Tuesday, March 10, 2026 Last Updated 26 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.31 PM

മഹാതീര്‍ത്ഥ കാമാഖ്യ

uploads/news/2026/02/825462/sp1.jpg

പുലര്‍ച്ചെ ഗുവാഹത്തി നഗരത്തെ പുതച്ചിരുന്ന മഞ്ഞുപാളികള്‍ വകഞ്ഞുമാറ്റി ബ്രഹ്‌മപുത്രയുടെ തീരങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍, മനസ്സില്‍ ആദിയന്തമില്ലാത്ത ഒരു ആകാംക്ഷയായിരുന്നു. അസമിലെ പച്ചപ്പണിഞ്ഞ നിലാചല്‍ കുന്നുകള്‍ക്ക്‌ മുകളില്‍, ഭക്‌തിയും നിഗൂഢതയും ഒരേപോലെ അലിഞ്ഞുചേര്‍ന്ന കാമാഖ്യ എന്ന പുണ്യഭൂമി കാത്തിരിക്കുന്നു.
ക്ഷേത്രത്തിലേക്കുള്ള പടവുകള്‍ കയറുമ്പോള്‍ കാറ്റില്‍ അലിഞ്ഞുചേര്‍ന്ന ചന്ദനത്തിന്റെയും കര്‍പൂരത്തിന്റെയും ഗന്ധം മനസ്സിനെ മറ്റൊരു ലോകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോകും. നൂറ്റാണ്ടുകളുടെ പഴക്കം വിളിച്ചോതുന്ന കരിങ്കല്ലില്‍ തീര്‍ത്ത ശില്‍പങ്ങളും, ചുവന്ന പട്ടുടുപ്പുകള്‍ ധരിച്ചെത്തുന്ന തീര്‍ത്ഥാടകരും ആ പരിസരത്തിന്‌ ഒരു പ്രത്യേക ചൈതന്യം നല്‍കുന്നു. ഇന്ത്യയിലെ 51 ശക്‌തിപീഠങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി കാമാഖ്യ അറിയപ്പെടുന്നത്‌ വെറുതെയല്ല; ഇവിടെ കല്ലിലും മണ്ണിലും പ്രകൃതിയുടെ ആദിശക്‌തി തുടിക്കുന്നുണ്ടെന്ന്‌ ഓരോ സഞ്ചാരിയും തിരിച്ചറിയും.
നിലാചല്‍ കുന്നുകള്‍ക്ക്‌ മുകളിലെ ഈ വിസ്‌മയത്തെക്കുറിച്ച്‌ പറയുമ്പോള്‍, ഭാരതീയ പുരാണങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ ചരിത്രത്തെ മാറ്റിനിര്‍ത്താനാവില്ല. ഈ ക്ഷേത്രത്തിന്റെ ഐതീഹ്യം ഇങനെയാണ്‌...
ത്രിത്വത്തിലടിസ്‌ഥാനമായാണ്‌ -സൃഷ്‌ടി, സ്‌ഥിതി, സംഹാരം - ഹൈന്ദവ വിശ്വാസം; ബ്രഹ്‌മാ, വിഷ്‌ണു, മഹേശ്വര സങ്കല്‍പം. സൃഷ്‌ടി, സ്‌ഥിതി, സംഹാര മൂര്‍ത്തികളായി കരുതുന്ന ഇവരിലെ ശിവന്‍ ഒരു കാലത്ത്‌ ധ്യാനത്തില്‍ മുഴുകി. ബ്രഹ്‌മാവും വിഷ്‌ണുവും ചിന്താധീനരായി. ബ്രഹ്‌മാവ്‌ ദക്ഷപ്രജാപതിയോട്‌ പറഞ്ഞു ജഗന്‍മാതാ മഹാമായയെ അങ്ങയുടെ മകളായി ജന്‍മം നല്‍കിയ ശേഷം ശിവനെക്കൊണ്ട്‌ വിവാഹം കഴിപ്പിക്കുക. പ്രജാപതി സമ്മതം മൂളി. സതിയായി ജഗന്‍മാതാവ്‌ അങ്ങനെ പിറവിയെടുത്തു. ധാരണ പ്രകാരം ശിവന്‌ കന്യാദാനവും നല്‍കി. ഒരിക്കല്‍ ശിവന്‍ സര്‍വലോക ശിഷ്യര്‍ക്ക്‌ ദര്‍ശനം നല്‍കവേ ദക്ഷപ്രജാപതിയെ എണീറ്റ്‌ നിന്ന്‌ ആദരിച്ചില്ല. ഇത്‌ ദക്ഷപ്രജാപതിയില്‍ നീരസവും കുടിപ്പകയും ഉണ്ടാക്കി.
ശിവന്‌ ആദരം നല്‍കാത്ത മഹായജ്‌ഞം; ബ്രഹസ്‌പതി ഹവനം സംഘടിപ്പിക്കാന്‍ ദക്ഷപ്രജാപതി തീരുമാനിച്ചു. നാരദമഹാമുനി എല്ലാവരെയും പോയി ക്ഷണിച്ചെങ്കിലും ദക്ഷന്റെ നിര്‍ദേശപ്രകാരം ശിവനെ വിവരം അറിയിച്ചില്ല. എന്നാല്‍, സതീദേവിയെ എല്ലാ വിവരങ്ങളും തല്‍സമയം അറിയിച്ചുകൊയേിരുന്നു. സതീദേവിയാകട്ടെ യജ്‌ഞത്തില്‍ പങ്കുകൊള്ളണമെന്ന അദമ്യമായ ആഗ്രഹവുമായി നടന്നു. കുടുംബത്തില്‍ അച്‌ഛന്‍ പരിപാടി നടത്തുമ്പോള്‍ പങ്കെടുത്ത്‌ വിജയിപ്പിക്കുകയാണ്‌ നമ്മുടെ കടമയെന്ന്‌ ദേവി ശിവനോട്‌ പറഞ്ഞു. ശിവന്‌ ക്ഷണമില്ലെങ്കിലും യാഗസ്‌ഥലത്തേക്ക്‌ പോകുവാന്‍ സതീദേവി നിര്‍ബന്ധം പിടിച്ചു. യാഗദിവസം കോപാകുലനായ ദേവി ശിവന്‌ മുന്നില്‍ സംഹാരരുദ്രയായി. മുന്നില്‍ മഹാകാളിയായും മുകളില്‍ താരയായും വലത്ത്‌ ചിന്നമസ്‌തക കാളിയായും ഇടത്ത്‌ ഭുവനേശ്വരിയായും പിന്നില്‍ ബഗ്‌ളാമുഖിയായും അഗ്നികോണില്‍ ധൂമാവതിയായും നിര്യതകോണില്‍ കമലയായും വായുകോണില്‍ മാതംഗിയായും ഈശാനകോണില്‍ ഷോഡശ്ശിയായും, ശിവശ്ശരത്തില്‍ ഭൈരവിയായും ശിവനെ വട്ടം ചുറ്റിച്ചു. വശംകെട്ട ശിവന്‍ സതിയെ യജ്‌ഞത്തില്‍ പങ്കെടുക്കുവാന്‍ അനുവദിച്ചു. നന്ദിയുള്‍പ്പെടെയുള്ള ശിവ പരിവാരങ്ങളെയും ഭഗവാന്‍ വിട്ടുനല്‍കി. ദക്ഷപ്രജാപതിയുടെ പത്നി മേനകാദേവി മകളെ സഹര്‍ഷം സ്വാഗതം ചെയ്‌തു. സര്‍വാഭരണ വിഭൂഷിതയായ സഹോദരിമാര്‍ സതീദേവിയുടെ വേഷത്തില്‍ അസ്വസ്‌ഥരായി. ക്ഷണിക്കാത്ത അതിഥിയെ കണ്ട പിതാവ്‌ ദക്ഷപ്രജാപതി സതിയെ ശകാരിക്കുകയും ശിവനെ ഭര്‍സിക്കുകയും ചെയ്‌തു. യോഗവിദ്യ സഹജമായിരുന്ന സതീദേവി പത്മാസനത്തില്‍ ഇരുന്ന്‌ പ്രാണപാനവായുക്കളെ മണിപൂരകത്തില്‍ സംയോജിപ്പിച്ച്‌ ഉദാനവായുവിനെയും കൂട്ടി അനാഹത ചക്രത്തിലേക്കുയര്‍ത്തി ശിവനെ മനസ്സിലുറപ്പിച്ച്‌ 'സദ്യഃ പ്രജ്‌ജ്വാല സമാധി ജാഗ്നിനാ' എന്ന്‌ പറഞ്ഞ്‌ യജ്‌ഞവേദിയില്‍ സതീദേവി ശരീരത്തിലെ ശിവനെ ഇല്ലാതാക്കി. നന്ദിയും പരിവാരങ്ങളും ശിവനെ വിവരം അറിയിച്ചു. രോഷാകുലനായ ശിവന്‍ തൃക്കണ്ണ്‌ തുറന്നപ്പോള്‍ വീരഭദ്രനും ഭദ്രകാളിയും പ്രത്യക്ഷമായി. കിന്നരന്മാരോട്‌ ദക്ഷനെ തട്ടിക്കളയാന്‍ ആവശ്യപ്പെട്ടു. തലവെട്ടിമാറ്റി. തലയില്ലാത്ത ദക്ഷനെ കെട്ടിപ്പിടിച്ച്‌ പത്നി മേനകാദേവി അലറിക്കരഞ്ഞു. ശിവനോട്‌ ജീവന്‍ തിരികെ നല്‍കുവാന്‍ ആവശ്യപ്പെട്ടു. യജ്‌ഞം നടത്തുന്ന യജമാനനെ കൂടാതെ യാഗം അവസാനിപ്പിക്കുവാന്‍ കഴിയാത്തതിനാല്‍ ബ്രഹ്‌മാവും വിഷ്‌ണുവും ശിവനോട്‌ സഹായമഭ്യര്‍ത്ഥിച്ചു.
മനസ്സലിഞ്ഞ ശിവന്‍ ദക്ഷന്റെ തലയുടെ സ്‌ഥാനത്ത്‌ ആടിന്റെ തലവെട്ടി വച്ചു. പുനര്‍ജനിച്ച ദക്ഷന്‍ ക്ഷമായാചനം ചെയ്‌ത് ശിവനെ പ്രാര്‍ത്ഥിച്ചു. കോപമടങ്ങാത്ത ശിവന്‍ സതീദേവിയുടെ ജഡം തോളിലെടുത്ത്‌ സംഹാര താണ്ഡവ നൃത്തമാടി. ഭൂലോകമാകെ കുലുങ്ങി വിറച്ചു. പേടിച്ചരണ്ട ബ്രഹ്‌മാവ്‌ വിഷ്‌ണുവിനോട്‌ തോളില്‍ കിടക്കുന്ന സതീ ദേവിയുടെ ശരീരം മുറിച്ച്‌ മാറ്റാനാവശ്യപ്പെട്ടു. സുദര്‍ശന ചക്രം ഉപയോഗിച്ച്‌ ഭഗവാന്‍ ദേവിയുടെ ശരീര ഭാഗങ്ങള്‍ അന്‍പത്തിയൊന്ന്‌ കഷ്‌ണങ്ങളാക്കി. സ്വര്‍ഗലോകത്ത്‌ നിന്നും സതീദേവിയുടെ ശരീരഭാഗങ്ങള്‍ ഭൂമിയില്‍ 51 ഇടങ്ങളിലായി പതിച്ചു. അങ്ങനെ വീണ സ്‌ഥലങ്ങളില്‍ ശിവന്‍ സ്വയംഭൂവായി ലിംഗരൂപിയായി ജന്മമെടുത്തു. അതേസമയം സതീദേവിയുടെ യോനി ഭാഗം വീണത്‌ അസമിലെ നിലാചല്‍ താഴ്‌വരയിലായിരുന്നു; അതാണ്‌ ലോകം അറിയുന്ന കാമാഖ്യ. കാമരൂപകാമാഖ്യ പീഠമായി സര്‍വലോകത്തിലും അറിഞ്ഞ കാമാഖ്യ. കാമരൂപവംശജനായ നരകാസുര രാജാവാണ്‌ നിര്‍മിച്ചതെന്ന്‌ പറയുന്നു. സ്‌ത്രീത്വത്തിന്റെ മഹാപ്രതീകമായ സൃഷ്‌ടി ഉറവിടത്തെ ആരാധിക്കുന്ന കാമാഖ്യ ഗുവഹത്തിയിലെ നീലാഞ്ചല്‍ മലനിരകള്‍ക്ക്‌ സുവര്‍ണ ശോഭ പകരുന്നു. ചുമപ്പിന്‍ വര്‍ണഭംഗി വിതറി അവയണിഞ്ഞ ഭക്‌തര്‍; നെറ്റിയില്‍ കുങ്കുമം വാരിപ്പൂശി ചെമ്പരത്തി മാലയും അണിഞ്ഞിരിക്കുന്നു.
ജഡാധാരികളും ഭക്‌തരും ആടുകളും അരിപ്രാവുകളും വിഹരിക്കുന്ന ഗ്രാമാന്തരീക്ഷമാണ്‌ കാമാഖ്യയിലെവിടെയും : ചെങ്ങന്നൂര്‍ ദേവി തൃപ്പൂത്താകുന്നതുപോലെ അംബുബാച്ചിയാണ്‌ കാമാഖ്യയിലെ പ്രധാനോത്സവം. സൂചികുത്താന്‍ ഉത്സവകാലത്ത്‌ ഇടമുണ്ടാകില്ല, അത്രയേറെത്തിരക്കാണവിടെ. ദശമഹാവിദ്യാദേവി ക്ഷേത്രങ്ങള്‍ കാമാഖ്യയ്‌ക്ക് ചുറ്റും ക്ഷേത്ര ടൂറിസത്തിന്റെ സര്‍ക്യൂട്ട്‌ സര്‍ക്കിളാക്കി മാറ്റിയിരിക്കുന്നു.

ഡോ. വി. ശ്രീകുമാര്‍

Ads by Google
Saturday 14 Feb 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW