-->
തിരുവനന്തപുരം: ഡോക്‌ടര്‍ ചമഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയ യുവതിയെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി പോലീസിനു കൈമാറി. ശസ്‌ത്രക്രിയാ വിദഗ്‌ധയെന്ന വ്യാജേനയാണ് യുവതി സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗത്തില്‍ കയറിക്കൂടിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ഇവഎന്നാണ് യുവതി പേര് പറഞ്ഞത്. പെരുന്ന സ്വദേശിയാണെന്നും പേരൂര്‍ക്കടയിലാണു താമസിക്കുന്നതെന്നും പറയുന്നു. കഴുത്തില്‍ സ്‌റ്റെതസ്‌കോപ്പ് അണിഞ്ഞ് ഡോക്‌ടര്‍ വേഷത്തിലെത്തിയ ഇവരുടെ പെരുമാറ്റത്തില്‍ മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്കു സംശയം തോന്നി. തുടര്‍ന്ന് അധികൃതരെ ഇവര്‍ വിവരമറിയിക്കുകയും യുവതി പറഞ്ഞ പേരില്‍ ഡോക്‌ടറില്ലെന്ന് സ്‌ഥിരീകരിക്കുകയുമായിരുന്നു. ഇതിനിടെ യുവതി ലിഫ്‌റ്റില്‍ കയറി ഭക്ഷണശാലയിലേക്കും മറ്റു ഭാഗങ്ങളിലേക്കും പോയതായി ക്യാമറ ദൃശ്യങ്ങളിലൂടെ വ്യക്‌തമായി. എന്നാല്‍ ഉടന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് വേഷം മാറി പുറത്തിറങ്ങി ഓട്ടോയില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തി പിടികൂടിയത്. മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവതി പല പേരുകളാണു പറയുന്നതെന്ന് പോലീസ് അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷമേ ആശുപത്രിയിലെത്തിയതിന്റെ ഉദ്ദേശ്യം വ്യക്‌തമാകൂവെന്നും പോലീസ് പറഞ്ഞു.