-->
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസി(പി.എം.ഒ) ന് ഇനി പുതിയ മേല്‍വിലാസം. സ്വാതന്ത്ര്യാനന്തരകാലംമുതലുള്ള സൗത്ത് ബ്ലോക്കിലെ ഓഫീസ്, സെന്‍ട്രല്‍ വിസ്‌തയിലെ 'സേവാ തീര്‍ഥ്' എന്ന പുതിയ മന്ദിരത്തിലേക്കാണു മാറ്റിയത്. വിവിധ മന്ത്രാലയ ഓഫീസുകള്‍ ഉള്‍പ്പെടുന്ന കര്‍ത്തവ്യ ഭവന്‍ 1, 2 കെട്ടിടങ്ങളുടെ ഉദ്‌ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
ദേവനാഗരി ലിപിയില്‍ എഴുതിയ 'സേവാ തീര്‍ഥ്' എന്ന ശിലാഫലകം അനാച്‌ഛാദനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ മന്ദിരത്തിലേക്കു പദമൂന്നി. ശേഷം ഗണപതി വിഗ്രഹത്തില്‍ മാല ചാര്‍ത്തി. പിന്നീട് വനിതകള്‍, യുവാക്കള്‍, കര്‍ഷകര്‍ തുടങ്ങിയവരുടെ ക്ഷേമം ലക്ഷ്യമിടുന്ന ഫയലുകളില്‍ ഒപ്പുവച്ച് പുതിയ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമിട്ടു. സ്വയംസഹായ സംഘംഗങ്ങളായ സ്‌ത്രീകളുടെ ഉന്നമനത്തിനുള്ള 'ലാഖ്‌പതി ദീദി' പദ്ധതിയുടെ ഗുണഭോക്‌താക്കളുടെ എണ്ണം മൂന്നില്‍നിന്ന് ആറുകോടിയായി ഉയര്‍ത്താനുള്ള ഫയലായിരുന്നു ഇതില്‍ പ്രധാനം.
കര്‍ഷകക്ഷേമത്തിനായി കാര്‍ഷിക അടിസ്‌ഥാന സൗകര്യ ഫണ്ട് രണ്ടു ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചു. സാങ്കേതികവിദ്യാ പ്രോത്സാഹനത്തിനായി 'സ്‌റ്റാര്‍ട്ട് അപ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്‌സ് 2.0' ഫയലിലും മോദി ഒപ്പുവച്ചു. 10,000 കോടി രൂപയുടേതാണ് ഈ പദ്ധതി. സെന്‍ട്രല്‍ വിസ്‌തയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനൊപ്പം ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ഇന്ത്യ ഹൗസ് എന്നിവയുടെ ഓഫീസുകളാണുള്ളത്. കര്‍ത്തവ്യഭവന്‍ 1, 2 കെട്ടിടങ്ങളില്‍ ധനം, പ്രതിരോധം, കൃഷി, രാസവസ്‌തു- വളം, ആരോഗ്യം, നിയമം, വിദ്യാഭ്യാസം, സാംസ്‌കാരികം, കോര്‍പ്പറേറ്റ്, വാര്‍ത്താ വിതരണ പ്രക്ഷേപണം, ഗോത്രകാര്യം തുടങ്ങിയ മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കും. പ്രവര്‍ത്തനങ്ങളുടെ ഏകീകരണം, ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിക്കല്‍ എന്നിവ മന്ദിരമാറ്റത്തിലൂടെ സാധ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.