Friday, March 13, 2026 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.30 PM

സഹോദരം

ആരു നീ പെണ്ണേ, മുഖം കണ്ടിട്ടറിഞ്ഞേയില്ല
പേരു മറന്നേപോയി, സ്വരത്തില്‍ അസ്വാരസ്യം!

പതിയേ തിരഞ്ഞേതോ ഗതകാലത്തിന്‍ സ്‌മൃതി
പതിഞ്ഞ വഴികളും ബാല്യത്തിന്‍ പൂവാടിയില്‍
നവനീതങ്ങള്‍ തീര്‍ത്ത നറുപുഞ്ചിരികളും,
മധുമക്ഷിക ചെറു ചിറകാല്‍ വീശി കുറും-
കവിത കുറിക്കുമ്പോള്‍ തുടുക്കും ഹരിതവും
തുടിക്കും തീരാകൗമാരത്തിന്റെ വര്‍ഷങ്ങളും
കിലുങ്ങും വളപ്പൊട്ടും കുതറും മഞ്ചാടിയും
പരിദേവനം മൂളും കൊലുസ്സിന്‍ കിലുക്കവും
യൗവനം മുളപൊട്ടിയുതിര്‍ക്കും വസന്തവും
കസവിന്നാട പോലെ മിന്നുമാ സങ്കല്‌പവും,
മായുമെന്നറിഞ്ഞില്ല, ഇത്രമേല്‍ നിര്‍ഭാഗ്യരോ
ചുഴിയില്‍ മുങ്ങിപ്പൊങ്ങും പാവയോ
വേണ്ടെന്നാകാന്‍!

തെളിയുന്നില്ല തിരി, പണ്ടു ഞാന്‍ പഠിപ്പിച്ച
ഗൃഹപാഠങ്ങള്‍, സന്ധ്യാനാമങ്ങള്‍ നിഴല്‍കോണില്‍
ദഹിപ്പിച്ചതിന്‍ ചാരം കോരിയെടുത്തു പല-
വട്ടവും പെരിയാറിന്‍ കൂലവുമൊലിച്ചില്ലേ...

സ്വന്തമായേതോ മണ്ണില്‍ ജീവിതം തേടും നാളില്‍
ബന്ധങ്ങള്‍ തുരുമ്പിക്കും യുദ്ധങ്ങള്‍ ചൂഴെ, മഴ-
പ്പാറ്റകള്‍ കിളിര്‍ത്തതും അകലം തഴച്ചതും
ഭീതിയോടറിഞ്ഞു ഞാന്‍ മറക്കാന്‍ ശ്രമിച്ചതും
തികട്ടി വരുന്നതെന്‍ കുറ്റമോ, പെരിയാറേ?
ഇക്കരെനിന്നേ പുഴയൊഴുകും കരയിലെ
ചെളിയില്‍ പുതഞ്ഞ കാല്‍പ്പാടുകള്‍ തിരയുന്നു,
പഴുതേ ജനിതകച്ചരിത്രം വായിക്കുന്നു.

ചുളുങ്ങും തൊലിപ്പുറം കരുവാളിച്ചു, മുഖം
വെറുപ്പിന്‍ ചുഴലിയില്‍ വിറച്ചൂ, പ്രമേഹത്തിന്‍
തിരകള്‍ നാവില്‍ കയ്‌പ്പായ്‌ വിരിഞ്ഞു,
കൈത്തുമ്പിലെ
മധുരം കുറഞ്ഞതും മറവിയടര്‍ന്നതും
കാലത്തിന്‍ നേരംപോക്കായ്‌, നമ്മളീ പെരിയാറിന്‍
കൂലത്തിന്നിരുവശം നില്‍ക്കുമാ കിടാങ്ങളോ?

കണ്ടിട്ടേയറിയുവാന്‍ പാടില്ലെന്നോര്‍ത്തോ ചിതം
തേടുവാന്‍, ചേര്‍ന്നുനില്‍ക്കാന്‍ പാടില്ലെന്നെന്തേ തോന്നീ,
ഉരുവംകൊള്ളും കണ്ണീര്‍ കൈകളാല്‍ തുടച്ചിട്ടും
പിടയ്‌ക്കും നെഞ്ചില്‍ തങ്ങും
മൊഴിയാല്‍ വിട ചൊല്ലി
പണ്ടെന്നോ പിരിഞ്ഞതാണോര്‍മ്മതന്‍ മണിചെപ്പില്‍
സൂക്ഷിച്ച ഇമോജികള്‍ കാലത്താല്‍ നിറം കെട്ടു,
ചുറ്റിലും മരീചിക, കണ്ണികള്‍ ബലഹീനം
അര്‍ത്ഥമില്ലായ്‌മ കാട്ടി പാഠങ്ങള്‍ മറന്നതോ?

ആരു നീ സഹോദരീ, മനസ്സില്‍ പതിപ്പിച്ച
മുഖം നീയെന്തേ മറച്ചീവിധം, മഹാമാരി
പഠിപ്പിച്ചതോ പുച്‌ഛം വാശിയില്‍ സ്വയമേതോ
പാത തീര്‍ത്തതിന്‍ അഹംബോധമോ
അജ്‌ഞാനമോ?

ബന്ധങ്ങള്‍ കരിന്തിരി കത്തിയോ, പുക ചുറ്റും
പടരുന്നതിന്‍ ഗന്ധം നീറ്റുന്നു, കണ്ണീര്‍തടം
പൊട്ടുന്നു പെരിയാറില്‍ പ്രളയം, കടല്‍തേടി
ഒഴുകുന്നതിന്‍ മുന്നേ അണകെട്ടുവാനായി-
ട്ടായിരം കൈകള്‍ വേണം, ബോധ്യത്തില്‍ മുഖം
പാടേ തെളിഞ്ഞു, ബോധംകൊണ്ടു,
ജന്മത്താല്‍ നാമൊന്നല്ലേ!

ഡോ. അജയ്‌ നാരായണന്‍

Ads by Google
Saturday 14 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW