-->
ധാക്ക: ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി താരിഖ് റഹ്‌മാന്‍ നാളെ സത്യപ്രതിജ്‌ഞ ചെയ്യും. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ള ചടങ്ങില്‍ സംബന്ധിക്കും. 13 രാജ്യങ്ങളിലെ ഭരണാധികാരികളെ സത്യപ്രതിജ്‌ഞാ ചടങ്ങിലേക്ക് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ് ക്ഷണിച്ചിട്ടുണ്ട്.
ഇന്ത്യ, ചൈന, സൗദി അറേബ്യ, പാകിസ്‌താന്‍, തുര്‍ക്കി, യു.എ.ഇ, ഖത്തര്‍, മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, നേപ്പാള്‍, മാലദ്വീപ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ക്കാണു ക്ഷണമുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും മുംബൈയിലെ മുന്‍ നിശ്‌ചയിച്ച പരിപാടികള്‍ കാരണം അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയില്ല.
ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാര്‍ട്ടി (ബി.എന്‍.പി.) ചെയര്‍മാന്‍ കൂടിയായ താരിഖ് റഹ്‌മാന് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.എം.എം. നാസിറുദ്ദീനായിരിക്കും. ചടങ്ങ് ബംഗ്ലാദേശ് പാര്‍ലമെന്റ് ഹൗസിന്റെ തെക്കന്‍ പ്ലാസയില്‍വച്ച് നടക്കുമെന്നാണ് അറിയിപ്പ്. ബ്രിട്ടനില്‍ 17 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം, കഴിഞ്ഞ ഡിസംബറിലാണു താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയത്.