Wednesday, March 11, 2026 Last Updated 35 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.28 PM

വിട്ടുവീഴ്‌ചയ്‌ക്കു തയാര്‍; പന്ത്‌ യു.എസിന്റെ കോര്‍ട്ടില്‍: ഇറാന്‍

ടെഹ്‌റാന്‍: ഇറാനുമായി ആണവകരാര്‍ ഒപ്പിടുന്നതില്‍ പരാജയപ്പെട്ടാല്‍ സൈനികനടപടിക്കു സാധ്യതയെന്ന മുന്നറിയിപ്പുമായി യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. ഇതിനുപിന്നാലെ, യു.എസുമായുള്ള ആണവ കരാര്‍ പുനരുജ്‌ജീവിപ്പിക്കാനായി വിട്ടുവീഴ്‌ചകള്‍ പരിഗണിക്കാമെന്നും എന്നാല്‍, ഉപരോധങ്ങള്‍ നീക്കുന്നതിനെക്കുറിച്ച്‌ സംസാരിക്കാന്‍ വാഷിങ്‌ടണ്‍ തയാറാകണമെന്നും ഇറാന്‍ വ്യക്‌തമാക്കി. കരാര്‍ രൂപീകരിക്കുന്നതില്‍ അമേരിക്കയുടെ കോര്‍ട്ടിലാണു പന്തെന്നും ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മാജിദ്‌ തഖ്‌ത്‌-റവാഞ്ചി പറഞ്ഞു. ചര്‍ച്ചകള്‍ സ്‌തംഭിച്ചതിന്റെ പേരില്‍ ഇരുപക്ഷവും പരസ്‌പരം കുറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണ്‌ റവാഞ്ചിയുടെ പ്രതികരണം. ചര്‍ച്ചകള്‍ മന്ദഗതിയിലാക്കുന്നത്‌ ഇറാനാണെന്ന്‌ യു.എസ്‌. ഉദ്യോഗസ്‌ഥര്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, യു.എസില്‍നിന്നു തങ്ങള്‍ വ്യക്‌തമായ സൂചന പ്രതീക്ഷിക്കുകയാണെന്നു റാവഞ്ചി പറഞ്ഞു. അവര്‍ക്ക്‌ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ കരാറിന്റെ വഴിയിലേക്കു നീങ്ങുമെന്ന്‌ ഉറപ്പാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
സമ്പുഷ്‌ട യുറേനിയം ശേഖരം ഉള്‍പ്പെടെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ചര്‍ച്ചയ്‌ക്കു തയാറാണ്‌. എന്നാല്‍, ഉപരോധങ്ങള്‍ നീക്കുന്നതും സംഭാഷണത്തിന്റെ ഭാഗമാകണം. 60 ശതമാനം സമ്പുഷ്‌ടീകരിച്ച യുറേനിയം നേര്‍പ്പിക്കമെന്നു വിട്ടുവീഴ്‌ചയുടെ ഭാഗമായി ഞങ്ങള്‍ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.-റാവഞ്ചി പറഞ്ഞു. എല്ലാ ഉപരോധങ്ങളും പിന്‍വലിക്കണോ അതോ ചിലത്‌ പിന്‍വലിക്കാനാണോ ഇറാന്‍ ആഗ്രഹിക്കുന്നതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കിയില്ല. 60% സമ്പുഷ്‌ട യുറേനിയം കൈവശമുള്ള ഇറാന്‍ ആണവായുധ നിര്‍മാണത്തിലേക്കു നീങ്ങുകയാണെന്നാണ്‌ പാശ്‌ചാത്യരാജ്യങ്ങള്‍ സംശയിക്കുന്നത്‌. 2015 ലെ ആണവ കരാറിനു കീഴിലുള്ളതുപോലെ, 400 കിലോഗ്രാമില്‍ കൂടുതല്‍ സമ്പുഷ്‌ടമായ യുറേനിയം രാജ്യത്തുനിന്നു മാറ്റുമോ എന്ന ചോദ്യത്തിന്‌ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ സമയമായിട്ടില്ലെന്ന്‌ റാവഞ്ചി പ്രതികരിച്ചു. അതേ സമയം, ഇറാനുമായി കരാറിലെത്തുക എന്നത്‌ കടുപ്പമുള്ള കാര്യമാണെന്നു യു.എസ്‌. സ്‌റ്റേറ്റ്‌ സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. പ്രസിഡന്റ്‌ ട്രംപ്‌ ഒരു കരാര്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍, ഇറാനുമായി ഒരു കരാര്‍ "പൂര്‍ത്തിയാക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും റൂബിയോ പറഞ്ഞു.
ഈ മാസമാദ്യം ഒമാനില്‍വച്ച്‌ യു.എസും ഇറാനും പരോക്ഷ ചര്‍ച്ചകള്‍ നടത്തിയിരുന്നു. രണ്ടാംവട്ട ചര്‍ച്ചകള്‍ ഈയാഴ്‌ച ജനീവയില്‍വച്ചു നടക്കുമെന്നാണു സൂചന. ഇറാന്‍ അവരുടെ ആണവ പരിപാടിയിലെ നിയന്ത്രണങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ബലപ്രയോഗം നടത്തുമെന്ന്‌ ട്രംപ്‌ ഭീഷണി തുടരുന്നതിനിടെ, യു.എസ്‌. യുദ്ധക്കപ്പലുകളും മേഖലയിലേക്കു നീങ്ങുന്നുണ്ട്‌. അതേ സമയം, ഇറാനെതിരേ ആഴ്‌ചകളോളം നീണ്ടുനില്‍ക്കുന്ന ദൗത്യത്തിനു യു.എസ്‌. സൈന്യം തയാറെടുക്കുകയാണെന്നു റിപ്പോര്‍ട്ടുണ്ട്‌. സൈനിക നടപടിക്ക്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ നിര്‍ദേശം മാത്രം മതിയാകുമെന്ന്‌ രണ്ട്‌ യു.എസ്‌. ഉദ്യോഗസ്‌ഥര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. മേഖലയില്‍ യു.എസിന്റെ സൈനിക ശക്‌തി വര്‍ധിപ്പിച്ചിട്ടുണ്ട്‌. ഇത്‌ പുതിയ സൈനിക നടപടിക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഒരു വിമാനവാഹിനിക്കപ്പല്‍ കൂടി മേഖലയിലേക്ക്‌ യു.എസ്‌. അയച്ചിട്ടുണ്ട്‌. ആയിരക്കണക്കിന്‌ സൈനികരും യുദ്ധവിമാനങ്ങള്‍, ഗൈഡഡ്‌ മിസൈല്‍ ഡിസ്‌ട്രോയറുകള്‍, ആക്രമണങ്ങള്‍ നടത്താനും അവയെ പ്രതിരോധിക്കാനും ശേഷിയുള്ള മറ്റ്‌ ആയുധങ്ങളും എന്നിവയും ഉടന്‍ ഇറാനു സമീപമെത്തും. നോര്‍ത്ത്‌ കരോലിനയിലെ ഒരു താവളത്തില്‍ യു.എസ്‌. സൈനികരെ അഭിസംബോധന ചെയ്യവേ ഇറാനില്‍ ഭരണമാറ്റത്തിനുള്ള സാധ്യത ട്രംപ്‌ തുറന്നുപറഞ്ഞിട്ടുണ്ട്‌. ഇറാനില്‍ ആര്‌ ഭരണം നടത്തണമെന്ന്‌ അദ്ദേഹം വെളിപ്പെടുത്തിയില്ല, പക്ഷേ 'ആളുകളുണ്ട്‌' എന്ന്‌ പറഞ്ഞു.47 വര്‍ഷമായി അവര്‍ 'സംസാരിച്ചുകൊണ്ടിരിക്കുന്നതായി' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനില്‍ കരസേനയെ അയക്കുന്നതിനെക്കുറിച്ച്‌ ട്രംപിന്‌ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്‌. നിലവില്‍ ഇറാനു സമീപം നിലയുറപ്പിച്ചിരിക്കുന്ന യു.എസ്‌. സൈനിക ശക്‌തി പ്രധാനമായും വ്യോമ, നാവിക സേനാ വിഭാഗങ്ങളുടെ ആക്രമണ സാധ്യതകളാണ്‌ സൂചിപ്പിക്കുന്നത്‌. നീണ്ടുനില്‍ക്കുന്ന യു.എസ്‌. സൈനിക നീക്കത്തിനുള്ള തയാറെടുപ്പുകളെക്കുറിച്ചുള്ള ചോദ്യത്തിന്‌ പ്രസിഡന്റ്‌ ട്രംപിന്‌ ഇറാനുമായി ബന്ധപ്പെട്ട്‌ എല്ലാ സാധ്യതകളും മുന്നിലുണ്ടെന്നായിരുന്നു വൈറ്റ്‌ ഹൗസ്‌ വക്‌താവ്‌ അന്ന കെല്ലിയുടെ മറുപടി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആസൂത്രണം കൂടുതല്‍ സങ്കീര്‍ണമാണെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

Ads by Google
Sunday 15 Feb 2026 11.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW