-->
ധാക്ക: ബം?ാദേശില്‍ താരിഖ് റഹ്‌മാന്റെ ബം?ാദശ് നാഷണല്‍ പാര്‍ട്ടി (ബി.എല്‍.പി)യെ അധികാരത്തിലേറ്റിയ പൊതുതെരഞ്ഞെടുപ്പുഫലത്തിനൊപ്പം ഭരണഘടനാ പരിഷ്‌കരണം ലക്ഷ്യമിട്ടുള്ള ജൂലൈ ചാര്‍ട്ടറിനും പച്ചക്കൊടി. ഷെയ്‌ഖ് ഹസീന ഭരണകൂടത്തിന്റെ പുറത്താകലിനു വഴിവച്ച 2024-ലെ ജെന്‍ സീ പ്രക്ഷോഭാനന്തരം അധികാരത്തിലേറിയ ഇടക്കാല സര്‍ക്കാര്‍ അവതരിപ്പിച്ച ജനാധിപത്യ പരിഷ്‌കാരങ്ങളെ പിന്തുണയ്‌ക്കുന്നതാണ് ജനഹിത പരിശോധനാ ഫലം.
അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനൊപ്പം കഴിഞ്ഞ ജൂലൈയില്‍ അവതരിപ്പിച്ച ദേശീയ ചാര്‍ട്ടറിന് ഹിതപരിശോധനയില്‍ 'വ്യക്‌തമായ ഭൂരിപക്ഷം' ലഭിച്ചെന്ന് ബംാദേശ് തെരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു. സമ്മതിദാനാവകാശം വിനിയോഗിച്ച 60.26 ശതമാനം വോട്ടര്‍മാരില്‍ 4,80,74,429 പേര്‍ ചാര്‍ട്ടറിനെ അനുകൂലിച്ചപ്പോള്‍ 2,25,65,627 വോട്ടര്‍മാര്‍ എതിര്‍പ്പ് രേഖപ്പെടുത്തി.
2025 ജൂലൈയിലെ ദേശീയ ചാര്‍ട്ടര്‍ അനിവാര്യമാണോ അല്ലയോ എന്നു തീരുമാനിക്കാനാണ് ഹിതപരിശോധന നടത്തിയത്. നൊബേല്‍ ജേതാവുകൂടിയായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം രൂപംനല്‍കിയ ഭരണഘടനാ-രാഷ്‌ട്രീയ പരിഷ്‌കരണ രൂപരേഖയാണിത്. രാജ്യത്തു വീണ്ടും ഏകാധിപത്യം പിടിമുറുക്കാതിരിക്കാന്‍ ആവശ്യമായ ഭരണഘടനാപരിഷ്‌കരണമാണ് ജൂലൈ ചാര്‍ട്ടറിലൂടെ ലക്ഷ്യമിട്ടത്. സ്‌ഥാപനപരമായ പരിഷ്‌കാരങ്ങളിലൂടെ മികച്ച ഭരണം, ജനാധിപത്യം, സാമൂഹിക നീതി എന്നിവയ്‌ക്കായി നിരവധി പരിഷ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണിത്. പ്രധാനമന്ത്രിമാരുടെ കാലാവധിക്കു പരിധി നിശ്‌ചയിക്കല്‍, പാര്‍ലമെന്റിന് ഉപരിസഭ രൂപീകരിക്കല്‍, പ്രസിഡന്‍ഷ്യല്‍ അധികാരങ്ങള്‍ ശക്‌തമാക്കല്‍, നീതിന്യായ വ്യവസ്‌ഥയ്‌്ക്കു കൂടുതല്‍ സ്വാതന്ത്ര്യം, പാര്‍ലമെന്റില്‍ സ്‌ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കല്‍, ഡെപ്യൂട്ടി സ്‌പീക്കര്‍, പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍മാരായി പ്രതിപക്ഷ നേതാക്കളെ തെരഞ്ഞെടുക്കല്‍ തുടങ്ങിയവയും ചാര്‍ട്ടറിന്റെ ഭാഗമായിരുന്നു. പൊതുജനാഭിപ്രായത്തിന്റെ അടിസ്‌ഥാനത്തിലാകും ചാര്‍ട്ടര്‍ നടപ്പാക്കുകയെന്ന് ഇടക്കാല ഭരണകൂടത്തിന്റെ തലവനും നൊബേല്‍ ജേതാവുമായ മുഹമ്മദ് യൂനുസ് പ്രഖ്യാപിച്ചിരുന്നു. ഹിതപരിശോധനയില്‍ അംഗീകാരം ലഭിച്ചതോടെ ഭരണഘടനാ കൗണ്‍സില്‍ രൂപീകരിക്കുകയെന്നതാണ് അടുത്തപടി. കൗണ്‍സിലിന്റെ ആദ്യ സെഷന്‍ നടന്ന 180 പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നാണു പ്രഖ്യാപനം.