Friday, March 13, 2026 Last Updated 3 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.25 PM

ഉത്തര കൊറിയയില്‍ കിം ജോങ്ങിന്റെ പിന്‍ഗാമി 13 വയസുകാരി മകള്‍ ?

uploads/news/2026/02/825189/int1.jpg

പ്യോങ്‌യാങ്‌: ഉത്തര കൊറിയന്‍ നേതാവ്‌ കിം ജോങ്‌ ഉന്‍ പതിമൂന്നുകാരിയായ മകള്‍ കിം ജു എയെ പിന്തുടര്‍ച്ചാ അവകാശിയായി തെരഞ്ഞെടുത്തതായി ദക്ഷിണകൊറിയന്‍ ചാര ഏജന്‍സി. നിയമസഭാ അംഗങ്ങളോടാണ്‌ വെളിപ്പെടുത്തല്‍.
ഔദ്യോഗിക പരിപാടികളിലെ കിം ജു എയുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യമടക്കം വിലയിരുത്തിയാണ്‌ ദക്ഷിണ കൊറിയയുടെ നാഷണല്‍ ഇന്റലിജന്‍സ്‌ സര്‍വീസ്‌ (എന്‍.ഐ.എസ്‌) ഈ വെളിപ്പെടുത്തല്‍ നടത്തിയത്‌. സെപ്‌റ്റംബറില്‍ കിം ജു എ പിതാവിനൊപ്പം ബെയ്‌ജിങ്‌ സന്ദര്‍ശിച്ചിരുന്നു. ഇതായിരുന്നു അവരുടെ ആദ്യ വിദേശയാത്ര.
ഈ മാസം അവസാനം നടക്കുന്ന ഉത്തര കൊറിയയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ കിം ജു എ പങ്കെടുക്കുമോ എന്നാണ്‌ ഏവരും ഉറ്റുനോക്കുന്നത്‌. അഞ്ച്‌ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്തരകൊറിയയിലെ ഏറ്റവും വലിയ രാഷ്‌ട്രീയ സദസാണിത്‌. വിദേശനയം, യുദ്ധ ആസൂത്രണം, അടുത്ത അഞ്ച്‌ വര്‍ഷത്തേക്കുള്ള ആണവ അഭിലാഷങ്ങള്‍ തുടങ്ങിയ മുന്‍ഗണനാ വിഷയങ്ങളില്‍ പ്യോങ്‌യാങ്‌ നിലപാടുകള്‍ കൈക്കൊള്ളുന്നത്‌ പാര്‍ട്ടി കോണ്‍ഗ്രസിലാണ്‌.
കിം ജോങ്ങിന്റെ പിന്‍ഗാമിയാകാന്‍ പരിശീലനം ലഭിച്ച വ്യക്‌തി എന്നായിരുന്നു മുമ്പ്‌ കിം ജു എയെ ദക്ഷിണകൊറിയന്‍ ചാര ഏജന്‍സി. വിശേഷിപ്പിച്ചത്‌. ജു എയെ പിന്‍ഗാമിയായി തെരഞ്ഞെടുക്കുന്ന ഘട്ടം അടുത്തെന്നു കഴിഞ്ഞ ദിവസം നിയമസഭാംഗം ലീ സിയോങ്‌-കെ്വന്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.
ജു കിം ജോങ്‌ ഉന്നിന്റെയും ഭാര്യ റി സോള്‍ ജുവിന്റെയും അറിയപ്പെടുന്ന ഏക കുട്ടിയാണ്‌ കിം ജു എ. കിം ജോങ്‌ ഉന്നിന്‌ ഒരു മൂത്ത മകനുണ്ടെന്ന്‌ എന്‍.ഐ.എസ്‌ വിശ്വസിക്കുന്നു. പക്ഷേ ഈ മകനെ പുറംലോകം കണ്ടിട്ടില്ല. ഉത്തരകൊറിയന്‍ മാധ്യമങ്ങളും ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കാരന്‍ ഡെന്നിസ്‌ റോഡ്‌മാന്‍ ആണ്‌ ആദ്യമായി കിം ജു എയെപ്പറ്റി പറയുന്നത്‌. 2013 ല്‍ ദ്‌ ഗാര്‍ഡിയന്‍ പത്രത്തോടായിരുന്നു റോഡ്‌മാന്റെ വെളിപ്പെടുത്തല്‍. 13 വയസുകാരിയെന്ന്‌ കരുതപ്പെടുന്ന ജു എയ്‌ 2022ല്‍ സ്‌റ്റേറ്റ്‌ ടെലിവിഷനില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടു. പിതാവിന്റെ കൈ പിടിച്ച്‌ ഉത്തരകൊറിയയുടെ ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക്‌ മിസൈല്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങളാണ്‌ അന്ന്‌ പുറത്തുവന്നത്‌. പിന്നീട്‌ അവര്‍ സ്‌റ്റേറ്റ്‌ മീഡിയയില്‍ പതിവായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ക്രൂരനായ സ്വേച്‌ഛാധിപതിയെന്ന പിതാവിന്റെ പ്രതിച്‌ഛായയെ തന്നെ മകള്‍ മയപ്പെടുത്തി. ചൈനയിലെ എക്കാലത്തെയും വലിയ സൈനിക പരേഡിനായി മകള്‍ അദ്ദേഹത്തോടൊപ്പം ബെയ്‌ജിങ്ങിലേക്ക്‌ പോയി. അവിടെ ബെയ്‌ജിങ്‌ റെയില്‍വേ സ്‌റ്റഷേനില്‍ അവര്‍ ട്രെയിനിറങ്ങുന്നതും ലോകം കണ്ടു. ഉത്തരകൊറിയന്‍ ഭരണത്തില്‍ കിം കുടുംബത്തിന്റെ നാലാം തലമുറക്കാരിയായി ജു എ സിംഹാസനമേറുമെന്നാണ്‌ അനുമാനം. പക്ഷേ, പുരുഷാധിപത്യത്തിന്റെ നാടായ ഉത്തര കൊറിയയില്‍ ഇതിനുള്ള സാധ്യത തുലോം കുറവാണെന്നു വിലയിരുത്തുന്നവരുമുണ്ട്‌.

Ads by Google
Thursday 12 Feb 2026 11.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW