Sunday, March 15, 2026 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.39 PM

കേരളത്തിന്‌ നിരാശ ,സന്തോഷ്‌ ട്രോഫിയില്‍ സര്‍വീസസ്‌ ചാംപ്യന്മാര്‍

uploads/news/2026/02/824608/sp2.jpg

ധാക്കുവാഖാന(അസം): സന്തോഷ്‌ ട്രോഫി ഫുട്‌ബോളില്‍ എട്ടാം കിരീടം തേടിയിറങ്ങിയ കേരളത്തിന്‌ നിരാശ. അധിക സമയത്തിന്റെ രണ്ടാം പകുതിയില്‍ അഭിഷേക്‌ പവാര്‍ നേടിയ ഗോളില്‍ കേരളത്തെ കീഴടക്കി സര്‍വീസസ്‌ കിരീടം ചൂടി. കളംനിറഞ്ഞ്‌ കളിച്ചിട്ടും കേരളത്തിന്‌ കിരീടം നേടാന്‍ സാധിക്കാതെ പോയത്‌ നിരാശയായി. 109-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ വിധികുറിച്ച ഗോള്‍.
സര്‍വീസസിന്റെ എട്ടാം സന്തോഷ്‌ ട്രോഫി കിരീടമാണ്‌. തുടര്‍ച്ചയായ രണ്ടാം തവണയാണ്‌ കേരളം സന്തോഷ്‌ ട്രോഫി ഫൈനലില്‍ തോല്‍ക്കുന്നത്‌. കഴിഞ്ഞ വര്‍ഷം ബംഗാളിനോടായിരുന്നു ഫൈനല്‍ തോല്‍വി.ധാക്കുവാഖാന ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്കു മുന്നിലാണ്‌ ഫൈനല്‍ മത്സരം അരങ്ങേറിയത്‌. ഇരച്ചുകയറിയ കേരളത്തിന്റെ പല ഗോള്‍ അവസരങ്ങളും സര്‍വീസസിന്റെ പ്രതിരോധ കോട്ടയില്‍ തട്ടി ഇല്ലാതായി.
ആദ്യ 15 മിനിറ്റ്‌ പിന്നിട്ടപ്പോള്‍ തന്നെ ഇരുടീമുകളും ആക്രമണം കടുപ്പിച്ചിരുന്നു. സര്‍വീസസ്‌ മികച്ച മുന്നേറ്റങ്ങളിലൂടെ കേരളത്തെ ഞെട്ടിച്ചു. 27-ാം മിനിറ്റില്‍ വി. അര്‍ജുന്റെ ലോങ്‌ റേഞ്ച്‌ ഷോട്ട്‌ സര്‍വീസസ്‌ ഗോള്‍ പോസ്‌റ്റില്‍ തട്ടി പുറത്തേക്ക്‌ പോയി. 41 ഷിജിന്റെ ഹെഡര്‍, ബോക്‌സിന്‌ മുകളിലൂടെ പുറത്തേക്ക്‌ പോയി. ഇരു ടീമുകള്‍ക്കും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ ആയില്ല. ഇതോടെ ആദ്യ പകുതി വിരസമായ ഗോള്‍ രഹിതമായി.
രണ്ടാം പകുതിയില്‍ മാറ്റങ്ങളില്ലാതെയാണ്‌ കേരളം ഇറങ്ങിയത്‌. 48-ാം മിനിറ്റില്‍ സര്‍വീസസിന്റെ ആക്രമണം. ഇടതു വിങ്ങില്‍നിന്നു അഭിഷേക്‌ പവാറിന്റെ ക്രോസ്‌, എന്നാല്‍ സര്‍വീസസ്‌ താരങ്ങള്‍ക്ക്‌ തൊടാനായില്ല; പന്ത്‌ പുറത്തേയക്ക്‌.
54ാം മിനിറ്റില്‍ കേരളം, ഷിജിനു പകരം വിഘ്‌നേഷിനെ കളത്തിലിറക്കി. 80-ാം മിനിറ്റില്‍ അജ്‌സാലിനു ലഭിച്ച അവസരം ലക്ഷ്യത്തിലേക്ക്‌ അടിക്കാന്‍ സാധിച്ചില്ല. കളി ഇന്‍ജുറി ടൈമിലേക്കു നീങ്ങി. പരുക്കേറ്റ ഒ.എം. ആസിഫിനു പകരം മുഹമ്മദ്‌ സിനാന്‍ ഇറങ്ങി. എന്നാല്‍ ഗോള്‍ നേടാനുള്ള ഇരു ടീമുകളുടെയും ശ്രമം ഇവിടെയും വിജയിച്ചില്ല. നിശ്‌ചിത സമയത്ത്‌ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ വന്നതോടെയാണ്‌ കളി അധിക സമയത്തേക്ക്‌ നീണ്ടത്‌. അധിക സമയത്തിന്റെ രണ്ടാം പകുതിയില്‍, 109-ാം മിനിറ്റില്‍ അഭിഷേക്‌ പവാറിന്റെ ഗോളിലൂടെ സര്‍വീസസ്‌ മുന്നിലെത്തുകയായിരുന്നു.
ടൂര്‍ണമെന്റില്‍ അഭിഷേകിന്റെ രണ്ടാം ഗോളാണിത്‌; ആദ്യ ഗോള്‍ കേരളത്തിനെതിരായ ഗ്രൂപ്പ്‌ ഘട്ട മത്സരത്തിലായിരുന്നു. ഫൈനലിനു മുമ്പ്‌ കേരളം തോറ്റ ഏക മത്സരം ഇതായിരുന്നു. ഫൈനലിലും കേരളത്തിന്റെ കിരീട മോഹങ്ങള്‍ തട്ടിത്തെറിപ്പിച്ചത്‌ അതേ അഭിഷേക്‌ തന്നെ.

Ads by Google
Sunday 08 Feb 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW