Friday, March 13, 2026 Last Updated 47 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.30 PM

നിളയില്‍ അമൃതസ്‌നാനം

പത്തൊന്‍പതു നാള്‍ നിളയെ ആള്‍ക്കടലാക്കി ചരിത്രം കുറിച്ച മഹാമാഘ മഹോത്സവത്തിന്‌ ആയിരങ്ങള്‍ ആരതിഘട്ടില്‍ നടത്തിയ അമൃതസ്‌നാനത്തോടെ സമാപനമായി. നാമമന്ത്രോച്ചാരണങ്ങള്‍കൊണ്ടും ദീപ-ധൂപ- വാദ്യകലാദികള്‍കൊണ്ടും ആത്മീയാനുഭവം തീര്‍ത്ത ഭാരതപ്പുഴയിലെ യജ്‌ഞവേദിയിലേക്ക്‌ ലക്ഷങ്ങളാണ്‌ ഒഴുകിയെത്തിയത്‌. മകം നക്ഷത്രം, ദ്വിതീയ തിഥി എന്നിവ ഒത്തുവരുന്ന ദിവസം യോഗീശ്വര പൂജയ്‌ക്കുശേഷമായിരുന്നുവെന്ന സങ്കല്‌പത്തില്‍ നാഗസന്ന്യാസിമാരുള്‍പ്പെടെയുള്ള സന്ന്യാസി സമൂഹവും ഭക്‌തജനങ്ങളും സ്‌നാനംചെയ്‌തു. തുടര്‍ന്ന്‌ സന്ന്യാസിമാര്‍ക്ക്‌ യതിപൂജയും എല്ലാവരും ഒരേ പന്തിയിലിരുന്ന്‌ ഭക്ഷണം കഴിക്കുന്ന 'പംഗതും' സന്ന്യാസിമാര്‍ക്ക്‌ അന്നവും വസ്‌ത്രവും ദക്ഷിണയും സമര്‍പ്പിക്കുന്ന ഭണ്ഡാരയുമുണ്ടായി. സന്ധ്യക്ക്‌ നടന്ന നിളാ ആരതിയോടെ മാഘമഹോത്സവം സമാപിച്ചു. ഇരുപതുലക്ഷത്തിലേറെപ്പേര്‍ സംബന്ധിച്ച കേരളത്തിലെ ഈ കുംഭമേളയെ അനാദരിച്ചും അവഗണിച്ചും മലയാളിയുടെ പുരോഗമന കാപട്യം ഒരിക്കല്‍ക്കൂടി വെളിവാക്കാനും അവസരമായി. നമ്മുടെ മാധ്യമങ്ങളും രാഷ്‌ട്രീയകക്ഷികളും കൊണ്ടുപിടിച്ച്‌ ശ്രമിച്ചിട്ടും നിളാതീരം ജനസമുദ്രമായി മാറി. ആസേതു ഹിമാചലം തിരുനാവായയിലേക്ക്‌ ഒഴുകിയെത്തി. കള്ളനും തീവ്രവാദിക്കും ബലാത്സംഗ വീരന്മാര്‍ക്കും ലൈവ്‌ ടെലികാസ്‌റ്റ് നല്‍കി റേറ്റിങ്‌ ഉയര്‍ത്തുന്ന ചാനലുകള്‍ മുഖംതിരിച്ചിട്ടും സാമൂഹികമാധ്യമങ്ങള്‍ മാഘമഹോത്സവത്തെ കൊണ്ടാടി. പരിസ്‌ഥിതി കാപട്യം മുഖമുദ്രയാക്കിയ കവികളോ ബുദ്ധിജീവികളോ വിദേശഫണ്ടില്‍ മുഖംപൂഴ്‌ത്തിയ സംഘടനകളോ ഈ വഴിക്ക്‌ വന്നതേയില്ല! നിളയെക്കുറിച്ച്‌ കവിതയും കഥാപ്രസംഗവുമായി ഉപജീവനം കഴിക്കുന്ന സാംസ്‌കാരിക നായകര്‍ക്കും ഉരിയാട്ടമില്ലാതായി! (മാതൃ. ഫെ. 4).

ബന്ധുര രാഗങ്ങള്‍

ശതതന്ത്രിയായ സന്തൂറിന്‌ ഗിത്താറില്‍ ജനിച്ചമട്ടില്‍ ആകൃതി പേറുന്ന ഒരിനം യുക്രേനിയന്‍ വാദ്യോപകരണമായ ബന്ധുരയുടെ കൗതുകങ്ങള്‍ പങ്കുവയ്‌ക്കുകയാണ്‌് സുഭാഷ്‌ ചന്ദ്രന്‍. അറുപത്തഞ്ചോളം തന്ത്രികളുള്ള ഈ വാദ്യം അന്ധഗായകരുടെ സഹയാത്രികയും യുക്രെയിന്‍ ദേശീയ വാദ്യവുമായിരുന്നു. ദേശീയതയെ തകര്‍ക്കാന്‍ ദേശഭാഷയോടൊപ്പം ദേശവാദ്യത്തേയും തകര്‍ക്കണം. 1935-ല്‍ സോവിയറ്റ്‌ സര്‍ക്കാര്‍ വിദഗ്‌ധരായ ബന്ധുരവാദകരെ തെരഞ്ഞെടുത്ത്‌ കൊണ്ടുപോയി വധിച്ചു. ബന്ധുരകള്‍ കൂട്ടിയിട്ട്‌ കത്തിച്ചു. അവശേഷിച്ച കലാകാരന്മാര്‍ അമേരിക്കയിലേക്കും കാനഡയിലേക്കും ബന്ധുരയും ജീവനും കൈയിലെടുത്ത്‌ പലായനം ചെയ്‌തു. അവര്‍ മിഷിഗണില്‍ സംഗീത സംഘമായി തഴച്ചുവളര്‍ന്നു. ഇപ്പോള്‍ യുക്രൈനില്‍ മടങ്ങിയെത്തി ബന്ധനത്തിനെതിരേ ചിറകടിക്കുന്നു. (മാതൃ. ആഴ്‌ച. ഫെ. 8).

അപ്പോഴും പറഞ്ഞില്ലേ....

ഒരൊറ്റ പാട്ടുമാത്രം രചിക്കുകയും അത്‌ സൂപ്പര്‍ഹിറ്റായിത്തീരുകയും ചെയ്‌ത ചരിത്രം തിക്കൊടിയനുമാത്രം അവകാശപ്പെട്ടതത്രെ. എല്ലാവര്‍ക്കും എക്കാലത്തും പാടാവുന്ന, താളവും ഈണവും പിഴയ്‌ക്കാത്ത ജനപ്രിയഗാനം. ആകാശവാണിക്കുവേണ്ടി കെ. രാഘവന്‍മാസ്‌റ്ററെക്കൊണ്ട്‌ നാടന്‍പാട്ടിന്റെ ശീലുള്ള ഈ പാട്ടിന്‌ ഈണമിട്ടത്‌. അപ്പോളും പറഞ്ഞില്ലേ, പോരണ്ടാ പോരണ്ടാന്ന്‌..../കൈതപൂക്കണ കന്നിപ്പാടത്ത്‌, കാറ്റുമൂളണ നേരത്ത്‌, ഊരാങ്കുന്നിന്റെ പാലമോളില്‌, കൂമന്‍ മൂളണനേരത്ത്‌... എന്നിങ്ങനെ കഥയും കാര്യവുമായി മുന്നേറുന്ന പാട്ടെഴുതിയ തിക്കൊടിയന്‌ സവിശേഷതകളേറെയുണ്ട്‌. കഥാകൃത്തും നാടകകൃത്തുമായ തിക്കൊടിയന്‍ കോഴിക്കോടിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ കൈയൊപ്പുചാര്‍ത്തിയ ആളാണ്‌. അരങ്ങു കാണാത്ത നടനെന്ന തിക്കൊടിയന്റെ ആത്മകഥയ്‌ക്ക് കേന്ദ്ര സാഹിത്യ അക്കാദമി-വയലാര്‍ അവാര്‍ഡുകള്‍ നേടിയിരുന്നു. സരസനും നന്മനിറഞ്ഞവനും ഹൃദയാലുവുമായ തിക്കൊടിയന്‍ സാഹിത്യ അക്കാദമി അംഗമെന്ന നിലയില്‍ എനിക്ക്‌ സാധ്യമായൊരു സൗഹൃദംകൂടിയായിരുന്നു. തിക്കൊടിയന്റെ സ്‌മൃതിദീപം തെളിച്ചത്‌ പാട്ടോര്‍മ്മകളില്‍ സതീഷ്‌കുമാര്‍ വിശാഖപട്ടണം.

ഏകപക്ഷീയ ചര്‍ച്ചകള്‍

മതനിരപേക്ഷ ഇന്ത്യ, ഹിന്ദുത്വ മതരാഷ്‌ട്രവാദം എന്നിങ്ങനെ നിമഗ്ന ലക്ഷ്യങ്ങളാല്‍ നയിക്കപ്പെടുന്ന വാദ്യഘോഷങ്ങളുയര്‍ത്തിക്കൊണ്ട്‌ സുനില്‍ പി. ഇളയിടവും എം.എം. നാരായണനും നടത്തുന്ന പു.ക.സ. സുവിശേഷപ്രസംഗങ്ങള്‍, തങ്ങളുടെ ഇടുക്കുതൊഴുത്തില്‍ കാലുറപ്പിക്കുന്നതിലേറെ ചിന്താ ഇടങ്ങളുടെ തുറസുകളിലേക്ക്‌ നയിക്കുന്നതല്ല. ഇത്തരം ഏകപക്ഷീയ ചര്‍ച്ചകള്‍ക്ക്‌ മാര്‍ക്കറ്റ്‌ ഇടിഞ്ഞ കാലഘട്ടമാണിതെന്ന്‌ തിരിച്ചറിയാതെ, ഏതോ ചില അജ്‌ഞാത ചരടുകളാല്‍ നിയന്ത്രിക്കപ്പെടുന്നു എന്ന തോന്നല്‍ പ്രസിദ്ധീകരണത്തിനു മുകളില്‍ നിഴല്‍പരത്തുന്നതത്രെ. ഏകസ്വര-ഏകമുഖ ഭാഷണങ്ങള്‍ എത്ര പുരപ്പുറത്തുകയറി ഘോഷിച്ചാലും നിഷ്‌ഫലമാകുകയേയുള്ളൂ! (മാതൃ. ആഴ്‌ച. ഫെ. 8).

പരസ്യങ്ങളുടെ
വല്ലാത്തകാലം!

ദീര്‍ഘദൂരം കാറോടിക്കുന്ന ഒരാള്‍ ഈയിടെ റേഡിയോ ഓണ്‍ചെയ്‌തു നോക്കുന്നു. 90 ശതമാനം പരസ്യവും 10 ശതമാനം പാട്ടുമാണവര്‍ കേള്‍പ്പിക്കുന്നത്‌. എന്നാല്‍ പരസ്യമല്ലാത്ത ഒരു പാട്ടുവച്ചുനോക്കി. അത്‌ പാട്ടില്‍ത്തുടങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ പരസ്യമായി മാറി! മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കൂ. എന്നിട്ട്‌ പരസ്യത്തിന്റെ അവസാനത്തില്‍ ഒരാള്‍ വന്ന്‌ അതിവേഗം ഒന്നും മനസിലാകാത്തവിധം എന്തോ പുലമ്പുന്നു. എന്താണയാള്‍ക്കു പ്രശ്‌നം? മനസിലാകുംവിധം പറഞ്ഞാലെന്താ കുഴപ്പം? ചില ഡോക്‌ടര്‍മാരോട്‌ സര്‍ജറിയുടെ സൈസ്‌ ഇഫക്‌ടിനെക്കുറിച്ച്‌ ചോദിച്ചുനോക്കൂ. ഒന്നും മനസിലാകാത്ത വിവരണമാകും മറുപടി!

പതാക ഉയര്‍ത്തലോ,
വിടര്‍ത്തലോ?

ഓഗസ്‌റ്റ് 15-ന്‌ ചുവപ്പുകോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തുന്നു. ജനുവരി 26-ന്‌ രാഷ്‌ട്രപതി ദേശീയപതാക ഉയര്‍ത്തുകയല്ല; വിടര്‍ത്തുകയാണ്‌ പതിവ്‌.

അന്തിക്കാട്‌ വഴികള്‍

സത്യന്‍ അന്തിക്കാടിനെപ്പോലെതന്നെ മകന്‍ അഖില്‍ സത്യനും കുടുംബചിത്രങ്ങള്‍ മനോഹരമാക്കുന്നതില്‍ വിജയം കണ്ടു. സര്‍വം മായയ്‌ക്ക് ഒരു യക്ഷിക്കഥയുടെ പരിവേഷമാണെങ്കിലും കുട്ടികള്‍ക്കുപോലും കണ്ടിരിക്കാന്‍ പറ്റുന്നവിധം രസകരമാണതിന്റെ ചിത്രീകരണം. ഇത്‌ അന്തിക്കാട്‌ കുടുംബത്തിന്റെ ഒരു പാരമ്പര്യമെന്നുതന്നെ പറയാമെന്ന്‌ വേലായുധന്‍ പി. സത്യന്‍ അന്തിക്കാടിന്റെ വഴികളിലൂടെ മകന്‍ അഖില്‍ സത്യനും സിനിമാ ലോകത്ത്‌ നിറഞ്ഞാടുന്നു ഈ സിനിമയിലൂടെ. (വാഗ്‌ദേവത-ജനു).

ശ്രീശങ്കര
വിസ്‌മയ യാത്രകള്‍

മിന്നല്‍ക്കൊടിപോലെ പെയ്‌തിറങ്ങിയ ആദിശങ്കര ജീവിതം ആത്മീയവും ദാര്‍ശനികവും ഭൗതികവുമായ ഉത്തുംഗതകളിലൂടെ ഒരു വിസ്‌മയ യാത്രയായിരുന്നു. തര്‍ക്കവും വിജയവും ധ്യാനവും യോഗസിദ്ധികളുമെല്ലാം ആ യാത്രയുടെ ഭാഗമായിരുന്നു. സ്‌ഥലകാലങ്ങളെ മാറ്റിമറിച്ചുകൊണ്ടുള്ള വിസ്‌മയയാത്രകള്‍. ഭാരതത്തിലെ ആഭ്യന്തര യാത്രകള്‍ക്ക്‌ വഴിമരുന്നായതും ശങ്കരന്‍ നെടുകയും കുറുകെയുമായി സ്‌ഥാപിച്ച ആശ്രമങ്ങള്‍ തമ്മിലുള്ള തീര്‍ത്ഥാടനങ്ങളായിരുന്നു. എന്നിട്ടും ആ മഹദ്‌ യാത്രയുടെ വഴിക്കണക്കുകള്‍ തീരെ ഗൗനിക്കാതെ, അതിനെ അത്യന്തം നിസാരവത്‌കരിച്ചും അവഗണിച്ചും ഇത്ര അലസമായൊരു കുറിമാനം സംഭവിക്കരുതായിരുന്നു. അനൗചിത്യനിര്‍ഭരമായ ചിത്രങ്ങള്‍; നിരുത്തരവാദപരവും അലസവുമായ എഴുത്ത്‌. അബ്‌ദുല്‍കലാം ആസാദ്‌ ദക്ഷിണായനമല്ല, അലസഗമനങ്ങളാണ്‌ നടത്തുന്നത്‌. (മാതൃ. ആഴ്‌ച. ഫെ. 8).

മണല്‍ചിത്രങ്ങള്‍

മരുക്കാറ്റേറ്റ്‌ തളരുന്ന പ്രവാസി ജീവിതക്ലേശങ്ങള്‍ക്കിടയിലും സ്വപ്‌നം കാണുകയും കഥയും കവിതയും മെനയുകയും ചെയ്‌തുപോരുന്നവരുടെ പ്രതിനിധിയാണ്‌ പോയാലി സക്കീര്‍ഹുസൈന്‍. ഗൃഹാതുരത്വം പിന്നോട്ടുവലിക്കുന്ന പ്രവാസിയുടെ ജീവിതം നാട്ടിലും വീട്ടിലും ഉടക്കിയ പട്ടമാണ്‌. ഗള്‍ഫ്‌ ജീവിതകാലത്ത്‌ ആരംഭിച്ച എഴുത്തു ജീവിതം നാട്ടില്‍ വന്നിട്ടും സക്കീര്‍ ഹുസൈന്‍ തുടരുന്നതിന്റെ സാക്ഷ്യപത്രമാണ്‌ 'മണല്‍ച്ചിത്രങ്ങള്‍' എന്ന കഥാസമാഹാരം. ഗാനരചയിതാവായ ശരത്‌ചന്ദ്രവര്‍മ്മയ്‌ക്ക് നല്‍കിക്കൊണ്ട്‌ ഈ പുസ്‌തകം പ്രകാശനം ചെയ്യാനുള്ള അവസരവും എനിക്കാണ്‌ കൈവന്നത്‌. കൂടുതല്‍ നല്ല കഥകളിലേക്ക്‌ വായനക്കാരെ കൊണ്ടുപോകാന്‍ ഈ കഥാകാരന്‌ കഴിയുമെന്ന പ്രത്യാശയാണ്‌ ഈ പുസ്‌തകം ഉണര്‍ത്തുന്നത്‌. (എസ്‌പ്രസ്‌ 120 രൂപ).?

മുത്തശ്ശിപ്ലാവിന്‌
സുഖചികിത്സ

ശിവഗിരി ഗുരുദേവ മഹാസമാധി മന്ദിരത്തിന്റെ ഓരം ചേര്‍ന്നുനില്‍ക്കുന്ന മുത്തശ്ശിപ്ലാവിന്‌ പരിസ്‌ഥിതി പ്രവര്‍ത്തകനും വൃക്ഷ രൈന്യനുമായ കെ. ബിനുവിന്റെ സുഖചികിത്സ. 122 വര്‍ഷം പ്രായം ചെന്ന ഈ പ്ലാവ്‌ ഗുരുദേവന്‍ നട്ടതാണ്‌. തണലുമായി ഫലവുമായി എന്നാണ്‌ ഇതേക്കുറിച്ച്‌ ഗുരുദേവന്‍ പറഞ്ഞത്‌. പശുവിന്‍പാല്‍, നെയ്യ്‌, ചെറുതേന്‍, കദളിപ്പഴം, വല്‍മണ്ണ്‌, രാമച്ചപ്പൊടി, കറുത്ത എള്ള്‌, ചെറുപയര്‍, മുത്തങ്ങ, ശര്‍ക്കര, നല്ലെണ്ണ, തൈര്‌ തുടങ്ങിയവ ചേര്‍ത്താണ്‌ ഔഷധക്കൂട്ട്‌ തയ്യാറാക്കുന്നത്‌. മൂന്നുലിറ്റര്‍ പാല്‍ ഏഴുദിവസം മരത്തില്‍ ചുറ്റിയ തുണിയില്‍ സ്‌പ്രേ ചെയ്യണം. (കേരള കൗമുദി-ജനു. 31.).

വവ്വാലുകള്‍ വഴികാട്ടും

ആധുനിക കാറുകള്‍ക്കും ഡ്രോണുകള്‍ക്കും മാര്‍ഗദര്‍ശിയായി വവ്വാലുകളെയാണ്‌ ശാസ്‌ത്രലോകം നിരീക്ഷിക്കുന്നത്‌. അള്‍ട്രാസോണിക്‌ ശബ്‌ദം പ്രകടിപ്പിച്ച്‌ അതിന്റെ പ്രതിധ്വനി കേട്ട്‌ സഞ്ചാരപാതയിലെ തടസങ്ങള്‍ അറിഞ്ഞാണ്‌ വവ്വാലുകളുടെ പറക്കല്‍. ഇരയേയും ശത്രുവിനേയും കണ്ടെത്തുന്നതും ഇങ്ങനെയെന്ന്‌ ഡോ. സുരേഷ്‌ സി. പിള്ള. വനങ്ങള്‍, ഗര്‍ത്തങ്ങള്‍, ഗുഹകള്‍ തുടങ്ങി സങ്കീര്‍ണ ഇടങ്ങളിലെ ഇവയുടെ പറക്കലില്‍നിന്നു ശാസ്‌ത്രം പാഠം പഠിക്കാന്‍ ശ്രമിക്കുന്നു. ബ്രിട്ടനിലെ ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയില്‍ ഡോ. അതിയഹാരോണും സംഘവും ബാറ്റ്‌ ആക്‌സിലേറ്റര്‍ മെഷീന്‍ ഉണ്ടാക്കിയാണ്‌ ഇവയെ പഠിപ്പിക്കുന്നത്‌. (മനോ. ജനു. 24.).

Ads by Google
Saturday 14 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW