Wednesday, March 11, 2026 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 05.32 PM

‘കുടുംബത്തിന്റെ മാനം പോയി,അതിനെന്താണ് വഴി...?’ മകനെയും കാമുകിയെയും മെട്രോ സ്റ്റേഷനില്‍ നിന്ന് കൈയോടെ പിടിച്ചു; സ്പോട്ടില്‍ വിവാഹ നിശ്ചയം നടത്തി അമ്മ; അമ്പരന്ന് നെറ്റിസണ്‍സ്

മെട്രോ സ്റ്റേഷനിൽ വെച്ച് മകനെയും കാമുകിയെയും അപ്രതീക്ഷിതമായി കണ്ട ഒരമ്മ ഇപ്പോഴിതാ അവിടെ വെച്ച് തന്നെ അവരുടെ വിവാഹനിശ്ചയം നടത്തുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
Mother conduct engagement of son and girlfriend at metro station
Mother caught her son with his girlfriend at a metro station and conducts engagement (Image Source: X)

പ്രണയവും പ്രണയസാഫല്യവും വിവാഹവുമൊക്കെ ഇന്നത്തെ തലമുറ വലിയ സീരിയസ്സായി എടുക്കുന്ന കാര്യങ്ങളല്ല. പലരും ഒരു നേരംപോക്കു പോലെയാണ് പ്രണയത്തെ കാണുന്നത്. അതില്‍ ആണ്‍ പെണ്‍ വ്യത്യാസവുമില്ല. വിവാഹത്തില്‍ ചെന്നു കലാശിക്കുന്ന പ്രണയങ്ങള്‍ വളരെ കുറവാണ്. എങ്കിലും മാതാപിതാക്കള്‍ മക്കളുടെ ഇഷ്ടം മനസ്സിലാക്കി പ്രണയിച്ച ആളിനെത്തന്നെ വിവാഹം ചെയ്യുന്നതില്‍ പലപ്പോഴും പിന്തുണയ്ക്കാറുണ്ട്. ഒരു വീട്ടുകാര്‍ എതിര്‍ത്താലും മറ്റേ വീട്ടുകാരുടെ ഇഷ്ടത്തോടെ പല പ്രണയങ്ങളും വിവാഹത്തിലെത്താറുണ്ട്.
ഇപ്പോഴിതാ മെട്രോ സ്‌റ്റേഷനിൽ അപ്രതീക്ഷിതമായി അരങ്ങേറിയ ഒരു ‘വിവാഹനിശ്ചയ’ത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ അമ്പരപ്പും കൗതുകവും സൃഷ്ടിക്കുന്നത്. കണ്ടാല്‍ വിശ്വസിക്കണോ വേണ്ടയോ എന്നു തോന്നിപ്പിക്കുന്നതാണ് ഈ വീഡിയോയിലെ ഉള്ളടക്കം. മെട്രോ സ്‌റ്റേഷനിൽ വെച്ച് മകനെ കാമുകിക്കൊപ്പം കണ്ടുമുട്ടുന്ന ഒരമ്മയെയും അച്ഛനെയും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഒട്ടും ആലോചിക്കാതെ അവിടെ വച്ചു തന്നെ അമ്മ അവരുടെ വിവാഹനിശ്ചയം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വീട്ടുസാധനങ്ങൾ വാങ്ങാൻ ഭർത്താവിനൊപ്പം പുറത്തുപോയപ്പോഴാണ് മകൻ കാമുകിക്കൊപ്പം മെട്രോ സ്റ്റേഷനിൽ ഇരിക്കുന്നത് കണ്ടത്. ആ കാഴ്ച കണ്ട് ഞെട്ടിയ അവർ, കുടുംബത്തിൽ നിന്ന് ഈ ബന്ധം മറച്ചുവെച്ചതിന് മകനെ ചോദ്യം ചെയ്യുകയും ശകാരിക്കുകയും ചെയ്തു. അതിനു ശേഷം മെട്രോ സ്‌റ്റേഷനിലെ ബെഞ്ചിലിരിക്കുന്ന മകനും കാമുകിക്കും വീട്ടിലേക്ക് വാങ്ങിയ മധുരപലഹാരങ്ങളും പഴങ്ങളും അമ്മ നല്‍കുന്നു. അതിനു ശേഷം മകന്റെ കാമുകിയായ പെണ്‍കുട്ടിയുടെ തലയില്‍ ദുപ്പട്ടയിട്ട ശേഷം അമ്മ ചടങ്ങുകള്‍ ചെയ്യുകയാണ്. മധുരപലഹാരങ്ങൾ നൽകി, പരമ്പരാഗത ആചാരങ്ങൾക്കനുസൃതമായി വിവാഹനിശ്ചയം പൂർത്തിയായതായി അമ്മ പറയുന്നുണ്ട്.
‘ഞങ്ങളിവിടെ വിവാഹനിശ്ചയം നടത്തുകയാണ്, ഈ പെണ്‍കുട്ടിയുടെ അച്ഛന്‍ ഈ വീഡിയോ കാണണം...’ എന്ന് അമ്മ പറയുന്നുണ്ട്. ചടങ്ങുകൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ അമ്മ, വീഡിയോ എടുക്കുന്ന ആളോട് ദൃശ്യങ്ങൾ ശരിയായി പകർത്താൻ നിർദ്ദേശിക്കുന്നതും വീഡിയോയിലുണ്ട്.
മകൻ അമ്മയെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അമ്മ വഴങ്ങുന്നില്ല. ‘ഞങ്ങള്‍ മെ​ട്രോ സ്റ്റേഷനില്‍ വച്ച് നടത്താനല്ല ഉദ്ദേശിച്ചത്, ഈ കുട്ടിയുടെ വീട്ടിലേക്ക് പോകാനാണ്. നമ്മുടെ കുടുംബത്തിന്റെ മാനം പോയി, അതിനെന്താണ് വഴി?’ എന്ന് ചോദിച്ചുകൊണ്ട് അമ്മ മകനെയും പെൺകുട്ടിയെയും മധുരം കഴിപ്പിക്കുന്നതും വീഡി​യോയില്‍ കാണാം. ഒടുവിൽ ‘സന്തോഷമായി ഇരിക്കൂ’ എന്ന് പറഞ്ഞ് അമ്മയും അച്ഛനും അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. എക്സിലൂടെ പങ്കിട്ട ഈ വീഡിയോ ചിരിയും അമ്പരപ്പും പടർത്തി വൈറലായിരിക്കുകയാണ്.

വീഡിയോ വൈറലായതോടെ പലരുമിത് കണ്ട് അമ്പരന്ന് കണ്ണുതള്ളി, ‘ഇതൊരു സ്ക്രിപ്റ്റഡ് വീഡിയോയാണോ’ എന്ന സംശയം പ്രകടിപ്പിച്ചു. ‘പെൺകുട്ടിയുടെ മാതാപിതാക്കളുടെ സമ്മതം ആരെങ്കിലും ചോദിച്ചോ? അവർക്ക് മകളെ ഈ പയ്യനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ താല്പര്യമുണ്ടോ?...’ എന്ന ​ചോദ്യങ്ങളും കമന്റുകളിലുണ്ട്. എന്നാല്‍ സംഭവം നടന്ന സ്ഥലം ഏതാണെന്നോ സമയം എപ്പോഴാണെന്നോ ഒന്നും വ്യക്തതയില്ല.

Ads by Google
Tuesday 10 Feb 2026 05.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW