-->
മോഹന്‍ലാലും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അഭിമുഖത്തിന്റെ ട്രെയിലര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രാഷ്ട്രീയ പോരാട്ടങ്ങളിലെ കരുത്തനായ നേതാവല്ല, മറിച്ച് ഇതുവരെ കാണാത്ത ഒരു പിണറായി സഖാവിനെയാണ് ഈ അഭിമുഖത്തിലുടനീളം ജനങ്ങള്‍ കാണുന്നത്.
‘കണ്ടും മിണ്ടിയും ഇരുവറി’ല്‍ വ്യക്തിപരമായ സന്തോഷങ്ങളും നൊമ്പരങ്ങളും ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ബാല്യകൗമാരവും രാഷ്ട്രീയ ജീവിതവുമടക്കം ജീവിതത്തിലെ പ്രധാനനിമിഷങ്ങളെല്ലാം പിണറായി പങ്കിടുന്നുണ്ട്. എന്ന അഭിമുഖത്തിലാണ് മുഖ്യമന്ത്രി തന്റെ ഓർമ്മകള്‍ പങ്കുവച്ചത്.
ഇപ്പോഴിതാ അക്കൂട്ടത്തില്‍ കോടിയേരി ബാലകൃഷ്ണൻ മരിച്ചത് തനിക്ക് വലിയ വിഷമം ഉണ്ടാക്കിയെന്ന് പറയുകയാണ് പിണറായി. ‘അങ്ങയുടെ ജീവിതത്തിൽ എപ്പോഴെങ്കിലും കരഞ്ഞുപോയ സന്ദർഭമുണ്ടോ?’ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിനാണ് പിണറായി ഈ മറുപടി പറഞ്ഞത്.
‘‘അമ്മയുടെ മരണം, അതല്ലാതെ നമ്മളെ വല്ലാതെ വേദനിപ്പിച്ച സംഭവങ്ങൾ ധാരാളമുണ്ട്. അതിൽ ഏറ്റവും അധികം വിഷമം തോന്നുന്നത് നമ്മുടെ കൂടെയുള്ളവർ നമ്മളെ വിട്ടുപിരിയുമ്പോഴാണ്. നമുക്ക് ശേഷം വിട്ടുപിരിയേണ്ടവരാണെന്ന് കരുതുന്നവർ അതിനുമുമ്പ് വിട്ടുപിരിയുമ്പോൾ ഉണ്ടാകുന്ന പ്രയാസമുണ്ടല്ലോ...
അതിപ്പോൾ പരസ്യമായി തന്നെ പ്രകടമായതാണ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിലാണ്. ഞാൻ നേരത്തെ പറഞ്ഞതുപോലെ ആ അനുശോചന യോഗത്തിൽ സംസാരിക്കുമ്പോൾ ആ സംസാരം പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞില്ല. അത് സ്വാഭാവികമായിട്ട് വന്ന് പോയതാണ്. അങ്ങനെയുള്ള ചില ഘട്ടങ്ങളുണ്ടായിട്ടുണ്ട്....’’ എന്നാണ് പിണറായി പറയുന്നത്. മലയാളത്തിന്റെ താരരാജാവ് മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖം ചെയ്യുന്നു എന്നതിലുപരി ഈ സംസാരത്തിലുടനീളം രാഷ്ട്രീയ ജീവിതത്തിലെ പിണറായി വിജയനെയല്ല, വ്യക്തിജീവിതത്തിലെ പിണറായിയെയാണ് മലയാളി കണ്ടത് എന്നുള്ളതു തന്നെയാണ് ഈ അഭിമുഖത്തിന്റെ പ്രത്യേകത.
തന്റെ ജീവിതത്തില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത് അമ്മയാണെന്നും ആ വേർപാട് നികത്താനാവാത്ത ആഘാതമാണെന്നും പിണറായി അഭിമുഖത്തില്‍ പറയുന്നുണ്ട്. വളരെ കരുതലോടെയാണ് അമ്മ തന്നെ വളർത്തിയതെന്നും വിദ്യാഭ്യാസം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അമ്മയ്ക്ക് സുഖമില്ലാതിരുന്ന കാലത്ത് ഒരു ദിവസം ഭാര്യ കമല വിളിച്ചപ്പോള്‍ സംസാരത്തില്‍ എന്തോ പന്തികേട് തോന്നി താൻ വേഗം വീട്ടിലെത്തിയെന്ന് മുഖ്യമന്ത്രി ഓർത്തെടുത്തു. “അന്ന് പാർട്ടി സെക്രട്ടറിയേറ്റ് മെമ്പറായി തിരുവനന്തപുരത്ത് മുഴുവൻ സമയ പ്രവർത്തനങ്ങളിലായിരുന്നു ഞാന്‍. ങ്കിലും എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു. ഒരു ദിവസം ഭാര്യ കമലയെ വിളിച്ചപ്പോള്‍ സംസാരത്തില്‍ എന്തോ മാറ്റം തോന്നി. ഉടൻ തന്നെ അന്നത്തെ പാർട്ടി സെക്രട്ടറി ചടയൻ ഗോപാലനോട് അനുവാദം ചോദിച്ച് നാട്ടിലേക്ക് തിരിച്ചു. രാവിലെ വീട്ടിലെത്തിയപ്പോള്‍ അമ്മ കിടപ്പിലായിരുന്നു.
അമ്മയെ പതുക്കെ എന്റെ തോളില്‍ ചാരിയിരുത്തി അല്പം വെള്ളം കൊടുത്തു. എന്റെ മടിയില്‍ കിടന്നാണ് അമ്മ മരിച്ചത്,” ശബ്ദമിടറിക്കൊണ്ട് അദ്ദേഹം പറഞ്ഞു. മരണവിവരം മറ്റുള്ളവരെ അറിയിക്കേണ്ടത് ഞാനായിരുന്നു. എന്നാല്‍ ആ സമയത്ത് അമ്മയുടെ മരണവാർത്ത പോലും പുറത്തുള്ളവരെ അറിയിക്കാൻ കഴിയാത്ത വിധം ഒരക്ഷരം പോലും മിണ്ടാനാകാതെ ഞാന്‍ സ്തംഭിച്ചുപോയി.
അമ്മ ഏത് നിമിഷവും പോകുമെന്ന് എനിക്കറിയാമായിരുന്നു . ആ സമയത്ത് ഞാനും ഭാര്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മയുടെ മരണ വിവരം ആരോടേലും പറയണം. വീടിന് പുറത്തിറങ്ങി. നാട്ടുകാരനായ നാണുവെന്ന ഒരാള്‍ മുന്നില്‍ വന്നു. പക്ഷേ ഒരക്ഷരം പറയാനാകുന്നില്ല. വാക്ക് വരുന്നില്ല. പറയാൻ പറ്റുന്നില്ല. എന്റെ അവസ്ഥ കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് മനസിലായി. അത്, അതങ്ങനെ ഒരു ബന്ധമായിരുന്നു....എന്റെ എല്ലാ കാര്യങ്ങളിലും തണലായി അമ്മ എന്നും കൂടെയുണ്ടായിരുന്നു. ഏറെ കരുതലോടെ എന്നെ വളർത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എന്റെ അമ്മ.
എന്റെ മാതാപിതാക്കള്‍ വലിയ വിശ്വാസികളായിരുന്നു. ഈശ്വര വിശ്വാസം മാത്രമല്ല, അന്നത്തെ കാലത്തെ സംബന്ധിച്ചിടത്തോളം ഭൂതപ്രേത കാര്യങ്ങളിലെല്ലാം വിശ്വാസം ഉണ്ടായിരുന്ന ആളുകളായിരുന്നു അവര്‍. അച്ഛനേക്കാള്‍ കൂടുതല്‍ അമ്മയ്ക്കായിരുന്നു വിശ്വാസം. രാമായണവും കൃഷ്ണപ്പാട്ടും അമ്മയ്ക്ക് വായിച്ചു കൊടുക്കാറുണ്ടായിരുന്നു.
എന്റെ വീട്ടിലെ പതിനാലാമത്തെ കുട്ടിയാണ് ഞാന്‍. എന്നാല്‍ എനിക്കുള്ളത് രണ്ട് സഹോദരന്മാര്‍ മാത്രമാണ്. ബാക്കി ഏഴുപേർ ചെറുപ്രായത്തില്‍ തന്നെ മരിച്ചുപോയി...’’ പിണറായി വിജയന്‍ പറഞ്ഞു.
അഞ്ചാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ച് വീടിനടുത്ത് ബീഡി കെട്ടാൻ പോയ സാഹചര്യത്തെക്കുറിച്ചും അദ്ദേഹം മോഹൻലാലിനോട് വിവരിച്ചു. ‘‘അഞ്ചാം തരത്തില്‍ പഠനം ഉപേക്ഷിച്ച് ബീഡി കെട്ടുന്ന പണിക്ക് പോയിരുന്ന ഒരു ബാല്യമായിരുന്നു എനിക്കുണ്ടായിരുന്നത്. പക്ഷെ അവിടെ ചെന്നപ്പോള്‍ കുട്ടി പഠിക്കട്ടെ എന്നാണ് അവർ പറഞ്ഞത്. അതറിഞ്ഞ് എത്തിയ പ്രധാനധ്യാപകനും മാനേജറും അമ്മയോട് സംസാരിച്ചതിന് പിന്നാലെയാണ് യുപി സ്കൂളില്‍ ചേരുന്നത്...’’ മുഖ്യമന്ത്രി ബാല്യകാലം ഓര്‍ത്തെടുത്ത് മോഹന്‍ലാലിനോട് പറയുന്നുണ്ട്.