Wednesday, March 11, 2026 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.27 PM

ഇന്ത്യ- യു.എസ്‌. വ്യാപാര കരാര്‍: വസ്‌തുതാ റിപ്പോര്‍ട്ടുമായി വൈറ്റ്‌ഹൗസ്‌ തീരുവ പൂജ്യമാക്കാന്‍ ഇന്ത്യ സമ്മതിച്ചു

വാഷിങ്‌ടണ്‍: യു.എസ്‌. ഉത്‌പന്നങ്ങള്‍ക്കുള്ള തീരുവ പൂജ്യമാക്കാന്‍ ഇന്ത്യ സമ്മതിച്ചെന്ന വാദം ആവര്‍ത്തിച്ച്‌ യു.എസ്‌. ഇന്ത്യ- യു.എസ്‌. വ്യാപാര കരാറിനെക്കുറിച്ചു വൈറ്റ്‌ഹൗസ്‌ പുറത്തുവിട്ട വസ്‌തുതാ റിപ്പോര്‍ട്ടിലാണ്‌ ഈ പരാമര്‍ശം. കരാര്‍ 'ചരിത്രപരമായ' ചുവടുവയ്‌പ്പാണെന്ന്‌ യു.എസ്‌. അവകാശപ്പെട്ടു. കരാര്‍ സംബന്ധിച്ചു കൂടുതല്‍ വ്യക്‌തതയുള്ള റിപ്പോര്‍ട്ടാണു യു.എസ്‌. പുറത്തുവിട്ടത്‌. കരാര്‍ പ്രകാരം 140 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യന്‍ വിപണി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്ക്‌ മേലുള്ള 25 ശതമാനം താരിഫ്‌ 18 ശതമാനമായി കുറയ്‌ക്കാന്‍ അമേരിക്ക സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്‌.
'അമേരിക്കക്കെതിരായ തീരുവകളും തീരുവ ഇതര തടസങ്ങളും പൂജ്യമായി കുറയ്‌ക്കാന്‍ ഇന്ത്യ സമ്മതിച്ചു' - യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ അവകാശവാദം റിപ്പോര്‍ട്ടില്‍ ആവര്‍ത്തിക്കുന്നു.
കരാറിന്റെ പ്രധാന നിബന്ധനകള്‍

വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്കും യു.എസ്‌. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും മേലുള്ള താരിഫുകള്‍ 'ഇല്ലാതാക്കാനോ കുറയ്‌ക്കാനോ' ഇന്ത്യ സമ്മതിച്ചതായി വൈറ്റ്‌ ഹൗസ്‌ അറിയിച്ചു. ഇതില്‍ ഉണങ്ങിയ ധാന്യങ്ങള്‍, ട്രീ നട്‌സ്‌, പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങള്‍, ചില പയറുവര്‍ഗങ്ങള്‍, സോയാബീന്‍ ഓയില്‍, വൈന്‍, മറ്റ്‌ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ കൂടുതലായി വാങ്ങും. 50,000 കോടി ഡോളറിന്റെ ഊര്‍ജം, വിവരസാങ്കേതികവിദ്യ, കല്‍ക്കരി, മറ്റ്‌ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇന്ത്യ വാങ്ങേണ്ടിവരും.
വ്യാപാരത്തില്‍ പ്രാധാന്യമുള്ള മേഖലകളെ ബാധിക്കുന്ന തീരുവ ഇതര തടസങ്ങള്‍ പരിഹരിക്കാനും ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ടിലുണ്ട്‌. കൂടാതെ, ഇന്ത്യ തങ്ങളുടെ ഡിജിറ്റല്‍ സേവന നികുതികള്‍ നീക്കം ചെയ്യും. ഇലക്‌ട്രോണിക്‌ ട്രാന്‍സ്‌മിഷനുകള്‍ക്ക്‌ കസ്‌റ്റംസ്‌ ഡ്യൂട്ടി ചുമത്തുന്നതിനെ നിരോധിക്കുന്ന നിയമങ്ങള്‍ പരിശോധിക്കും. ഇരുവശത്തുള്ള ഡിജിറ്റല്‍ വ്യാപാര നിയമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ തയാറാകും.
ഏര്‍പ്പെടുത്തിയ ആനുകൂല്യങ്ങള്‍ പ്രധാനമായും അമേരിക്കയ്‌ക്കും ഇന്ത്യയ്‌ക്കും ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കുന്ന ഉത്‌ഭവ നിയമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചതായി റിപ്പോര്‍ട്ടിലുണ്ട്‌.
യു.എസ്‌. ഉത്‌പന്നങ്ങളുടെ തീരുവ പൂജ്യമാക്കാന്‍ സമ്മതിച്ചിട്ടില്ലെന്നാണ്‌ ഇന്ത്യയുടെ നിലപാട്‌. തെരഞ്ഞെടുത്ത യു.എസ്‌. ഉല്‍പ്പന്നങ്ങളുടെ തീരുവ ഉടനടി ഇല്ലാതാക്കുന്നതിന്‌ പകരം, ആ തത്വത്തെ അടിസ്‌ഥാനമാക്കി കുറയ്‌ക്കാനോ ഘട്ടം ഘട്ടമായി നീക്കം ചെയ്യാനുമുള്ള സന്നദ്ധതയാണ്‌ ഇന്ത്യ അറിയിച്ചത്‌. ട്രംപിന്റെഅവകാശവാദം ഇന്ത്യന്‍ വ്യാപാരികളില്‍ ആശങ്കയുണ്ടാക്കിയിരുന്നു.
വരും ആഴ്‌ചകളില്‍ ഇന്ത്യയും യു.എസും കരാര്‍ പൂര്‍ത്തിയാക്കുമെന്നും പ്രസ്‌താവന പറഞ്ഞു.

Ads by Google
Tuesday 10 Feb 2026 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW