Tuesday, March 10, 2026 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.31 PM

ഈ വരികളില്‍ വിരിയും ക്യാപ്‌സ്യൂള്‍ കവിതകളുടെ സൗകുമാര്യം

uploads/news/2026/02/825463/sp2.jpg

കുഞ്ചന്‍ നമ്പ്യാരേയും കവി കുഞ്ഞുണ്ണിയെയും ഇഷ്‌ട ഗുരുക്കളായി കാണുന്ന കവി. നര്‍മത്തിലൂടെയും പരിഹാസത്തിലൂടേയും സമൂഹത്തിലെ വിവേചനങ്ങളോട്‌ പോരടിക്കുന്ന കവി. തനിക്ക്‌ സംവദിക്കാന്‍ ചുരുങ്ങിയ വാക്കുകള്‍ അറിവിന്റെ അക്ഷരജാലകങ്ങളിലൂടെ തുറന്നിട്ട കവി. ഇത്‌ സുകുമാര്‍ അരിക്കുഴ. ക്യാപ്‌സ്യൂള്‍ കവിതകളുടെ സൗകുമാര്യം മലയാളിക്ക്‌ സമ്മാനിച്ച വ്യക്‌തി. എട്ടു ക്യാപ്‌സ്യൂള്‍ കവിതകളും ഒരു ലേഖന സമാഹരവും കൈമുതലായുള്ള സുകുമാര്‍ അരിക്കുഴയ്‌ക്ക് എഴുത്ത്‌ ഒരു സപര്യ തന്നെയാണ്‌.
1951 മേയ്‌ 30 ന്‌ തൊടുപുഴയ്‌ക്ക് അടുത്ത്‌ അരിക്കുഴ ഗ്രാമത്തില്‍ കല്ലമ്പിള്ളില്‍ ശങ്കരന്റേയും ഗൗരിയുടേയും രണ്ടാമത്തെ മകനായായിരുന്നു ജനനം. ആദ്യക്ഷരം കുറിച്ചത്‌ അച്‌ഛന്റെ കളരിയില്‍. അരിക്കുഴ സര്‍ക്കാര്‍ സ്‌കൂളിലും മണക്കാട്‌ എന്‍.എസ്‌.എസ്‌. ഹൈസ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം. 18-ാം വയസില്‍ അരിക്കുഴ സര്‍വീസ്‌ സഹകരണ ബാങ്കില്‍ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച സുകുമാര്‍ അരിക്കുഴ പീന്നീട്‌ ജില്ലാ സഹകരണ ബാങ്കില്‍ ക്ലര്‍ക്കായി. ജോലികള്‍ക്കിടയിലും ചെറുപ്പത്തില്‍ പാരഡി ഗാനങ്ങളോടുള്ള ഇഷ്‌ടം അദ്ദേഹം കൈവിട്ടിരുന്നില്ല. ഇതു പിന്നീട്‌് കാച്ചിക്കുറുക്കിയ കവിതകളായി മാറി. 2004ല്‍ സ്വപ്‌ന സാക്ഷാല്‍ക്കാരം എന്ന പോല്‍ 'സുകുമാര്‍ അരിക്കുഴയുടെ കവിതകള്‍' എന്ന പേരില്‍ ആദ്യ ക്യാപ്‌സ്യൂള്‍ കവിതകളുടെ സമാഹാരം പുറത്തിറങ്ങി. ഇതിനിടെ മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ സോഷ്യോളജിയില്‍ ബി.എയും കര്‍ണാടക സര്‍വകലാശാലയില്‍ നിന്ന്‌ എല്‍എല്‍.ബിയും അദ്ദേഹം കരസ്‌ഥമാക്കി.
കാ്യപ്‌സ്യൂള്‍ കവിതകള്‍, അരിക്കുഴ കവിതകള്‍, സ്വര്‍ണപ്പനി, കുത്തുവാക്കുകളുടെ കൊത്തു പണി, ധനം ജനാധിപത്യം, അഖണ്ഡ ബോധേശ്വരന്‍, കടുകും കടലും എന്നിവയാണ്‌ കവിതകള്‍. 'വിവേചനം എന്ന വൈറസ്‌' എന്ന ലേഖന സമാഹാരവുമുണ്ട്‌.
സമബുദ്ധിയാണ്‌ ഏറ്റവും ഉദാത്തമായ ആദ്ധ്യാത്മികത എന്നു വിശ്വസിക്കുന്ന കവി തന്റെ കവിതകളിലൂടെ എല്ലാത്തരം അസമബുദ്ധി പെരുമാറ്റങ്ങളേയും എതിര്‍ക്കുന്നു. ചാതുര്‍വര്‍ണ്യത്തോളം പോന്ന അശ്ലീലം വേറെയില്ലെന്നാണ്‌ കവിയുടെ വാക്കുകള്‍. യാത്രകളിലുടെ മാതൃരാജ്യത്തെ അറിഞ്ഞ ഈ പച്ച മനുഷ്യന്‍ ഇന്നും അനീതിയും അയിത്തവും തുടച്ചു നീക്കാന്‍ കഴിയാത്ത ഭരണവര്‍ഗത്തോട്‌ കലഹിച്ചു കൊണ്ടിരിക്കുന്നു. രണ്ടോ നാലോ ആറോ വരികളില്‍ ആശയങ്ങള്‍ പങ്കുവയ്‌ക്കുന്നതാണ്‌ സുകുമാര്‍ അരിക്കുഴയുടെ കവിതകളുടെ പ്രത്യേകതകള്‍.
സ്വര്‍ണപ്പനി എന്ന സമാഹാരത്തില്‍ ടാങ്കും ടാപ്പും എന്ന ശീര്‍ഷകത്തില്‍ കവി പറഞ്ഞു വയ്‌ക്കുന്നു:
'ടാങ്കിലുള്ളതേ ടാപ്പില്‍ വരൂയെന്ന്‌,
ഉള്ളിലുള്ളതേ നാവില്‍ വരൂയെന്ന്‌,
ഓര്‍ത്തിരിക്കുന്നതേറ്റം ഗുണപ്രദം'
ഈ കെട്ട കാലത്തെ മൂല്യച്യുതിയെ ഓര്‍മിപ്പിക്കുന്ന വാക്കുകള്‍ ധനം ജനാധിപത്യം എന്ന സമാഹാരത്തില്‍ ഉള്ളടക്കം ചെയ്‌തിരിക്കുന്നു:
'പണം കൊടുത്താല്‍ നീതി ലഭിക്കും
കൊടുത്തില്ലേലനീതിയും
എന്നൊരു കാലത്തല്ലേ നമ്മള്‍
ജീവിതമുന്തിത്തള്ളുന്നു.'

ഭരണ-ഉദ്യോഗസ്‌ഥ വര്‍ഗത്തിനൊപ്പം സ്വന്തം നിയോഗം തിരിച്ചറിഞ്ഞിട്ടും സ്വാര്‍ഥ താല്‍പര്യങ്ങള്‍ മൂലം മൗനം പാലിക്കുന്നവരായി എഴുത്താളര്‍ മാറിയതായി കവി സാഹിത്യകാന്‍മാരേയും വിമര്‍ശന വിധേയമാക്കാന്‍ മറക്കുന്നില്ല എന്നതും ശ്രദ്ധേയം.
കവിതകളിലൂടെ മാത്രമല്ല സുകുമാര്‍ അരിക്കുഴയുടെ സാമൂഹിക ഇടപെടല്‍. ജോലിയില്‍ നിന്ന്‌ വിരമിച്ച ദിവസം ബാങ്ക്‌ ഹെഡ്‌ ഓഫീസനു മുന്നില്‍ നിരാഹാര സമരം നടത്തിയ ചരിത്രമുണ്ട്‌ കവിക്ക്‌. സംസ്‌ഥാന-ജില്ല സഹകരണ ബാങ്ക്‌ ജീവനക്കാര്‍ക്ക്‌ പെന്‍ഷന്‍ നല്‍കാന്‍ ഉത്തരവിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതില്‍ യാത്രയയപ്പ്‌ ബഹിഷ്‌കരിച്ചായിരുന്നു സമരം. സമുദായം തിരിച്ചുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക പുറത്തുവിടണമെന്ന്‌ ആവശ്യപ്പെട്ട്‌ ഗാന്ധി വേഷത്തില്‍ ഏകാംഗ നിരാഹാരസമരവും ഇദ്ദേഹം നടത്തിയിരുന്നു. പെന്‍ഷന്‍കാര്യം നടപ്പാക്കിയ അന്നത്തെ സഹകരണമന്ത്രി ജി.സുധാകരനോടുള്ള നന്ദി ഇന്നും മനസില്‍ സൂക്ഷിക്കുന്നു.
കവിത ജീവിതത്തില്‍ ഇരുപതോളം അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌. 2011ല്‍ ഇടുക്കി ജില്ലയിലെ മികച്ച കവിയായി സര്‍ക്കാര്‍ അംഗീകാരം. 2015ല്‍ ശാസ്‌ത്ര സാഹിത്യ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ കവിമുദ്ര പുരസ്‌കാരം, 2017ലും 18ലും മൂവാറ്റുപുഴ സാഹിത്യവേദിയുടെ ക്യാപ്‌സ്യൂള്‍ കവിക്കുള്ള അംഗീകാരം, 2016ല്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ എസ്‌.ടി-എസ്‌.സി ഓര്‍ഗനൈസേഷസിന്റെ മഹാത്മ ഫുലേ അവാര്‍ഡ്‌ തുടങ്ങിയവയാണിവ.
ഇടുക്കി ജില്ലാ കണ്‍സ്യൂമേഴ്‌സ് വിജിലന്‍സ്‌ ഫോറം ഖജാന്‍ജി, ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ ഓഥേഴ്‌സ് സെക്രട്ടറി, ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇടുക്കി ചാപ്‌റ്റര്‍ വൈസ്‌ പ്രസിഡന്റ്‌, കേരള സാഹിത്യ വേദി സംസ്‌ഥാന കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിക്കുന്നു. കെ.സി. ശാരദയാണ്‌ ഭാര്യ. സാംജിയും പ്രേംജിയുമാണ്‌ മക്കള്‍. തന്റെ കടുകും കടലും എന്ന പുസ്‌തകത്തില്‍ 'അറിഞ്ഞതൊക്കെ കടുകോളം, അറിയാനുള്ളതത്‌ കടലോളം' എന്നു രചിച്ചതു പോലെ സുകുമാര്‍ അരിക്കുഴയുടെ ക്യാപ്‌സ്യൂള്‍ കവിതകളും കടലുപോലെ സാമൂഹ്യ തിന്‍മകള്‍ക്കെതിരേയുള്ള പോരാട്ടമായി പ്രകാശിക്കും.

വിനോദ്‌ കണ്ണോളി

Ads by Google
Saturday 14 Feb 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW