Wednesday, March 11, 2026 Last Updated 12 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 02.16 PM

എനിക്ക് പേടിയാകുന്നു; വിരമിക്കല്‍ പ്രഖ്യാപനത്തിനു ശേഷം വേദിയില്‍ വികാരാധീനനായി അര്‍ജിത് സിംഗ്

arijit singh
photo-www.instagram.com/anoushkashankarofficial/

പ്ലേബാക്ക് സിങ്ങിംഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി അർജിത് സിംഗ് വീണ്ടും സ്റ്റേജിലെത്തി. കൊൽക്കത്തയിൽ സിത്താർ മാന്ത്രിക അനുഷ്ക ശങ്കറിനൊപ്പമായിരുന്നു അർജിത്തിന്റെ ഈ അപ്രതീക്ഷിത പ്രകടനം. ഞായറാഴ്ച കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ, നിറഞ്ഞുകവിഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് അർജിത് തിരിച്ചെത്തിയത്. അനുഷ്ക ശങ്കറിനും പ്രശസ്ത പെർക്കുഷനിസ്റ്റ് ബിക്രം ഘോഷിനുമൊപ്പം 20 മിനിറ്റ് നീണ്ടുനിന്ന അദ്ദേഹത്തിന്റെ പ്രകടനം കാണികളെ വിസ്മയിപ്പിച്ചു.

സ്റ്റേജിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ താൻ വലിയ പരിഭ്രമത്തിലാണെന്ന് അർജിത് ആരാധകരോട് തുറന്നുപറഞ്ഞു. "എനിക്ക് വലിയ പേടിയുണ്ട്. എന്നെ ഇവിടേക്ക് ക്ഷണിച്ചതിന് നന്ദി," അദ്ദേഹം പറഞ്ഞു. തുടർന്ന് പണ്ഡിറ്റ് രവിശങ്കർ സംഗീതം നൽകിയ "മായ ഭോര രാതി" എന്ന പ്രശസ്തമായ ബംഗാളി ഗാനം മൂവരും ചേർന്ന് അവതരിപ്പിച്ചു. ലണ്ടനിൽ അനുഷ്കയുടെ വീട്ടിൽ സന്ദർശനം നടത്തിയതിനെക്കുറിച്ചും അവിടെവെച്ച് സംഗീതം ചിട്ടപ്പെടുത്തിയ നിമിഷങ്ങളെക്കുറിച്ചും അർജിത് വാചാലനായി.

പരിപാടിയുടെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് അനുഷ്ക കുറിച്ചതിങ്ങനെ: "എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു! അർജിത് സിംഗ് എന്റെ പിതാവിന്റെ അധികമാരും കേട്ടിട്ടില്ലാത്ത ബംഗാളി ഗാനത്തിന് ജീവൻ നൽകുന്നത് കേൾക്കുന്നതും കൊൽക്കത്തയിൽ പെർഫോം ചെയ്തതും എന്നും ഓർമ്മിക്കപ്പെടുന്ന ഒന്നാണ്."

അർജിത്തിനെ വീണ്ടും വേദിയിൽ കണ്ടതിൽ ആരാധകർ ആവേശത്തിലാണ്. "ഇതാണ് യഥാർത്ഥ പ്രതിഭ" ,"അർജിത് ശാസ്ത്രീയ സംഗീതത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു" എന്നാണ് ആരാധകരുടെ കമന്റ്.

ജനുവരി 27-നാണ് താൻ ഇനി സിനിമാ പിന്നണിഗാന രംഗത്ത് നിന്നും വിരമിക്കുകയാണെന്ന് അർജിത് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. വർഷങ്ങളായുള്ള പിന്തുണയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം, പുതിയ ഗായകർക്ക് അവസരം നൽകുന്നതിനും സ്വന്തം സംഗീത പരീക്ഷണങ്ങൾക്കും ശാസ്ത്രീയ സംഗീത പഠനത്തിനുമായി സമയം കണ്ടെത്താനാണ് ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കിയിരുന്നു. സിനിമയിൽ നിന്ന് വിട്ടുനിന്നാലും സ്വതന്ത്ര സംഗീത ആൽബങ്ങളിലൂടെയും ലൈവ് ഷോകളിലൂടെയും താൻ സജീവമായിരിക്കുമെന്നും അർജിത് ഉറപ്പുനൽകിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW