-->
ന്യൂഡല്‍ഹി: 'പ്രധാനമന്ത്രി മോദിയുടെ രാഷ്‌ട്രീയ ജീവിതം നശിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല' എന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്ന വീഡിയോ താന്‍ കണ്ടിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയ വക്‌താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍. എന്നാല്‍, അത്തരമൊരു വീഡിയോ ഉണ്ടെങ്കില്‍, അതില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ജയ്‌സ്വാള്‍ പറഞ്ഞു. പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍,
ട്രംപിന്റെ പരാമര്‍ശങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു ജയ്‌സ്വാള്‍. എഫ്.ബി.ഐ. ഡയറക്‌ടര്‍ക്കൊപ്പം ട്രംപ് നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും പ്രചരിക്കുന്ന സാഹചര്യത്തലാണു ജയ്‌സ്വാളിന്റെ പ്രതികരണം. 'മോദി ഒരു മഹാനായ മനുഷ്യനാണ്, അദ്ദേഹം ട്രംപിനെ സ്‌നേഹിക്കുന്നു. സ്‌നേഹം എന്ന വാക്ക്, നിങ്ങള്‍ അത് വ്യത്യസ്‌തമായി കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതം നശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ വര്‍ഷങ്ങളായി ഇന്ത്യയെ കാണുന്നു. എന്റെ സുഹൃത്ത് വളരെക്കാലമായി അവിടെയുണ്ട്.'-ട്രംപ് പറഞ്ഞു.ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധം മുന്നോട്ടുപോകുമെന്നും ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ' വ്യാപാരം, പ്രതിരോധം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ തുടര്‍ച്ചയായ ഇടപെടലും സഹകരണവുമുണ്ട്. ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ വശങ്ങളും വളര്‍ന്നുകൊണ്ടേയിരിക്കും.'-ജയ്‌സ്വാള്‍ പറഞ്ഞു. ഇന്ത്യ-യു.എസ്. വ്യാപാര കരാര്‍ സംബന്ധിച്ചു യു.എസ്. പുറത്തിറക്കിയ വസ്‌തുതാപത്രത്തിലെ ഭേദഗതികള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്‌പരധാരണയെയാണു പ്രതിഫലിപ്പിക്കുന്നതെന്നും ജയ്‌സ്വാള്‍ പറഞ്ഞു.