-->
ടെഹ്‌റാന്‍: യു.എസ്. സൈനിക നീക്കം ശക്‌തമാകുന്നതിനിടയില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി പൊതുചടങ്ങുകളില്‍നിന്നു വിട്ടുനില്‍ക്കാന്‍ തുടങ്ങി.
ഞായറാഴ്‌ച നടന്ന വ്യോമസേനാ കമാന്‍ഡര്‍മാരുമായുള്ള വാര്‍ഷിക കൂടിക്കാഴ്‌ചയില്‍ അദ്ദേഹം പങ്കെടുത്തില്ല. 37 വര്‍ഷത്തിനിടെ ആദ്യമായാണു പരമോന്നത നേതാവ് ഈ ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. 1989ല്‍ നേതൃത്വമേറ്റെടുത്തതിനു ശേഷം, കോവിഡ്19 മഹാമാരിയുടെ കാലത്തും പോലും, ഖമനേയി എല്ലാ വര്‍ഷവും ഈ കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തിരുന്നു.
1979 ഫെബ്രുവരി 8ന്, പഹ്‌ലവി രാജവംശത്തെ താഴെയിറക്കാന്‍ അംഗീകാരം നല്‍കിയ വ്യോമസേനാ ഉദ്യോഗസ്‌ഥരുടെ സംഘത്തെ അനുസ്‌മരിക്കുന്നതാണ് ഈ വാര്‍ഷിക കൂടിക്കാഴ്‌ച. ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്‌ഥാപകനും ഖമനേയിയുടെ മുന്‍ഗാമിയുമായിരുന്ന റൂഹുല്ല ഖൊമനേയിയുടെ ഓര്‍മ്മദിനവുമാണിത്.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി, ഈ ദിവസം ഒരു പ്രതീകാത്‌മക ചടങ്ങായി മാറി. എല്ലാ വര്‍ഷവും ഇതേ തീയതിയില്‍ വ്യോമസേനാ ഉദ്യോഗസ്‌ഥരും കമാന്‍ഡര്‍മാരും ഇറാനിലെ മതനേതൃത്വവുമായി കൂടിക്കാഴ്‌ച നടത്താറുണ്ട്. ഈ വര്‍ഷം, ഖമനേയിക്കു പകരം സായുധ സേനയുടെ ചീഫ് ഓഫ് സ്‌റ്റാഫ് അബ്‌ദുല്‍റഹീം മൗസവിയാണ കമാന്‍ഡര്‍മാരുമായി കൂടിക്കാഴ്‌ച നടത്തിയത്.ടെഹ്‌റാനും വാഷിങ്‌ടണും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെയാണു ഖമനേയിയുടെ അപ്രതീക്ഷിത പിന്‍വാങ്ങല്‍. മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചുവരികയാണു യു.എസ്. പരമോന്നത നേതാവ് കൂടിയായ ഖമനേയിയുടെ അഭാവം, സാധ്യമായ ഭീഷണികള്‍ ഒഴിവാക്കാനും ദേശീയ സുരക്ഷാ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള നീക്കമായി കാണുന്നു.