Wednesday, March 11, 2026 Last Updated 49 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.16 AM

ദേശീയഗാനത്തിനു മുമ്പ്‌ വന്ദേമാതരം നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്രസര്‍ക്കാര്‍

uploads/news/2026/02/825055/in1.jpg

ന്യൂഡല്‍ഹി: എല്ലാ സര്‍ക്കാര്‍ പരിപാടികളിലും വിദ്യാഭ്യാസസ്‌ഥാപനങ്ങളിലും ദേശീയഗാനം (ജനഗണമന) ആലപിക്കുന്നതിനു മുമ്പ്‌ ദേശീയഗീതമായ വന്ദേമാതരം ആലപിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച പുതിയ ചട്ടങ്ങളിലാണ്‌ ഈ മാര്‍ഗനിര്‍ദേശം. വന്ദേമാതരം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നിന്ന്‌ ആദരവ്‌ പ്രകടിപ്പിക്കണമെന്നും പുതിയ ചട്ടങ്ങളില്‍ വ്യക്‌തമാക്കുന്നു.
രാഷ്‌ട്രപതി പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും അദ്ദേഹം എത്തുമ്പോഴും പോകുമ്പോഴും വന്ദേമാതരം അവതരിപ്പിക്കണം. സിനിമാശാലകള്‍ പോലെ പൊതുസ്‌ഥലങ്ങളിലും വന്ദേമാതരം നിര്‍ബന്ധമാക്കി. എന്നാല്‍, സിനിമാശാലകളില്‍ ആ സമയത്ത്‌ കാണികള്‍ എഴുന്നേറ്റ്‌ നില്‍ക്കണമെന്നു നിബന്ധനയില്ല. വന്ദേമാതരത്തിലെ ആറ്‌ പദ്യഖണ്ഡവും പൂര്‍ണമായി ആലപിക്കണം. 1937-ല്‍ കോണ്‍ഗ്രസ്‌ നീക്കംചെയ്‌ത നാല്‌ ഖണ്ഡങ്ങള്‍ ഉള്‍പ്പെടെയാണിത്‌. ദേശീയചിഹ്‌നങ്ങളെയും ദേശീയഗാനത്തെയും അപമാനിക്കുന്നതു തടയുന്ന നിയമത്തിന്റെ പരിധിയില്‍ വന്ദേമാതരത്തെയും ഉള്‍പ്പെടുത്തും. ദേശീയഗാനാലാപനം തടസപ്പെടുത്തുകയോ ആദരിക്കുന്നതില്‍നിന്നു മറ്റുള്ളവരെ തടയുകയോ ചെയ്‌താല്‍ മൂന്നുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം.
വന്ദേമാതരത്തില്‍നിന്ന്‌ നാല്‌ ഖണ്ഡങ്ങള്‍ ഒഴിവാക്കിയ നടപടിയെച്ചൊല്ലി ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്‌. മുസ്ലിംകള്‍ക്കു ഹിതകരമല്ലെന്ന മുഹമ്മദാലി ജിന്നയുടെ വാദത്തെ പിന്തുണച്ച്‌ മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വന്ദേമാതരത്തെ എതിര്‍ത്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തിയിരുന്നു. വന്ദേമാതരത്തിന്റെ 150-ാം രചനാവാര്‍ഷികവേളയില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലും നെഹ്‌റുവിന്റെ കത്ത്‌ ഉദ്ധരിച്ച്‌ ബി.ജെ.പി. ഈ ആരോപണമുന്നയിച്ചു. ദുര്‍ഗ ഉള്‍പ്പെടെ മൂന്ന്‌ ദേവതമാരെ വാഴ്‌ത്തുന്ന ഭാഗമാണ്‌ കോണ്‍ഗ്രസ്‌ ഒഴിവാക്കിയതെന്നാണ്‌ ആരോപണം. ദുര്‍ഗാപൂജയ്‌ക്ക്‌ ഏറെ പ്രാധാന്യമുള്ള പശ്‌ചിമബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൂടി മുന്നില്‍ക്കണ്ടാണ്‌ ബി.ജെ.പി. നീക്കം.
ബി.ജെ.പിയും ആര്‍.എസ്‌.എസുമാണ്‌ വന്ദേമാതരത്തെ എക്കാലത്തും ഒഴിവാക്കിയിട്ടുള്ളതെന്ന്‌ കോണ്‍ഗ്രസ്‌ തിരിച്ചടിക്കുന്നു. വന്ദേമാതരം ആലപിക്കാത്തവര്‍ ഇപ്പോള്‍ ദേശീയതയുടെ സംരക്ഷകരായി രംഗത്തുവന്നിരിക്കുകയാണെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരിഹസിച്ചു.

Ads by Google
Thursday 12 Feb 2026 01.16 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW