-->
മോസ്‌കോ: യുൈക്രനെ രാജ്യാന്തര ഭരണത്തിനു കീഴില്‍ കൊണ്ടുവരാനുള്ള നിര്‍ദേശം പുനരുജ്‌ജീവിപ്പിച്ച് റഷ്യ. മോസ്‌കോയും കീവും തമ്മില്‍ യു.എസ് മധ്യസ്‌ഥതയിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ഈ നിര്‍ദേശം. യു.എസ്, യൂറോപ്യന്‍ രാജ്യങ്ങള്‍, മറ്റ് രാജ്യാന്തര പങ്കാളികള്‍ എന്നിവരുമായി ഈ ആശയം ചര്‍ച്ച ചെയ്യാന്‍ റഷ്യ തയാറാണെന്നു ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മിഖായേല്‍ ഗലുസിനെ ഉദ്ധരിച്ച് റഷ്യയുടെ സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്‌തു.
'ഇത്തരമൊരു നടപടി യുൈക്രനില്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടത്താനും, പൂര്‍ണ സമാധാന ഉടമ്പടിയില്‍ ഒപ്പുവയ്‌ക്കാന്‍ പ്രാപ്‌തിയുള്ള സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരാനും സഹായിക്കുമെന്ന് ഗലുസിന്‍ പറഞ്ഞതായാണ് വാര്‍ത്ത.
യുൈക്രനെ യു.എന്‍ നേതൃത്വത്തിലുള്ള ഒരു ബാഹ്യ ഭരണത്തിന് കീഴില്‍ കൊണ്ടുവരാനുള്ള ആശയം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണു റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ആദ്യമായി മുന്നോട്ടുവച്ചത്. യുൈക്രനിലുള്ളത് പാവ സര്‍ക്കാരാണെന്നും പ്രസിഡന്റ് സെലന്‍സ്‌കിയുടെ അധികാര കാലാവധി അവസാനിച്ചുവെന്നും റഷ്യ വാദിക്കുന്നു.
എന്നാല്‍, റഷ്യന്‍ അധിനിവേശമാണ് തെരഞ്ഞെടുപ്പ് വൈകിക്കുന്നതെന്നാണ് യുൈക്രന്റെ മറുപടി. രണ്ട് മാസം യുദ്ധം നിര്‍ത്തിവച്ചാല്‍ തെരഞ്ഞെടുപ്പ് നടത്താമെന്നാണ് അവരുടെ നിലപാട്. എന്നാല്‍, യുദ്ധം നര്‍ത്തിയാല്‍ ആ സമയം കൂടുതല്‍ ആയുധസംഭരണത്തിനാകും കീവിന്റെ ശ്രമമെന്ന് റഷ്യയും വാദിക്കുന്നു.