Wednesday, March 11, 2026 Last Updated 33 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.28 PM

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം; 11 പലസ്‌തീന്‍കാര്‍ കൊല്ലപ്പെട്ടു

ടെല്‍അവീവ്‌: ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 11 പലസ്‌തീന്‍പൗരന്‍മാര്‍ കൊല്ലപ്പെട്ടു.
ഹമാസ്‌ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന്‌ മറുപടിയായാണു ഭീകരകേന്ദ്രങ്ങളെ ആക്രമിച്ചതെന്നും ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ തുരങ്കത്തില്‍നിന്ന്‌ പുറത്തുവന്ന സായുധ പോരാളികളെ വധിച്ചതായും ഇസ്രയേല്‍ പ്രതിരോധസേന(ഐ.ഡി.എഫ്‌) അറിയിച്ചു. വടക്കന്‍ ഗാസയിലെ അഭയാര്‍ത്ഥി കൂടാരങ്ങള്‍ക്ക്‌ നേരേയുണ്ടായ ആക്രമണത്തില്‍ ആറു പേരും, തെക്കന്‍ ഗാസയിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ അഞ്ചു പേരും കൊല്ലപ്പെട്ടതായി പലസ്‌തീന്‍ റെഡ്‌ ക്രസന്റ്‌ വ്യക്‌തമാക്കി.ഒക്‌ടോബര്‍ 10-ന്‌ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നതായി ഇസ്രയേലും ഹമാസും പരസ്‌പരം ആരോപിക്കുന്നുണ്ട്‌. വെടിനിര്‍ത്തല്‍കരാര്‍ നിലവില്‍ വന്നതിനു ശേഷം ഇതുവരെ കുറഞ്ഞത്‌ 600 പേരെങ്കിലും കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ മാസമാദ്യം ഗാസയിലുടനീളം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടു.
അമേരിക്കയുടെ മധ്യസ്‌ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനുള്ള തയാറെടുപ്പുകള്‍ക്കിടയിലാണ്‌ പുതിയ ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത്‌. അതിര്‍ത്തി മേഖലകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഹമാസിനെ നിരായുധീകരിക്കുന്നതിനും രാജ്യാന്തര സേനയെ വിന്യസിക്കാനുമായി ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അംഗീകാരമുള്ള 'ബോര്‍ഡ്‌ ഓഫ്‌ പീസ്‌' എന്ന പുതിയ സമിതി രൂപീകരിക്കുമെന്ന്‌ കഴിഞ്ഞ മാസം യുഎസ്‌. പ്രസിഡന്റ്‌ ഡോണാള്‍ഡ്‌ ട്രംപ്‌ പ്രഖ്യാപിച്ചിരുന്നു.
ഈ മാസം 19-ന്‌ സമിതിയുടെ ആദ്യയോഗം വാഷിങ്‌ടണില്‍ ചേരുമെന്നാണു റിപ്പോര്‍ട്ട്‌. യുദ്ധാനന്തര പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും ഗാസയില്‍ പുതിയ സാങ്കേതിക പലസ്‌തീന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും ഈ സമിതി മേല്‍നോട്ടം വഹിക്കും. ഗാസയിലേക്ക്‌ 8,000 സൈനികരെ അയക്കുമെന്ന്‌ ബോര്‍ഡ്‌ ഓഫ്‌ പീസില്‍ അംഗമായ ഇന്തോനീഷ്യ കഴിഞ്ഞയാഴ്‌ച പ്രഖ്യാപിച്ചിരുന്നു.

Ads by Google
Sunday 15 Feb 2026 11.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW