇതിനൊപ്പം മര്‍ക്കസിലേക്ക് കാന്തപുരം പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷണം സ്വീകരിച്ച് അദ്ദേഹം എത്തിയാല്‍ അത് ഡല്‍ഹിയുടെ 'സുന്നി' നയതന്ത്രമായി മാറും. സമസ്തയുടെയും മര്‍ക്കസിന്റെയും വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തിരുന്നു. വഖഫ് നിയമം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍, ദേശീയപാത വികസനം തുടങ്ങിയ വിഷയങ്ങളില്‍ കാന്തപുരം ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന ഉറപ്പും ലഭിച്ചതായാണ് സൂചന. അലിഗഢ് സര്‍വകലാശാല മലപ്പുറം സെന്ററിന്റെ വികസനവും മൗലാനാ ആസാദ് ഫെലോഷിപ്പ് പുനഃസ്ഥാപിക്കലും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായി.
ഇടതുപക്ഷത്തിന്റെ ഉറച്ച വോട്ട് ബാങ്കായിരുന്ന എ.പി സുന്നി വിഭാഗം കേന്ദ്ര ഭരണകൂടവുമായി നേരിട്ട് സംവാദത്തിന് തയ്യാറായത് സി.പി.എമ്മിന് വലിയ തിരിച്ചടിയാണ്. അടുത്തിടെ നടന്ന കേരള യാത്രയില്‍ ലഭിച്ച ജനകീയ നിവേദനങ്ങള്‍ കാന്തപുരം പ്രധാനമന്ത്രിക്ക് കൈമാറി. മുസ്ലിം സമുദായത്തിനിടയിലെ ഭയാശങ്കകള്‍ അകറ്റാന്‍ ഇത്തരമൊരു കൂടിക്കാഴ്ച അനിവാര്യമാണെന്ന നിലപാടിലാണ് കാന്തപുരം വിഭാഗം. കാന്തപുരം ഇനി സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായകമാകും.