-->
ന്യൂഡല്‍ഹി: ഇന്ത്യാ മുന്നണിയുടെ നേതൃത്വം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്കു നല്‍കണമെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്‌ടാവ് സഞ്‌ജയ് ബാരു. നിലവിലെ സാഹചര്യത്തില്‍ മുന്നണിയെ മമത നയിക്കുന്നത് ഗുണകരമാകുമെന്ന് സഞ്‌ജയ് ബാരു ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധി-മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഖ്യം പഴയ സോണിയ ഗാന്ധി-മന്‍മോഹന്‍ സിങ് മാതൃക ആവര്‍ത്തിക്കുന്നതു കൊണ്ട് വലിയ പ്രയോജനമുണ്ടായിട്ടില്ലെന്ന് 'ദ് ടെലഗ്രാഫില്‍' എഴുതിയ ലേഖനത്തില്‍ ബാരു ചൂണ്ടിക്കാട്ടി. ഈ ലേഖനം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാഗരിക ഘോഷ് സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവച്ചു.
അതേസമയം, ഇന്ത്യാ സഖ്യത്തെ ശക്‌തിപ്പെടുത്താന്‍ ഏറ്റവും അനുയോജ്യനായ വ്യക്‌തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിനാണെന്ന് മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍ ചൂണ്ടിക്കാട്ടി. സഖ്യത്തെ ഒരിമിച്ചു കൊണ്ടുപോകാന്‍ സ്‌റ്റാലിന്‍ പ്രാപ്‌തനാണ്.
വെറും മുദ്രാവാക്യങ്ങള്‍ക്കപ്പുറം പ്രസക്‌തമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിലാണ് സ്‌റ്റാലിന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. രാജ്യത്തെ ഫെഡറലിസവുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന വിഷയങ്ങളും സ്‌റ്റാലിന്‍ കൃത്യമായി ഉന്നയിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.