Friday, March 13, 2026 Last Updated 35 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 11.36 PM

'ശ്രദ്ധിക്കണം, വിവാഹത്തിനു മുമ്പ്‌ ആരും ആരെയും വിശ്വസിക്കരുത്‌' ,ജാഗ്രതാ നിര്‍ദേശവുമായി സുപ്രീം കോടതി

uploads/news/2026/02/825751/in1.jpg

ന്യൂഡല്‍ഹി: വിവാഹപൂര്‍വ ശാരീരിക ബന്ധങ്ങള്‍ക്കെതിരേ കര്‍ശന നിരീക്ഷണങ്ങളുമായ സുപ്രീം കോടതി. വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍. വിവാഹിതനായ വ്യക്‌തി, മറ്റൊരു സ്‌ത്രീയെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്നാണു കേസ്‌.
വിവാഹത്തിനു മുമ്പ്‌ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ ജാഗ്രത പാലിക്കണമെന്നു ജസ്‌റ്റിസ്‌ ബി.വി. നാഗരത്‌ന, ജസ്‌റ്റിസ്‌ ഉജ്‌ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച്‌ പറഞ്ഞു. 'ഒരുപക്ഷേ നമ്മള്‍ പഴയ രീതിയിലുള്ളവരായിരിക്കാം. പക്ഷേ വിവാഹത്തിന്‌ മുമ്പ്‌ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരാണ്‌. അവര്‍ തമ്മിലുള്ള അടുപ്പം എത്രത്തോളമായാലും, വിവാഹത്തിന്‌ മുമ്പ്‌ അവര്‍ക്ക്‌ എങ്ങനെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്നു മനസിലാകുന്നില്ല. നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. വിവാഹത്തിന്‌ മുമ്പ്‌ ആരും ആരെയും വിശ്വസിക്കരുത്‌.'- ജസ്‌റ്റിസ്‌ ബി.വി. നാഗരത്‌ന പറഞ്ഞു.
2022 ല്‍ ഒരു മാട്രിമോണിയല്‍ സര്‍വീസ്‌ വെബ്‌സൈറ്റ്‌ വഴിയാണ്‌ സ്‌ത്രീയും പുരുഷനും കണ്ടുമുട്ടിയത്‌. വിവാഹം കഴിക്കാമെന്നു വാഗ്‌ദാനം നല്‍കി പുരുഷന്‍ സ്‌ത്രീയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും ദുബായിയില്‍വച്ചും ഇരുവരും കൂടിക്കാഴ്‌ചകള്‍ നടത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
സ്‌ത്രീയുടെ സമ്മതമില്ലാതെ അവരുടെ ശാരീരിക ബന്ധത്തിന്റെ വീഡിയോകള്‍ ചിത്രീകരിച്ചെന്നും അവ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ഇയാള്‍ മുമ്പ്‌ രണ്ടു തവണ വിവാഹം കഴിച്ചിരുന്നതായി സ്‌ത്രീ പിന്നീടാണ്‌ അറിഞ്ഞതെന്നും പ്രോസിക്യൂഷന്‍ പറയുന്നു.
വിവാഹത്തിനു മുമ്പ്‌ പരാതിക്കാരി ദുബായിലേക്ക്‌ പോകാന്‍ തീരുമാനിച്ചത്‌ എന്തുകൊണ്ടാണെന്ന്‌ ജസ്‌റ്റിസ്‌ നാഗരത്‌ന ചോദിച്ചു. പരസ്‌പര സമ്മതത്തോടെ നടന്ന ബന്ധങ്ങള്‍ വിചാരണചെയ്‌തു ശിക്ഷിക്കേണ്ട കേസുകളല്ലെന്നും കോടതി പരാമര്‍ശിച്ചു. കേസില്‍ നാളെ വീണ്ടും വാദം കേള്‍ക്കും.

Ads by Google
Monday 16 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW