-->
കോട്ടയം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഭജന്‍സിന്റെ പേരില്‍ ഉണ്ടായത് വിവാദം പിശകെന്ന് ദേവസ്വംബോര്‍ഡിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. ഭജന്‍സിന് പകരം പരിപാടി മാറ്റി ക്ഷേത്ര വാദ്യ കലകളാണ് അരങ്ങേറിയതെന്നും എന്നാല്‍ റിപ്പോര്‍ട്ടില്‍ ആദ്യത്തെ എസ്റ്റിമേറ്റ് പ്രകാരമുള്ള ഭജന്‍സിന്റെ പേര് ഉള്‍പ്പെടുത്തിയത് പിശക് സംഭവിച്ചതാണ് ഭജന്‍സിന്റെ പേരില്‍ ചെലവ് വരാന്‍ കാരണമായതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പരിപാടിയുടെ ആദ്യ എസ്റ്റിമേറ്റില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ പേര് ഉള്‍പ്പെട്ടിരുന്നെങ്കിലും പിന്നീട് മറ്റൊരു പരിപാടി ഉണ്ടായിരുന്നതിനാല്‍ ഒഴിവാവുകയായിരുന്നു. പകരമായി നടന്നത് ക്ഷേത്ര വാദ്യ കലകള്‍ ആയിരുന്നു. എന്നാല്‍ ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയും രേഖകളുമാണ് ഓഡിറ്റര്‍ക്ക് ലഭിച്ചത്. പരിപാടി മാറിയ വിവരം ഓഡിറ്ററെ അറിയിച്ചിരുന്നില്ലെന്നുമാണ് വിവരം.
എന്നാല്‍ ഇത് ഉള്‍പ്പെടുത്തി വിജയന്‍ അസോസിയേറ്റ് ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഗായകന്‍ ഇഷാന്‍ ദേവ് പരിപാടി നടത്തുന്നതിനായി എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും നാല് ലക്ഷം രൂപയാണ് നല്‍കിയതെന്നാണ് സൂചന. ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കുകള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ ചില വീഴ്ച്ചകള്‍ സംഭവിച്ചുവെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
കണക്കുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ തിരക്കില്‍ എസ്റ്റിമേറ്റുകളാണ് ഓഡിറ്റ് സ്ഥാപനത്തിന് കൈമാറിയത്. എന്നാല്‍ പരിപാടിയില്‍ വന്ന മാറ്റങ്ങള്‍ പരിപാടി പൂര്‍ത്തിയായതിന് ശേഷം ബില്ലുകളിലുണ്ടായ മാറ്റം എന്നിവയൊന്നും ഓഡിറ്റ് സ്ഥാപനത്തെ അറിയിച്ചിരുന്നില്ല. വളരെ വേഗത്തില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയതിനാലാണ് ഇക്കാര്യങ്ങള്‍ മാറ്റാന്‍ കഴിയാത്തത് എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
ഇക്കാര്യത്തില്‍ ഈ മാസം 17ന് വിശദമായ പരിശോധന നടത്താനാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്റെ തീരുമാനം. അയ്യപ്പ സംഗമത്തിന്റെ കരാറെടുത്ത സ്ഥാപനത്തിന്റെയും ഓഡിറ്റ് നടത്തിയ സ്ഥാപനത്തിന്റെയും പ്രതിനിധികളെ വിളിച്ചുവരുത്താനും രേഖകള്‍ പരിശോധിക്കാനുമാണ് തീരുമാനം. ഇതിന് പിന്നാലെ മാത്രമെ പ്രതികരിക്കാന്‍ കഴിയു എന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതികരണം.