-->
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി സ്‌ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് തന്നെ ചൈനയ്‌ക്കും പാകിസ്‌താനും വാഗ്‌ദാനങ്ങളുമായി ബി.എന്‍.പി. നേതാവ് താരീഖ് റഹ്‌മാന്‍. ചൈനയുമായുള്ള വ്യാപാരം, നിക്ഷേപം, അടിസ്‌ഥാന സൗകര്യങ്ങള്‍, കണക്‌റ്റിവിറ്റി എന്നിവയില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ തയാറാണെന്ന് അദ്ദേഹം അറിയിച്ചു.
ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ താരീഖ് റഹ്‌മാനും ബി.എന്‍.പിയും നേടിയ വിജയത്തില്‍ അഭിനന്ദനം അറിയിച്ചുള്ള ചൈനീസ് വക്‌താവിന്റെ ട്വീറ്റിന് മറുപടിയായാണ് ഈ വാഗ്‌ദാനങ്ങള്‍ നല്‍കിയത്. ചൈന അവരുടെ അഭിനന്ദന സന്ദേശത്തില്‍, അയല്‍ക്കാരും സുഹൃത്തുക്കളും എന്ന നിലയില്‍ ബംഗ്ലാദേശിന്റെ ആഭ്യന്തര രാഷ്‌ട്രീയ ശക്‌തിയെ പിന്തുണയ്‌ക്കുന്നതായി അറിയിച്ചു.
'ദേശീയ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതും സാമ്പത്തിക പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതും ഇരു ജനതയ്‌ക്കും പ്രത്യക്ഷമായ പ്രയോജനങ്ങള്‍ നല്‍കുന്നതുമായ സഹകരണത്തെ ബംഗ്ലാദേശ് സ്വാഗതം ചെയ്യുന്നു.
വ്യാപാരം, നിക്ഷേപം, അടിസ്‌ഥാന സൗകര്യങ്ങള്‍, കണക്‌റ്റിവിറ്റി എന്നിവയില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിലവിലുള്ളതും ഭാവിയിലുള്ളതുമായ സംരംഭങ്ങള്‍, പ്രത്യേകിച്ച് ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതികള്‍, ബംഗ്ലാദേശിന്റെ വികസന മുന്‍ഗണനകളുമായും ദീര്‍ഘകാല സാമ്പത്തിക സ്‌ഥിരതയുമായും യോജിക്കുന്നുണ്ടെന്ന് ഉറപ്പാക്കും'. - ചൈനയ്‌ക്കുള്ള സന്ദേശത്തില്‍ താരീഖ് റഹ്‌മാന്‍ വ്യക്‌തമാക്കി.
പാകിസ്‌താനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള താല്‍പര്യമാണ് അദ്ദേഹം അറിയിച്ചത്. ഷെഹ്‌ബാസ് ഷെരീഫിന്റെ അഭിനന്ദന സന്ദേശത്തിന് മറുപടിയായി, 'സമീപകാലത്ത് നമ്മുടെ ബന്ധങ്ങളില്‍ ഉണ്ടായിട്ടുള്ള നല്ല മുന്നേറ്റത്തെ ബംഗ്ലാദേശ് അംഗീകരിക്കുന്നു. പരസ്‌പര ബഹുമാനം, പരമാധികാര സമത്വം, ക്രിയാത്മകമായ സംഭാഷണം എന്നിവ അടിസ്‌ഥാനമാക്കി മുന്നോട്ട് നോക്കുന്ന ഒരു ബന്ധം വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ തയാറാണ്. ദക്ഷിണേഷ്യയിലെ പ്രാദേശിക സമാധാനത്തിനും സ്‌ഥിരതയ്‌ക്കും പങ്കിട്ട പുരോഗതിക്കും സംഭാവന നല്‍കുന്ന പ്രായോഗിക സഹകരണത്തിനുള്ള വഴികള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.' - അദ്ദേഹം കുറിച്ചു.
ഷെയ്‌ഖ് ഹസീനയുടെ സര്‍ക്കാര്‍ വീണതിന് ശേഷം ചൈന ബംഗ്ലാദേശില്‍ അതിവേഗം തങ്ങളുടെ സ്വാധീനം വര്‍ധിപ്പിച്ചിട്ടുണ്ട്. ബി.ആര്‍.ഐ. പദ്ധതിക്കായി ചൈന ബംഗ്ലാദേശില്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ ഷെയ്‌ഖ് ഹസീന എപ്പോഴും ഇന്ത്യയുടെ ആശങ്കകള്‍ പരിഗണിക്കുമായിരുന്നു. ബംഗ്ലാദേശിലെ 27 പവര്‍ പ്ലാന്റുകളുടെ നിര്‍മാണത്തില്‍ ചൈന സഹകരിച്ചിട്ടുണ്ട്. ഇതുവരെ, ചൈനീസ് വായ്‌പകളും സാങ്കേതികവിദ്യയും ഉപയോഗിച്ച് ബംഗ്ലാദേശില്‍ 12 റോഡുകളും 21 പാലങ്ങളും നിര്‍മിച്ചിട്ടുണ്ട്. കൂടാതെ, ചൈന ബംഗ്ലാദേശിന്റെ ടെലികോം നെറ്റ്‌വര്‍ക്കിലും ഡേറ്റാ സെന്ററുകളിലും വലിയ നിക്ഷേപം നടത്തുന്നുണ്ട്.
മാര്‍ച്ച് 2025 നും ജനുവരി 2026 നും ഇടയില്‍, ചൈന ബംഗ്ലാദേശിന് 210 കോടി ഡോളര്‍ വായ്‌പ നല്‍കി. ഇത് ബംഗ്ലാദേശിലെ ചൈനയുടെ ആകെ നിക്ഷേപം 4200 കോടി ഡോളറിന് മുകളിലാക്കുന്നു. കൂടാതെ, ബംഗ്ലാദേശിന്റെ സാമ്പത്തിക സ്‌ഥിതി കണക്കിലെടുത്ത്, ബി.ആര്‍.ഐ. വായ്‌പകളുടെ നിബന്ധനകള്‍ ലഘൂകരിക്കാന്‍ ചൈന സമ്മതിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 2028 വരെ ബംഗ്ലാദേശിന്റെ 99% ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് രഹിത പ്രവേശനം ചൈന നീട്ടിയിട്ടുണ്ട്. ഇത് ബംഗ്ലാദേശിന്റെ കയറ്റുമതി വര്‍ധിപ്പിക്കും. ഇരു രാജ്യങ്ങളും പ്രതിരോധ മേഖലയിലും വലിയ തോതില്‍ സഹകരിക്കുന്നുണ്ട്.