Wednesday, March 18, 2026 Last Updated 4 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 07.39 PM

ഇംഗ്ലണ്ടിനെ വിറപ്പിച്ച് നേപ്പാള്‍ കീഴടങ്ങി; മുന്‍ ചാമ്പ്യന്മാരുടെ ജയം നാല് റണ്‍സിന്

uploads/news/2026/02/824558/11.gif
photo - twitter

മുംബൈ: ടി20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ വിറപ്പിച്ച് കീഴടങ്ങി കുഞ്ഞന്മായ നേപ്പാള്‍. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ നാല് റണ്‍സിനായിരുന്നു നേപ്പാളിന്റെ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ നേപ്പാളിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുക്കാനാണ് സാധിച്ചത്. 29 പന്തില്‍ 44 റണ്‍സ് നേടിയ ദിപേന്ദ്ര സിംഗ് ഐരിയാണ് ടോപ് സ്‌കോറര്‍. എന്നാല്‍ ലോകേഷ് ബാമിന്റെ (20 പന്തില്‍ 39) ഇന്നിംഗ്‌സാണ് നേപ്പാളിനെ ചരിത്ര വിജയത്തിന് അടുത്തെത്തിച്ചത്.

അവസാന മൂന്ന് ഓവറില്‍ 46 റണ്‍സാണ് നേപ്പാളിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ 18-ാം ഓവറില്‍ 22 റണ്‍സാണ് നേപ്പാള്‍ അടിച്ചെടുത്തത്. ഇതില്‍ മൂന്ന് സിക്‌സും ഉള്‍പ്പെടും. അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ വേണ്ടത് 24 റണ്‍സ്. ലൂക്ക് വുഡിന്റെ ആദ്യ പന്തില്‍ തന്നെ ലോകേഷ് ബാം ബൗണ്ടറി നേടി. അടുത്ത രണ്ട് പന്തും വൈഡ്. അടുത്ത പന്തില്‍ റണ്ണെടുക്കാന്‍ ലോകേഷന് സാധിച്ചില്ല. മൂന്നാം പന്ത് ബൗണ്ടറിയിലേക്ക്. അടുത്ത ഒമ്പത് പന്തില്‍ ജയിക്കാന്‍ വേണ്ടത് 14 റണ്‍സ്. തൊട്ടടുത്ത പന്ത് വൈഡ്. നാലാം പന്തില്‍ രണ്ട് റണ്‍സ് കൂടി.

അഞ്ചാം പന്തില്‍ ഒരു റണ്‍ കൂടെ. അവസാന പന്തില്‍ ഗുലര്‍ഷന്‍ ജ (1) ബൗള്‍ഡായി. പിന്നീട് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 10 റണ്‍സ് മാത്രം. എന്നാല്‍ സാം കറന്റെ പരിചയസമ്പത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ നേപ്പാളിന് സാധിച്ചില്ല. കറന്റെ ആദ്യ പന്തില്‍ റണ്ണെടുക്കാന്‍ ലോകേഷിന് സാധിച്ചില്ല. രണ്ടാം പന്തില്‍ ഒരു റണ്‍. അവസാന നാല് പന്തില്‍ ജയിക്കാന്‍ ഒമ്പത് റണ്‍സ് കൂടി. മൂന്നാം പന്തിലും ഒരു റണ്‍. നാലാം പന്തില്‍ രണ്ട് ഓടി ലോകേഷ്. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ ആറ് റണ്‍സ് മാത്രം. അഞ്ചാം പന്തില്‍ റണ്ണെടുക്കാന്‍ സാധിച്ചില്ല. അവസാന പന്തും മനോഹരമായി പൂര്‍ത്തിയാക്കി കറന്‍ ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചു.

ജേക്കബ് ബേഥലിന്റെയും ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെയും വെടിക്കെട്ട് അര്‍ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് കരുത്തായത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമാണ് ബേഥല്‍. ബേഥല്‍ 35 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 55 റണ്‍സെടുത്തു. ബ്രൂക്ക് 32 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 53 റണ്‍സും കണ്ടെത്തി. വില്‍ ജാക്‌സ് 18 പന്തില്‍ 4 സിക്‌സും ഒരു ഫോറും സഹിതം 39 റണ്‍സ് വാരി. ഓപ്പണര്‍ ജോസ് ബട്‌ലറാണ് ഇം​ഗ്ലീഷ് നിരയിൽ‌ തിളങ്ങിയ മറ്റൊരാള്‍. താരം 17 പന്തില്‍ 26 റണ്‍സെടുത്തു മടങ്ങി. നേപ്പാളിന് വേണ്ടി ദീപേന്ദ്ര സിങ്, നന്ദന്‍ യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഷെര്‍ മല്ല, സന്ദീപ് ലാമിചനെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Ads by Google
Sunday 08 Feb 2026 07.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW