-->
വാഷിങ്‌ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്‍ ജയിലിനുള്ളില്‍ കൊല്ലപ്പെട്ടതെന്ന് അഭ്യൂഹം. ജയിലിനുള്ളില്‍ അയാള്‍ ജീവനൊടുക്കിയതാണെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.
എപ്‌സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരില്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുതല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ര്‍ സ്‌റ്റാര്‍മര്‍ കുടുക്കിലായിരിക്കെയാണു പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 2019 ലെ കേസില്‍ വിചാരണ കാത്ത് ജയിലില്‍ കഴിയുമ്പോഴായിരുന്നു എപ്‌സ്റ്റീന്റെ മരണം.
അയാള്‍ മരിച്ച ദിവസത്തെ സി.സി.ടിവി ദൃശ്യങ്ങളാണു സംശയത്തിനു കാരണമായത്. വീഡിയോ ദൃശ്യത്തില്‍ ഓറഞ്ച് നിറമുള്ള നിഴലിന്റെ ചലനം വ്യക്‌തമാണ്. പടികള്‍ കടന്ന് ആ നിഴല്‍ എപ്‌സ്റ്റീന്റെ സെല്ലിന് അടുത്തെത്തുന്നതായി ദൃശ്യത്തിലുണ്ട്. ജയിലിലുള്ള തടവുകാര്‍ക്ക് ഓറഞ്ച് നിറത്തിലുള്ള വസ്‌ത്രങ്ങളാണു നല്‍കുന്നത്. രാത്രി 10.39 നായിരുന്നു ഓറഞ്ച് വസ്‌ത്രധാരിയുടെ സഞ്ചാരം. ആ സമയത്ത് ജയില്‍പുള്ളികള്‍ക്ക് പുറത്തുകൂടെ സഞ്ചരിക്കാന്‍ അനുമതിയില്ല. എട്ട് മണിക്കൂറിനുള്ളില്‍, 66 വയസ്സുള്ള എപ്‌സ്റ്റീന്റെ മൃതദേഹം ജയിലിന്റെ 'ടയര്‍ എല്‍' എന്ന വിഭാഗത്തിലെ സെല്ലില്‍ കണ്ടെത്തി. ആരാണ് ഓറഞ്ച് വസ്‌ത്രധാരിയെന്നാണ് അന്വേഷണം.
ഈ നിഗൂഢമായ 'ഓറഞ്ച് നിഴല്‍' എപ്‌സ്റ്റീന്‍ ആത്മഹത്യ ചെയ്‌തെന്ന ഔദ്യോഗിക നിഗമനത്തെ ചോദ്യം ചെയ്യുന്ന നിരവധി വിശദാംശങ്ങളില്‍ ഒന്ന് മാത്രമാണ്. എപ്‌സ്റ്റീന്‍ മരിക്കുന്നതിന് മുമ്പ് ഔദ്യോഗിക മരണ അറിയിപ്പ് തയാറാക്കിയെന്നും വാദമുണ്ട്. ഇതു കൂട്ടായ പ്രവര്‍ത്തിയിലൂടെയാണ് അയാള്‍ കൊല്ലപ്പെട്ടതെന്ന വാദത്തിനു കരുത്തു പകരുന്നതായി ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ പറയുന്നു. എപ്‌സ്റ്റീന്‍ റഷ്യന്‍ ക്രിമിനലുകള്‍ക്ക് വേണ്ടി പണം വെളുപ്പിക്കുകയായിരുന്നെന്നും, ക്രെംലിന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടി നേതാക്കളെ ബ്ലാക്ക്‌മെയില്‍ ചെയ്‌ത് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസില്‍ വിചാരണയ്‌ക്ക് മുമ്പ് അയാളെ നിശബ്‌ദനാക്കാന്‍ ശ്രമിച്ചതാണെന്ന് പലരും വിശ്വസിക്കുന്നു. ധനികനും സ്വാധീനമുള്ളവരുമായ നിരവധി വ്യക്‌തികളുമായി എപ്‌സ്റ്റീന് ബന്ധമുണ്ടായിരുന്നു, അവരുമായുള്ള അടുപ്പത്തെക്കുറിച്ച് അയാള്‍ പലപ്പോഴും ഭീഷണി മുഴക്കിയിരുന്നതായും അറിയുന്നു. പരസ്യമായി സംസാരിക്കുന്നതിന് മുമ്പ് ഒരാളോ അതിലധികമോ വ്യക്‌തികള്‍ അയാളെ നിശബ്‌ദനാക്കാന്‍ ശ്രമിച്ചിരിക്കാം. 2019 ജൂലൈ 23 അയാളുടെ സെല്ലില്‍ ആത്മഹത്യക്ക് തയാറാക്കുന്നപോലുള്ള കുരുക്ക് കണ്ടിരുന്നു. അതേത്തുടര്‍ന്ന് എപ്‌സ്റ്റീനെ ആത്മഹത്യാ നിരീക്ഷണത്തിലാക്കിയിരുന്നു. നിരീക്ഷണങ്ങള്‍ക്കിടയിലും അയാള്‍ കൊല്ലപ്പെട്ടതാണു സംശയം വര്‍ധിപ്പിക്കുന്നത്.