-->
ടെലിവിഷന്‍ അവതാരകനായി തുടക്കം കുറിച്ച്, മിനിസ്ക്രീന്‍ പരമ്പരകളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കി, പിന്നീട് ബിഗ് സ്ക്രീനില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് അനൂപ് മേനോന്‍. തിരക്കഥ എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് അനൂപ് മേനോന്‍ നായകവേഷങ്ങളില്‍ തിളങ്ങിത്തുടങ്ങിയത്. പകൽ നക്ഷത്രങ്ങൾ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും അനൂപ് മേനോന്‍ തന്റെ മികവ് തെളിയിച്ചു.
ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നിവയുൾപ്പെടെ 12-ഓളം സിനിമകളുടെ തിരക്കഥാകൃത്തായ താരം കിംഗ്ഫിഷ് എന്ന സിനിമയിലൂടെ സംവിധായക കുപ്പായവുമണിഞ്ഞു. ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെ ഗാനരചന രംഗത്തും താരം തിളങ്ങാന്‍ തുടങ്ങി. നിരവധി സിനിമകള്‍ക്ക് വേണ്ടി അനൂപ് മേനോന്‍ പാട്ടെഴുതിയിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പാണ് താന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നുവെന്ന് അനൂപ് മേനോന്‍ പറഞ്ഞത്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചിത്രം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് അപ്ഡേഷനുകള്‍ ഉണ്ടാവാതിരുന്നപ്പോള്‍ ചിത്രം ഉപേക്ഷിച്ചുവെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു വന്നു. പക്ഷേ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് കഴിഞ്ഞ ജൂലൈയില്‍ അനൂപ് മേനോന്‍ തുറന്നു പറഞ്ഞു. സമയമെടുത്ത് ചെയ്യേണ്ട സിനിമയായതിനാല്‍ ഈ വര്‍ഷമേ അത് യാഥാര്‍ഥ്യമാവൂ എന്നായിരുന്നു കഴിഞ്ഞ വര്‍ഷം താരം പറഞ്ഞത്.
ഇപ്പോഴിതാ ആ സിനിമയെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ് പങ്കിടുകയാണ് താരം. മോഹന്‍ലാലിന്റെ താടി വെക്കാത്ത പുതിയ ലുക്ക് ആയിരിക്കുമോ താങ്കള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ടാവുക എന്ന ചോദ്യത്തിനാണ് അനൂപ് മേനോന്‍ മറുപടി പറഞ്ഞത്.
‘‘അത് എങ്ങനെയായിരിക്കുമെന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ല. കാരണം നന്നേ തുടക്ക ഘട്ടത്തിലാണ് ആ പ്രോജക്റ്റ്. അതിന്റെയൊരു കറക്റ്റ് പ്രൊഡക്ഷന്‍ വന്നാലേ അതിനെക്കുറിച്ച് എനിക്ക് സംസാരിക്കാന്‍ പറ്റൂ. അതിനകത്ത് ഉണ്ടായിരുന്ന ഒരു പ്രൊഡക്ഷന്‍ വര്‍ക്ക് ആയില്ല. അങ്ങനെയൊരു സാങ്കേതിക പ്രശ്നം അതിനകത്ത് നിലവിലുണ്ട്. അത് കൂടുതലും എന്റെ ശാഠ്യമാണ്. ആ ശാഠ്യം ആ പടത്തിന്റെ നല്ലതിന് ആണെന്ന് എനിക്ക് തോന്നുന്നു. ലാലേട്ടനും പറയുന്നത് അതാണ്, നിര്‍മ്മാതാവ് എന്ന നിലയില്‍ കറക്റ്റ് ആള് വരട്ടെ എന്ന്.
അങ്ങനെയൊരു പ്രൊഡ്യൂസര്‍ വന്നാലേ ആ സിനിമ സംഭവിക്കൂ. അതിന് സമയമെടുക്കും. ഓടിപ്പിടിച്ച് ചെയ്യേണ്ട കാര്യമൊന്നും ഇല്ലല്ലോ. അദ്ദേഹത്തിന് ഒരുപാട് സിനിമകള്‍ ഉണ്ട്. എനിക്കും തല്‍ക്കാലം ഉരുണ്ട് പോകാനുള്ള സിനിമകള്‍ ഉണ്ട്. ഒരു വശത്തുകൂടെ ഞാനും പോകും. മുഴുവന്‍ പ്രൊഡക്ഷനും ഹാപ്പിയാകുന്ന ഒരു സ്പേസില്‍ മാത്രമേ ആ സിനിമ സംഭവിക്കൂ. ഈ വര്‍ഷം ചിലപ്പോള്‍ നടക്കാം. അല്ലെങ്കില്‍ അടുത്ത വര്‍ഷം ആയിരിക്കാം. അതിന്റെ സമയത്ത് അത് നടക്കട്ടെ...’’ അനൂപ് മേനോന്‍ പറയുന്നു. താന്‍ അഭിനയിച്ച ഈ തനിനിറം എന്ന സിനിമയുടെ പ്രൊമോഷണല്‍ പരിപാടിയില്‍ സംസാരിച്ചപ്പോഴാണ് മോഹന്‍ലാല്‍ പ്രോജക്റ്റിനെക്കുറിച്ച് താരം തുറന്നു പറഞ്ഞത്.
അതേ സമയം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തുടരും എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ്.