Wednesday, March 11, 2026 Last Updated 25 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.36 PM

ഡേറ്റാ സുരക്ഷ: സ്‌റ്റാര്‍ലിങ്കിന്റെ പാക്‌ പ്രവേശനം തുലാസില്‍

ഇസ്ലാമാബാദ്‌: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌റ്റാര്‍ലിങ്കിന്‌ പാകിസ്‌താന്റെ സാറ്റലൈറ്റ്‌ ഇന്റര്‍നെറ്റ്‌ വിപണിയില്‍ പ്രവേശനാനുമതി നിഷേധിക്കുന്നതിനു പിന്നില്‍ ഡോറ്റ സുരക്ഷ സംബന്ധിച്ച ആശങ്കകളെന്നു റിപ്പോര്‍ട്ട്‌. യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപുമായി ഇടഞ്ഞുനില്‍ക്കുന്ന ഇലോണ്‍ മസ്‌കിനെ വരവേറ്റ്‌ അമേരിക്കയെ പിണക്കാന്‍ പാകിസ്‌താനു മടിയുണ്ട്‌. ഇതിനുപുറമേ ചൈനീസ്‌ കമ്പനികളില്‍ നിന്നുള്ള മത്സരവും സ്‌റ്റാര്‍ലിങ്കിന്‌ തടസമാണെന്നാണ്‌ പാക്‌ മാധ്യമവാര്‍ത്തകള്‍.
പാകിസ്‌താന്റെ നിരീക്ഷണ, നിയന്ത്രണ, സുരക്ഷാ പരിശോധനകളെ മറികടന്ന്‌ സ്‌റ്റാര്‍ലിങ്കിന്‌ ചില ഡേറ്റ കൈമാറാന്‍ കഴിയുമെന്നു സര്‍ക്കാരിനു മനസിലായതായി എക്‌സ്‌പ്രസ്‌ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. അതുകൊണ്ടുതന്നെ, പാക്‌ ജനതയുടെ ഡേറ്റാ സുരക്ഷ ഉറപ്പാക്കാതെ സ്‌റ്റാര്‍ലിങ്കിനു ലൈസന്‍സ്‌ അനുവദിക്കാന്‍ കഴിയില്ലെന്ന്‌ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച്‌ എക്‌സ്‌പ്രസ്‌ ട്രിബ്യൂണ്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ട്രംപ്‌ അധികാരത്തില്‍ തിരിച്ചെത്തിയശേഷം പാകിസ്‌താനും യു.എസുമായുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്‌. അതിനാല്‍, വാഷിങ്‌ടണില്‍ ആശങ്കകള്‍ ഉയര്‍ത്തുന്ന ഒരു നടപടിയും പാകിസ്‌താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ്‌ മറ്റൊരു നിരീക്ഷണം.
പാകിസ്‌താന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനി ലിമിറ്റഡ്‌ (പി.ടി.സി.എല്‍) സമുദ്രാന്തര്‍ കേബിള്‍ ഇന്‍ഫ്രാസ്‌ട്രക്‌ചറില്‍ ഭൂരിപക്ഷ ഓഹരി ഉടമയായതിനാല്‍ നിലവില്‍ അവിടുത്തെ ഇന്റര്‍നെറ്റ്‌ ഡേറ്റയുടെ നിയന്ത്രണം പാകിസ്‌താന്‍ നിലനിര്‍ത്തുന്നു. പക്ഷേ, സാറ്റലൈറ്റ്‌ അധിഷ്‌ഠിത ഇന്റര്‍നെറ്റ്‌ ഡേറ്റയില്‍ സമാന നിയന്ത്രണം കിട്ടിയേക്കില്ലെന്ന്‌ പാകിസ്‌താന്‍ ഭയക്കുന്നു.
സ്‌റ്റാര്‍ലിങ്ക്‌ പാകിസ്‌താനില്‍ പ്രവര്‍ത്തനാനുമതി തേടുന്ന നിരവധി കമ്പനികളില്‍ ഒന്നു മാത്രമാണ്‌. പാകിസ്‌താന്‍ സ്‌പേസ്‌ ആക്‌ടിവിറ്റീസ്‌ റെഗുലേറ്ററി ബോര്‍ഡ്‌ (പി.എസ്‌.എ.ആര്‍.ബി) പറയുന്നതനുസരിച്ച്‌, സ്‌റ്റാര്‍ലിങ്കിനു പുറമേ ചൈന ആസ്‌ഥാനമായുള്ള ഷാങ്‌ഹായ്‌ സ്‌പേസ്‌കോം സാറ്റലൈറ്റ്‌ ടെക്‌നോളജി ലിമിറ്റഡ്‌ എന്നിവയുള്‍പ്പെടെ അഞ്ച്‌ കമ്പനികളാണ്‌ പാകിസ്‌താനില്‍ സാറ്റലൈറ്റ്‌ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ നല്‍കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്‌.

Ads by Google
Sunday 08 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW