-->
ലണ്ടന്‍: റഷ്യയുടെ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ വിമര്‍ശകനുമായ അലക്‌സി നാവല്‍നിയുടെ കൊലപാതകത്തില്‍ പുതിയ ആരോപണവുമായി അഞ്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. നവല്‍നിയുടെ മൃതദേഹത്തില്‍ തെക്കന്‍ അമേരിക്കയിലെ വിഷത്തവളകളില്‍ കാണുന്ന 'എപ്പിബാറ്റിഡിന്‍' എന്ന വിഷവസ്‌തുവിന്റെ സാന്നിധ്യം ഉണ്ടെന്നു യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങള്‍ സംയുക്‌തമായി പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. ഈ വിഷവസ്‌തു സ്വാഭാവികമായി റഷ്യയില്‍ കാണപ്പെടുന്നില്ല.
'നാവല്‍നിയെ ലക്ഷ്യമിടാന്‍ ഈ മാരകമായ വിഷവസ്‌തു ഉപയോഗിച്ചതായി റഷ്യന്‍ ഭരണകൂടത്തിന് അറിയാം, ഇത് അവരുടെ പ്രതിപക്ഷത്തോടുള്ള ഭയമാണ് കാണിക്കുന്നത്'- യു.കെയുടെ വിദേശകാര്യ ഓഫീസ് ആരോപിച്ചു.
ഈ വിഷം നല്‍കാന്‍ റഷ്യക്ക് മാര്‍ഗ്ഗവും, ലക്ഷ്യവും, അവസരവും ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന്, രാസായുധ ഉടമ്പടി ലംഘിച്ചതിന് റഷ്യയ്‌ക്കെതിരേ ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സില്‍ (ഒ.പി.സി.ഡബ്ല്യു) റിപ്പോര്‍ട്ട് ചെയ്‌തതായും യു.കെ. അറിയിച്ചു. 'നാവല്‍നിയെ റഷ്യ ഒരു ഭീഷണിയായി കണ്ടു. ഇത്തരം വിഷം ഉപയോഗിക്കുന്നതിലൂടെ റഷ്യന്‍ ഭരണകൂടം തങ്ങളുടെ രാഷ്‌ട്രീയ എതിര്‍പ്പിനോടുള്ള ഭയവും പ്രകടിപ്പിച്ചു.'- ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെറ്റ് കൂപ്പര്‍ ആരോപിച്ചു. തന്റെ ഭര്‍ത്താവിന്റെ കൊലപാതകം ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ട വസ്‌തുതയാണെന്ന് അദ്ദേഹത്തിന്റെ വിധവയായ യൂലിയ നവല്‍നയ പ്രതികരിച്ചു. 2024ല്‍ ആര്‍ട്ടിക് ജയിലില്‍വച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്.'രണ്ട് വര്‍ഷം മുമ്പ് ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍, അന്ന് അതൊക്കെ വാക്കുകള്‍ മാത്രമായിരുന്നു. ഇന്ന് ഈ വാക്കുകള്‍ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ട വസ്‌തുതകളായി മാറിയിരിക്കുന്നു.' - അവര്‍ പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനെതിരേ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും അഴിമതിക്കെതിരേ പോരാടുകയും ചെയ്‌ത വ്യക്‌തിയായിരുന്നു നാവല്‍നി. 19 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെയായിരുന്നു മരണം. കേസുകള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
2024 ഫെബ്രുവരിയില്‍ ആര്‍ട്ടിക് പെനല്‍ കോളനിയില്‍ അദ്ദേഹം മരിച്ചു. എന്നാല്‍, റഷ്യന്‍ അധികൃതര്‍ അവകാശപ്പെട്ടത്, അദ്ദേഹം ഒരു നടത്തത്തിന് ശേഷം അസുഖബാധിതനാകുകയും സ്വാഭാവിക കാരണങ്ങളാല്‍ മരിക്കുകയുമായിരുന്നു എന്നാണ്. നാവല്‍നിക്ക് 2020ലും വിഷബാധയേറ്റിരുന്നു. ഇതിന് അദ്ദേഹം പുടിനെ കുറ്റപ്പെടുത്തിയിരുന്നു. ജര്‍മനിയിലെത്തിച്ചാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത്. അഞ്ച് മാസങ്ങള്‍ക്ക് ശേഷം റഷ്യയിലേക്ക് തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം അറസ്‌റ്റ് ചെയ്യപ്പെട്ടു. വൈകാതെ 19 വര്‍ഷത്തെ ജയില്‍ശിക്ഷ പ്രഖ്യാപിച്ചു.