-->
ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ സ്‌കൂളില്‍ നടന്ന വെടിവയ്‌പ്പില്‍ അക്രമി ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്കു പരുക്കേറ്റു. നിറയൊഴിച്ചത് ഒരു സ്‌ത്രീയാണെന്നും ഇവരെ സ്‌കൂള്‍ പരിസരത്തു മരിച്ചനിലയില്‍ കണ്ടെത്തിയതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ്(ആര്‍.സി.എം.പി.) അറിയിച്ചു. ആറുപേരെ സ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിയില്‍ മരിച്ചു. രണ്ടുപേരെ സമീപത്തുള്ള ഒരു വസതിയിലാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ വ്യോമമാര്‍ഗം ആശുപത്രിയിലേക്കു മാറ്റി.
ടംബ്ലര്‍ റിഡ്‌ജ് സെക്കന്‍ഡറി സ്‌കൂളില്‍ പ്രാദേശിക സമയം ഇന്നലെ ഉച്ചയ്‌ക്ക് 1.20-നായിരുന്നു സംഭവം. സ്‌ഥലത്തെത്തിയ പോലീസ്, പുറത്തിറങ്ങരുതെന്നും വാതിലടച്ച് അകത്തിരിക്കണമെന്നും പ്രദേശത്തെ ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി. അഞ്ചു മണിക്കൂറിനുശേഷമാണു നിര്‍ദേശം പിന്‍വലിച്ചത്. കൂടുതല്‍ പ്രതികളുണ്ടോയെന്നു പോലീസ് അന്വേഷിച്ചുവരികയാണ്. സ്‌കൂള്‍ ഒരാഴ്‌ചത്തേക്ക് അടച്ചു. ജീവനക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 100 പേരെ സ്‌കൂളില്‍നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. വെടിവയ്‌പ്പിനു കാരണമെന്തെന്ന് ഇനിയും വ്യക്‌തമായിട്ടില്ല.