Wednesday, March 11, 2026 Last Updated 24 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.20 AM

'പാകിസ്‌താനെ ഉപയോഗിച്ചശേഷം ടോയ്‌ലറ്റ്‌ പേപ്പര്‍ പോലെ വലിച്ചെറിഞ്ഞു' യു.എസിനെതിരേ പാക്‌ പ്രതിരോധമന്ത്രി

uploads/news/2026/02/825082/wo2.jpg

ഇസ്ലാമാബാദ്‌: തന്ത്രപരമായ പാകിസ്‌താനെ .എസ്‌. ചൂഷണം ചെയ്‌തതായും പിന്നീട്‌ ടോയ്‌ലറ്റ്‌ പേപ്പര്‍ പോലെ ഉപേക്ഷിച്ചതായും ആരോപിച്ച്‌ പാക്‌ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്‌.
പാകിസ്‌താന്‍ അതിന്റെ ഭീകരവാദ ചരിത്രത്തെ പലപ്പോഴും നിഷേധിക്കാറുണ്ടെന്നു സമ്മതിച്ച അദ്ദേഹം, ഈ പ്രവണതയെ 'മുന്‍കാല സ്വേച്‌ഛാധിപതികള്‍ ചെയ്‌ത തെറ്റ്‌' എന്നും ദേശീയ അസംബ്ലിയില്‍ വിശേഷിപ്പിച്ചു. രാജ്യത്തെ ഭീകരത മുന്‍കാല തെറ്റുകളുടെ തിരിച്ചടിയാണെന്നും രണ്ട്‌ അഫ്‌ഗാന്‍ യുദ്ധങ്ങളിലെ ഇസ്ലാമാബാദിന്റെ പങ്കാളിത്തം ഒരു തെറ്റായിരുന്നെന്നും പാക്‌ പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇസ്ലാമാബാദിന്റെ മുന്‍കാല സഖ്യങ്ങളെ സംബന്ധിച്ച ഏറ്റവും വലിയ കുറ്റസമ്മതങ്ങളിലൊന്നാണ്‌ പാക്‌ പ്രതിരോധമന്ത്രിയുടെ പരാമര്‍ശം.
1999-നുശേഷം വാഷിങ്‌ടണുമായുള്ള പാകിസ്‌താന്റെ പുനഃസമാഗമം പാകിസ്‌താന്‌ ശാശ്വതമായ നാശനഷ്‌ടങ്ങള്‍ വരുത്തിവച്ചതായി അഫ്‌ഗാന്‍ വിഷയം എടുത്തുപറഞ്ഞ്‌ ആസിഫ്‌ അഭിപ്രായപ്പെട്ടു. യുദ്ധത്തിനുവേണ്ടി യു.എസിനു പാകിസ്‌താനെ വാടകയ്‌ക്കു നല്‍കി. എന്നാല്‍ ടോയ്‌ലറ്റ്‌ പേപ്പര്‍ പോലെ പിന്നീട്‌ ഉപേക്ഷിക്കപ്പെട്ടു. പാര്‍ലമെന്റില്‍ പരസ്യമായി അംഗീകരിക്കപ്പെട്ട നയങ്ങളിലൂടെ അഫ്‌ഗാനിസ്‌ഥാന്‍ ഇപ്പോള്‍ നശിപ്പിക്കപ്പെട്ടു. ദശലക്ഷക്കണക്കിന്‌ ആളുകള്‍ കഷ്‌ടപ്പെട്ടു. തലമുറകള്‍ നഷ്‌ടപ്പെട്ടു. ലോകത്തിന്‌ അവിടേക്ക്‌ തിരിഞ്ഞുനോക്കാന്‍ കഴിയില്ലെന്നും ഖ്വാജ ആസിഫ്‌ പാക്‌ പാര്‍ലമെന്റില്‍ വിശദീകരിച്ചു.
1999-ന്‌ ശേഷം പൊതുവേയും, 2001 സെപ്‌റ്റംബര്‍ 11-ലെ ആക്രമണങ്ങള്‍ക്കുശേഷം പ്രത്യേകിച്ചും യു.എസുമായി സഖ്യത്തിലേര്‍പ്പെടുന്നതിന്റെ ചെലവുകള്‍ വിനാശകരമെന്നാണ്‌ പാക്‌ പ്രതിരോധ മന്ത്രി വ്യക്‌തമാക്കിയത്‌. ടോയ്‌ലറ്റ്‌ പേപ്പറിനേക്കാള്‍ മോശമായാണ്‌ യു.എസ്‌. പാകിസ്‌താനെ പരിഗണിച്ചത്‌. 2001 നു ശേഷമുള്ള കാലയളവില്‍ യു.എസ്‌ നേതൃത്വത്തില്‍ നടന്ന അഫ്‌ഗാന്‍ യുദ്ധത്തിലാണ്‌ പാകിസ്‌താന്‍ വീണ്ടും വാഷിങ്‌ടണുമായി സഖ്യത്തിലേര്‍പ്പെട്ടത്‌. ഇതിലൂടെ രാജ്യം താലിബാനെതിരേ തിരിഞ്ഞു. ഒടുവില്‍ യു.എസ്‌. ഈ മേഖലയില്‍നിന്നു പിന്മാറിയെങ്കിലും നീണ്ടുനില്‍ക്കുന്ന അക്രമം, തീവ്രവാദവല്‍ക്കരണം, സാമ്പത്തിക സമ്മര്‍ദം എന്നിവയുമായി പാകിസ്‌താന്‍ മല്ലിടുകയായിരുന്നെന്ന്‌ അദ്ദേഹം വിശദമാക്കി.
അഫ്‌ഗാന്‍ സംഘര്‍ഷങ്ങളില്‍ പാകിസ്‌താന്‍ ഇടപെടുന്നത്‌ മതപരമായ ബാധ്യത മൂലമാണെന്ന ഔദ്യോഗിക വിവരണങ്ങളെയും ആസിഫ്‌ വെല്ലുവിളിച്ചു. പാകിസ്‌താനികളെ ജിഹാദിന്റെ കൊടിക്കീഴില്‍ പോരാടാന്‍ അയച്ചത്‌ ആഴത്തില്‍ നാശനഷ്‌ടമുണ്ടാക്കുന്നതാണ്‌. രണ്ടു മുന്‍ സൈനിക സ്വേച്‌ഛാധിപതികള്‍ അഫ്‌ഗാന്‍ യുദ്ധത്തില്‍ ചേര്‍ന്നത്‌ ഇസ്ലാമിനുവേണ്ടിയല്ലെന്ന്‌ സിയാ ഉള്‍ ഹഖിനെയും പര്‍വേസ്‌ മുഷറഫിനെയും ലക്ഷ്യമാക്കി അദ്ദേഹം പറഞ്ഞു.
ഒരു വന്‍ശക്‌തിയെ പ്രീതിപ്പെടുത്താനായിരുന്നു ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ''നമ്മള്‍ നമ്മുടെ ചരിത്രം നിഷേധിക്കുന്നു. നമ്മുടെ തെറ്റുകള്‍ അംഗീകരിക്കുന്നില്ല. മുന്‍കാലങ്ങളില്‍ സ്വേച്‌ഛാധിപതികള്‍ ചെയ്‌ത തെറ്റുകളുടെ തിരിച്ചടിയാണു തീവ്രവാദം. അനുഭവിച്ച നഷ്‌ടങ്ങള്‍ ഒരിക്കലും നികത്താനാവില്ല.'' ആസിഫ്‌ പറഞ്ഞു.

Ads by Google
Thursday 12 Feb 2026 01.20 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW