Wednesday, March 11, 2026 Last Updated 55 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.16 AM

തമിഴ്‌നാട്ടില്‍ ഡി.എം.കെ. ഒറ്റയ്‌ക്ക്‌ സര്‍ക്കാര്‍ രൂപീകരിക്കും: സ്‌റ്റാലിന്‍; കോണ്‍ഗ്രസുമായി സഖ്യം, സര്‍ക്കാരില്‍ പ്രാതിനിധ്യം നല്‍കില്ല

uploads/news/2026/02/825057/in3.jpg

ചെന്നൈ: ഡി.എം.കെ. ഒറ്റയ്‌ക്കു സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിന്‍. കോണ്‍ഗ്രസുമായി സഖ്യത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടും. രാഹുല്‍ ഗാന്ധിയുമായി സഹോദരബന്ധമാണുള്ളതെന്നും സ്‌റ്റാലിന്‍.
ഡി.എം.കെ. സ്വന്തംനിലയ്‌ക്ക്‌ സര്‍ക്കാര്‍ രൂപീകരിക്കും. 2021-നെ അപേക്ഷിച്ച്‌ വലിയ മുന്നേറ്റം ഇക്കുറിയുണ്ടാകുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ്‌ സഖ്യം ശക്‌തമാണ്‌. തെരഞ്ഞെടുപ്പില്‍ ഒരുമിച്ച്‌ പോരാടും. സര്‍ക്കാരില്‍ അധികാരം പങ്കിടുന്നതിനെക്കുറിച്ചുള്ള ചോദ്യം ഇപ്പോള്‍ ഉദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021-ലെ തമിഴ്‌നാട്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍, ഡി.എം.കെ. 234 സീറ്റുകളില്‍ 133 എണ്ണം നേടി. തനിച്ചു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഈ മേല്‍ക്കൈ അവരെ പ്രാപ്‌തരാക്കി. സഖ്യകക്ഷിയായി മത്സരിച്ച കോണ്‍ഗ്രസ്‌ 25 സീറ്റില്‍ 18 എണ്ണം നേടി. എന്നാല്‍, കോണ്‍ഗ്രസിന്‌ മന്ത്രിസ്‌ഥാനം നല്‍കിയില്ല.
ഇത്തവണ പക്ഷേ, സഖ്യകക്ഷികള്‍ക്കിടയില്‍ അതൃപ്‌തി ഉടലെടുത്തു, കോണ്‍ഗ്രസ്‌ വിലപേശല്‍ നടത്തി. സംസ്‌ഥാനത്ത്‌ ഡി.എം.കെ. തങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന്‌ അവര്‍ ആരോപിക്കുന്നു. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ വേണമെന്നും സഖ്യം അധികാരത്തില്‍ തിരിച്ചെത്തുന്നെങ്കില്‍ അധികാരം പങ്കിടണമെന്നും അവര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്‌.
വിലപേശലുകള്‍ക്കിടയില്‍, രാഹുല്‍ ഗാന്ധി കഴിഞ്ഞ മാസം ഡി.എം.കെ: എം.പി. കനിമൊഴിയെ കണ്ടിരുന്നു. മന്ത്രിസഭാ സ്‌ഥാനങ്ങള്‍, കൂടുതല്‍ സീറ്റുകള്‍, രാജ്യസഭാ ബര്‍ത്ത്‌ എന്നിവ ചര്‍ച്ചകളില്‍ ഇടംപിടിച്ചു. ഈ വരുന്ന 22 മുതല്‍ സീറ്റ്‌ വിഭജന ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിക്കുമെന്ന്‌ ഡി.എം.കെ. ഇന്നലെ അറിയിച്ചു.
ഇന്ത്യാ ടുഡേയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ തമിഴ്‌നാട്‌ മൃഖ്യമന്ത്രി, എന്‍.ഡി.എയ്‌ക്കെതിരേ കടന്നാക്രമണവും നടത്തി. 'എന്‍.ഡി.എ. ഇരട്ട എന്‍ജിന്‍ അല്ല, ഡബ്ബ (പൊള്ള) എന്‍ജിന്‍ ' ആണെന്ന്‌ അദ്ദേഹം വിമര്‍ശിച്ചു.
ആര്യ-ദ്രാവിഡ പോരായി തെരഞ്ഞെടുപ്പിനെ ചിത്രീകരിച്ച തമിഴ്‌നാട്‌ മുഖ്യമന്ത്രി, തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ എന്‍.ഡി.എ 'തെറ്റായ കാര്യങ്ങള്‍, വിദ്വേഷം, വര്‍ഗീയ സംഘര്‍ഷം' എന്നിവ പ്രചരിപ്പിക്കുകയാണെന്ന്‌ ആരോപിച്ചു.
സംസ്‌ഥാനത്തെ ന്യൂനപക്ഷങ്ങളുമായുള്ള ഭിന്നത വര്‍ധിപ്പിക്കാന്‍ എന്‍.ഡി.എ. മനഃപൂര്‍വ്വം ശ്രമിക്കുന്നു. ജനങ്ങള്‍ അവരുടെ പ്രകോപനങ്ങള്‍ക്ക്‌ 'വലിയ നിരാശ' സമ്മാനിക്കും. അത്തരം വിഭജന രാഷ്‌ട്രീയത്തിന്‌ സംസ്‌ഥാനത്ത്‌ സ്‌ഥാനമില്ലെന്നും സ്‌റ്റാലിന്‍ പറഞ്ഞു.

Ads by Google
Thursday 12 Feb 2026 01.16 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW