-->
മോസ്‌കോ: ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സുരക്ഷാ വിഷയങ്ങളിലും പാകിസ്‌താനുമായി കൈകോര്‍ക്കാന്‍ താത്‌പര്യമുണ്ടെന്നു റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. ഇസ്ലാമാബാദിലെ ആരാധനാലയത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അനുശോചിച്ച് പാകിസ്‌താന്‍ ഭരണകൂടത്തിനയച്ച സന്ദേശത്തിലാണ് പുടിന്‍ മനസുതുറന്നത്. റഷ്യയുമായുള്ള ഭാവിഎണ്ണയിടപാട് സംബന്ധിച്ച അനിശ്‌ചിതത്വവും വ്യാപാരക്കരാറിലൂടെ യു.എസുമായി ഇന്ത്യ കൂടുതല്‍ അടുക്കുന്നതും കണക്കിലെടുത്ത് ദക്ഷിണേഷ്യയില്‍ പുതിയ കൂട്ടുകെട്ടിനാണ് പുടിന്റെ നീക്കമെന്നു സംശയം.
ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗണ്‍ മേഖലയിലെ ആരാധനാലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ 35-ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ചാണ് പുടിന്‍ പാക് ഭരണകര്‍ത്താക്കള്‍ക്ക് സന്ദേശം അയച്ചത്. മതപരമായ ആരാധനയ്‌ക്കിടെ നിരപരാധികളെ വകവരുത്തുന്നത് ഭീകരതയുടെ അതിക്രൂരമായ മനുഷ്യത്വരഹിത മുഖമാണ് വെളിപ്പെടുത്തുന്നതെന്ന് പുടിന്‍ വ്യക്‌തമാക്കി. മോസ്‌കിലുണ്ടായത് കിരാതമായ ആക്രമണമാണ്. വിഷയത്തില്‍ പാക്‌ജനതയ്‌ക്കൊപ്പമാണ് റഷ്യ. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാകിസ്‌താനുമായി സഹകരിക്കാന്‍ താത്‌പര്യമുണ്ട്. ഭീകരരുടെ ഉന്മൂലനത്തിനായുള്ള പാകിസ്‌താന്റെ ഉദ്യമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കും പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിനും അയച്ച അനുശോചന സന്ദേശത്തില്‍ പുടിന്‍ പറഞ്ഞു.
ആരാധനാലയത്തിലെ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളും രംഗത്തെത്തിയിരുന്നൂ. എന്നാല്‍, പുടിന്റെ അനുഭാവപൂര്‍ണമായ അനുശോചനം അമേരിക്കയോട് കൂടുതല്‍ അടുക്കുന്ന ഇന്ത്യക്കുള്ള സന്ദേശമാണെന്നു വിലയിരുത്തി സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്. ന്യൂഡല്‍ഹിയുമായി പതിറ്റാണ്ടുകളായി തുടരുന്ന തന്ത്രപരമായ ബന്ധത്തിനു ബദലുണ്ടെന്ന് പുടിന്‍ ഓര്‍മിപ്പിക്കുകയാണെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. റഷ്യയുമായുള്ള എണ്ണയിടപാട് പൂര്‍ണമായും നിര്‍ത്താന്‍ ഇന്ത്യക്കുമേല്‍ യു.എസിന്റെ സമ്മര്‍ദമുണ്ട്. വ്യാപാരക്കരാറിനു ചട്ടക്കൂടായെങ്കിലും എണ്ണവ്യാപാരം തുടരുന്നപക്ഷം ഇപ്പോള്‍ കുറച്ചിരിക്കുന്ന തീരുവ വീണ്ടും പഴയപടിയാകുമെന്ന ഭീഷണിയും അന്തരീക്ഷത്തിലുണ്ട്.
എണ്ണയിടപാടില്‍നിന്ന് ഇന്ത്യ പിന്മാറുന്നത് റഷ്യയ്‌ക്കു സാമ്പത്തികമായി വന്‍തിരിച്ചടിയാണ്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് പുടിന്‍ പാകിസ്‌താനുമായി അടുക്കുന്നതെന്നാണ് സൂചന. മുമ്പ് പലപ്പോഴും റഷ്യയോടു കൈകോര്‍ക്കാന്‍ പാകിസ്‌താന്‍ ശ്രമിച്ചിരുന്നു. അന്നുപക്ഷേ, ഇന്ത്യയുമായുള്ള ബന്ധം ഉലയാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്ന റഷ്യ, അതിനോടു മുഖംതിരിക്കുകയായിരുന്നു. വാഷിങ്‌ടണ്‍-ന്യൂഡല്‍ഹി പങ്കാളിത്തത്തിനു ഇസ്ലാമാബാദ് ബാന്ധവം ശക്‌തമാക്കി മറുപടി നല്‍കാനാണ് മോസ്‌കോയുടെ ശ്രമമെന്നാണ് വിദഗ്‌ധരുടെ പക്ഷം. ഊര്‍ജം, റെയില്‍ കണക്‌ടിവിറ്റി, യൂറേഷ്യന്‍ സ്‌ഥിരത എന്നിവ അടിത്തറയാക്കി പുതിയ ദക്ഷിണേഷ്യന്‍ അച്ചുതണ്ടാണ് പുടിന്‍ ലക്ഷ്യമിടുന്നത്. ഇതിലേക്ക് ചൈനകൂടി അണിചേരുമോയെന്ന് വരുംദിവസങ്ങളില്‍ വ്യക്‌തമാകും.