Wednesday, March 11, 2026 Last Updated 48 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.36 PM

നിരായുധീകരണം നിരസിച്ച്‌ ഹമാസ്‌: ഗാസയില്‍ പ്രതിസന്ധി

ഗാസ/ദോഹ: ഗാസയിലെ സമാധാന നീക്കത്തിനു തിരിച്ചടി. ഗാസയിലെ പലസ്‌തീന്‍ സംഘടനകളെ നിരായുധീകരിക്കണമെന്ന ആവശ്യം ഹമാസ്‌ നേതാവ്‌ ഖാലിദ്‌ മിഷാല്‍ നിരസിച്ചു. അധിനിവേശത്തിന്‌ വിധേയരായ ജനതയെ നിരായുധീകരിക്കുന്നത്‌ അവരെ ഇല്ലാതാക്കുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. ഇതോടെ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന നീക്കങ്ങള്‍ പ്രതിസന്ധിയിലായി. ദോഹയില്‍ നടന്ന യോഗത്തിലാണ്‌ അദ്ദേഹം നിലപാട്‌ അറിയിച്ചത്‌. 'അധിനിവേശം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, നിരായുധീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു പ്രസക്‌തിതില്ല. പലസ്‌തീന്‍ ജനതയെ ഇസ്രയേലിന്‌ എളുപ്പത്തില്‍ വേട്ടയാടാന്‍ കഴിയുന്ന ഇരയാക്കി മാറ്റുന്നത്‌ തടയണം'- അദ്ദേഹം പറഞ്ഞു.
'പുനര്‍നിര്‍മാണത്തിനും ദുരിതാശ്വാസത്തിനും അവസരമൊരുക്കുന്ന അന്തരീക്ഷമാണ്‌ ഇപ്പോള്‍ ആവശ്യം. ഹമാസ്‌ ഖത്തര്‍, തുര്‍ക്കി, ഈജിപ്‌ത്‌ എന്നീ ഇടനിലക്കാരിലൂടെയും അമേരിക്കക്കാരുമായുള്ള പരോക്ഷ സംഭാഷണങ്ങളിലൂടെയും ഈ വിഷയത്തില്‍ നിലപാട്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌'- അദ്ദേഹം പറഞ്ഞു.
ഹമാസിനെ നിരായുധീകരിക്കണം എന്നാണു യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ നിലപാട്‌. അതിനു വിസമ്മതിച്ചാല്‍ ഹമാസ്‌ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഇസ്രയേലും ഹമാസും തമ്മില്‍ യു.എസ്‌. ഇടനിലയില്‍ ഉണ്ടാക്കിയ 'വെടിനിര്‍ത്തല്‍' കരാറിന്റെ രണ്ടാം ഘട്ടത്തില്‍ ഹമാസിന്റെ നിരായുധീകരണവും രാജ്യാന്തര സമാധാന സേനയെ വിന്യസിക്കുന്നതും വ്യക്‌തമാക്കിയിട്ടുണ്ട്‌. എന്നാല്‍, വെടിനിര്‍ത്തല്‍ ലംഘിച്ച്‌ ഇസ്രായേല്‍ ഗാസയില്‍ ആക്രമണം തുടരുന്നതാണു നിലപാട്‌ മാറ്റത്തിനു കാരണമായി ഹമാസ്‌ നേതൃത്വം പറയുന്നത്‌. ഗാസയില്‍ ഇസ്രായേല്‍ തുടര്‍ന്നും അധിനിവേശം നടത്തുന്ന കാലത്തോളം തങ്ങളുടെ ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറല്ലെന്നു ഹമാസ്‌ വ്യക്‌തമാക്കി. വെടിനിര്‍ത്തല്‍ ആരംഭിച്ചതു മുതല്‍ ഇസ്രായേല്‍ കുറഞ്ഞത്‌ 576 പലസ്‌തീന്‍കാരെ കൊലപ്പെടുത്തിയതായി ഹമാസ്‌ ആരോപിച്ചു.

Ads by Google
Sunday 08 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW