-->
ഇന്ത്യന്‍ ഔട്ട്ഫിറ്റുകളോട് ഒരു പ്രത്യേക സ്നേഹവും അടുപ്പവും എന്നും വിദേശീയര്‍ കാണിക്കാറുണ്ട്. ഇന്ത്യ കാണാനും അറിയാനും ആസ്വദിക്കാനുമായി എത്തുന്ന പല വിദേശീയരും ഇവിടുത്തെ വസ്ത്രങ്ങള്‍ ഒരു തവണയെങ്കിലും പരീക്ഷിച്ചു നോക്കാറുണ്ട്. പല വസ്ത്രധാരണങ്ങളും അവര്‍ക്ക് അപരിചിതമായതു കൊണ്ടു തന്നെ വിസ്മയത്തോടു കൂടിയാണ് ധരിച്ചു നോക്കാറുള്ളത്.
ഇപ്പോഴിതാ ഇന്ത്യന്‍ വസ്ത്രമായ ‘ദുപ്പട്ട’യെ പുകഴ്ത്തുന്ന കെമി എന്ന അമേരിക്കൻ യുവതിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തരംഗമായ വീഡിയോയില്‍ തന്റെ വസ്ത്രധാരണ രീതിയെ കൂടുതൽ ആകർഷകമാക്കാൻ ദുപ്പട്ട സഹായിച്ചുവെന്നാണ് കെമി പറയുന്നത്. ഒപ്പം ഈ മനോഹരമായ വസ്ത്രം കണ്ടുപിടിച്ചതിന് ഇന്ത്യക്കാരോട് നന്ദി പറയുകയും ചെയ്യുന്നുണ്ട് യുവതി.
‘‘ഇന്ത്യൻ ജനതയ്ക്ക് ഒരുപാട് നന്ദി. ഈ ദുപ്പട്ട ശരിക്കും ഇന്ത്യക്കാരാണോ കണ്ടുപിടിച്ചത്? ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ തിരുത്തുക, എങ്കിലും ഇത് നിങ്ങളുടെ കണ്ടുപിടുത്തമാണെന്നാണ് ഞാൻ കരുതുന്നത്. ഇതിലൂടെ എന്റെ വസ്ത്രങ്ങൾ പത്തിരട്ടി മനോഹരമായി മാറിയിരിക്കുന്നു. എന്റെ ഇൻസ്റ്റാഗ്രാം പേജിലെ പല ചിത്രങ്ങളിലും ഞാൻ ഈ ശൈലി പിന്തുടരുന്നത് നിങ്ങൾക്ക് കാണാം...’’ എന്നാണ് വൈറല്‍ വീഡിയോയില്‍ കെമി പറയുന്നത്. ചിരിച്ചും സന്തോഷിച്ചുമുള്ള കെമിയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
ഏകദേശം 20 ലക്ഷത്തോളം കാഴ്ചക്കാരും, 75,000 -ത്തിലധികം ലൈക്കുകളും ഈ വീഡിയോ ഇപ്പോള്‍ത്തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ഫാഷന് ബഹുമാനിക്കുന്ന കെമിയെ അഭിനന്ദിച്ചും സ്നേഹം പങ്കിട്ടും നിരവധി ഇന്ത്യക്കാർ കമന്റുകളുമായെത്തി. കെമിയുടെ വീഡിയോ ഇന്ത്യക്കാര്‍ ആഘോഷിക്കുകയാണ്. ഒപ്പം ദുപ്പട്ടയെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകളും കമന്റ് ബോക്സിൽ നിറയുന്നു. ദുപ്പട്ട കേവലം ഒരു ഫാഷൻ ആക്സസറി മാത്രമല്ല, അതിന് നൂറുകണക്കിന് വർഷത്തെ ചരിത്രമുണ്ട് എന്നും ചിലര്‍ കുറിക്കുന്നു.
ദുപ്പട്ടയെ ‘സ്കാൻഡിനേവിയൻ സ്കാർഫ്’, ‘യൂറോപ്യൻ ക്ലാസി സ്കാർഫ്’ എന്ന് എന്ന് പേരുമാറ്റി പല വിദേശ പ്ലാറ്റ്ഫോമുകളിലും അവതരിപ്പിച്ചത് മുന്‍പ് ചര്‍ച്ചകളിലും വിവാദങ്ങളിലും. ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായതാണ് ഇതെന്നും അതിന്റെ പാരമ്പര്യം മോഷ്ടിച്ച് പാശ്ചാത്യവൽക്കരിക്കുന്നത് ശരിയല്ലെന്ന വിമർശനം അന്ന് ഉയര്‍ന്നിരുന്നു. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ അമേരിക്കന്‍ യുവതിയായ കെമിയുടെ വീഡിയോ ഇന്ത്യയിലെ സോഷ്യല്‍ മീഡിയ സ്വാഗതം ചെയ്യുന്നുണ്ട്.