Friday, March 13, 2026 Last Updated 39 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.24 PM

3.25 ലക്ഷം കോടിയുടെ റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ അനുമതി

ന്യൂഡല്‍ഹി: വ്യോമസേനയ്‌ക്കായി 3.25 ലക്ഷം കോടി രൂപ ചെലവില്‍ 114 റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള നിര്‍ദേശത്തിന്‌ ഡിഫന്‍സ്‌ അക്വിസിഷന്‍ കൗണ്‍സിലിന്റെ (ഡി.എ.സി) അംഗീകാരം. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാടാണിത്‌.
ഫ്രഞ്ച്‌ കമ്പനിയായ ദസോ ഏവിയേഷനില്‍നിന്നാണ്‌ റാഫേല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യ സ്വന്തമാക്കുന്നത്‌. ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യ സന്ദര്‍ശനത്തിനു തൊട്ടുമുമ്പാണ്‌ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ അധ്യക്ഷനായ ഡി.എ.സി. വമ്പന്‍കരാറിനു പച്ചക്കൊടി കാട്ടിയതെന്നതും ശ്രദ്ധേയമാണ്‌.
114 പോര്‍വിമാനങ്ങളില്‍ 18 എണ്ണം ഫ്രാന്‍സില്‍നിന്നു നേരിട്ടെത്തും. ബാക്കി 96 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും. കേന്ദ്രസര്‍ക്കാരിന്റെ 'മേക്ക്‌ ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി അത്യാധുനിക പോര്‍വിമാനസാങ്കേതികവിദ്യ കൈമാറ്റവും കരാറിന്റെ ഭാഗമാണ്‌. പ്രതിരോധമന്ത്രാലയത്തിന്റെ അംഗീകാരത്തിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിസഭാസമിതിയുടെ അന്തിമാംഗീകാരവും ലഭിക്കുന്നതോടെ കരാര്‍ യാഥാര്‍ത്ഥ്യമാകും.
'അക്‌സപ്‌റ്റന്‍സ്‌ ഓഫ്‌ നെസസിറ്റി' (എ.ഒ.എന്‍) പദ്ധതിയുടെ ഭാഗമായി ആകെ 3.60 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ക്കാണ്‌ ഡി.എ.സി. അംഗീകാരം നല്‍കിയത്‌. റാഫേല്‍ പോര്‍വിമാനങ്ങള്‍ക്കു പുറമേ, വ്യോമസേനയ്‌ക്കായി മിസൈലുകള്‍, എയര്‍-ഷിപ്‌ ബേസ്‌ഡ്‌ ഹൈ ആള്‍ട്ടിറ്റ്യൂഡ്‌ സ്യൂഡോ സാറ്റലൈറ്റ്‌, കരസേനയ്‌ക്കായി 'വൈഭവ്‌' ടാങ്ക്‌ വേധ മൈനുകള്‍, ആര്‍മേഡ്‌ റിക്കവറി വെഹിക്കിള്‍സ്‌ (എ.ആര്‍.വി), ടി-72 ടാങ്കുകള്‍, ബി.എം.പി-2 വെഹിക്കിള്‍സ്‌, നാവികസേനയ്‌ക്കായി 04 എം.ഡബ്ല്യു. മറൈന്‍ ഗ്യാസ്‌ ടര്‍ബൈന്‍ ബേസ്‌ഡ്‌ ഇലക്‌ട്രിക്‌ പവര്‍ ജനറേറ്ററുകള്‍ പി-81 ദീര്‍ഘദൂര സമുദ്രനിരീക്ഷണവിമാനം, തീരസംരക്ഷണസേനയുടെ ഡോണിയര്‍ വിമാനങ്ങള്‍ക്കായി ഇലക്‌ട്രോ-ഒപ്‌റ്റിക്കല്‍/ഇന്‍ഫ്രാ റെഡ്‌ സിസ്‌റ്റം എന്നിവ വാങ്ങുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
വ്യോമസേനയുടെ രണ്ട്‌ സ്‌ക്വാഡ്രണുകളിലായി നിലവില്‍ 36 റഫേല്‍ പോര്‍വിമാനങ്ങളുണ്ട്‌. റാഫേലിന്റെ 'സി' വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളാണ്‌ ഏറ്റവുമൊടുവില്‍, 2024 ഡിസംബറില്‍ വാങ്ങിയത്‌. നാവികസേനയ്‌ക്കായി 63,000 കോടി രൂപ ചെലവില്‍ 26 റാഫേല്‍ 'എം' പോര്‍വിമാനങ്ങള്‍ക്കും ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്‌. ഐ.എന്‍.എസ്‌. വിക്രാന്ത്‌, ഐ.എന്‍.എസ്‌. വിക്രമാദിത്യ എന്നീ പടക്കപ്പലുകള്‍ കേന്ദ്രീകരിച്ചാകും ഇവ പ്രവര്‍ത്തിക്കുക.

Ads by Google
Thursday 12 Feb 2026 11.24 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW