-->
കളമശേരി: മാറ്റം വരണമെങ്കില്‍ എന്‍.ഡി.എ. അധികാരത്തില്‍ വരണമെന്ന് ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അടുത്ത 60 ദിവസം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ഈ തെരഞ്ഞെടുപ്പ് ഒന്നോ രണ്ടോ സീറ്റ് ജയിക്കാനായല്ല. 140 അസംബ്ലി മണ്ഡലങ്ങളിലും ജയിക്കാന്‍ സാധ്യതയുള്ള സ്‌ഥാനാര്‍ഥികള്‍ മത്സരിക്കും. എന്‍.ഡി.എ. ജയിക്കാനാണ് മത്സരിക്കുന്നത്. എന്‍.ഡി.എ ജയിക്കണം, ഭരിക്കണം, നാട് നന്നാക്കണം ഇതാണ് ന്യൂഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദ്ദേശം. കേന്ദ്രത്തില്‍ നിന്ന് നൂറു ശതമാനം പിന്തുണയുണ്ട്. നമ്മുടെ ദൗത്യം, ലക്ഷ്യം ഈ തെരഞ്ഞെടുപ്പ് വിജയിക്കുക എന്നതാണെന്നും കളമശേരിയില്‍ എന്‍.ഡി.എയുടെ സംസ്‌ഥാന ശിബിരം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു. നമുക്ക് വേണം വികസിത കേരളം, വിശ്വാസ സംരക്ഷണം, സുരക്ഷിത കേരളം, മാറാത്തത് ഇനി മാറണമെന്നും അദ്ദേഹം പറഞ്ഞു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്, ജനങ്ങളുടെയും കുട്ടികളുടെയും ഭാവി, നാടിന്റെ വികസനം എങ്ങനെയാകണമെന്ന് തീരുമാനിക്കേണ്ട തെരഞ്ഞെടുപ്പാണ്. ജമാഅത്ത് ഇസ്ലാമിയാണോ, ശബരിമല കൊള്ളക്കാരാണോ നാടിന്റെ ഭാവി തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. എന്‍.ഡി.എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എ.എന്‍. രാധാകൃഷ്‌ണന്‍, ട്വന്റി ട്വന്റി ചെയര്‍മാന്‍ സാബു ജേക്കബ്, ശിവസേന സംസ്‌ഥാന പ്രസിഡന്റ് അഡ്വ.പേരൂര്‍ക്കട ഹരികുമാര്‍, ജെ.എസ്‌്.എസ് സംസ്‌ഥാന പ്രസിഡന്റ് എ.വി താമരാക്ഷന്‍, നാഷണലിസ്‌റ്റ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിള മാത്യൂസ്, കേരള കാമരാജ് കോണ്‍ഗ്രസ് പ്രസിഡന്റ് വിഷ്‌ണുപുരം ചന്ദ്രശേഖര്‍, സോഷ്യലിസ്‌റ്റ് ജനതാദള്‍ പ്രസിഡന്റ് വി.വി. രാജേന്ദ്രന്‍, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രസിഡന്റ് കെ.ടി തോമസ്, പത്മജ വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.