Thursday, March 12, 2026 Last Updated 33 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.34 PM

ജൂണിനുള്ളില്‍ കരാര്‍ വേണമെന്നാണ്‌ യു.എസ്‌. നിര്‍ദേശമെന്നു സെലന്‍സ്‌കി

കീവ്‌: റഷ്യന്‍-യുൈക്രന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ജൂണിനുള്ളില്‍ സമാധാനകരാറിലെത്തണമെന്നാണ്‌ അമേരിക്കയുടെ ആഗ്രഹമെന്നു യുൈക്രന്‍ പ്രസിഡന്റ്‌ വൊളോഡിമിര്‍ സെലന്‍സ്‌കി. ചര്‍ച്ചകള്‍ക്കായി അടുത്തയാഴ്‌ച ഇരുകൂട്ടരെയും യു.എസിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നും സെലന്‍സ്‌കി വ്യക്‌തമാക്കി.
യുൈക്രനും റഷ്യയും മിയാമിയില്‍വച്ച്‌ ചര്‍ച്ച നടത്തണമെന്നാണ്‌ യു.എസിന്റെ നിര്‍ദേശം. ചര്‍ച്ചയില്‍ യുൈക്രന്‍ പങ്കെടുക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച്‌ യു.എസോ റഷ്യയോ പ്രതികരിച്ചിട്ടില്ല. യു.എസ്‌. പ്രസിഡന്റായി ഡോണള്‍ഡ്‌ ട്രംപ്‌ അധികാരമേറ്റതുമുതല്‍ റഷ്യ-യുൈക്രന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഇടപെടല്‍ നടത്തുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.
അതേസമയം, അബുദബിയില്‍ നടന്ന രണ്ടാംഘട്ട സമാധാന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. ചര്‍ച്ചകളില്‍ നിര്‍ണായക വഴിത്തിരിവുകളൊന്നും ഉണ്ടായിട്ടില്ല. പരിഹരിക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ ഇപ്പോഴും അതേപോലെ നിലനില്‍ക്കുകയാണ്‌. സംഘര്‍ഷം അവസാനിപ്പിക്കാന്‍ യു.എസിന്റെ ഭാഗത്തുനിന്ന്‌ കടുന്ന സമ്മര്‍ദമുണ്ടെങ്കിലും പ്രധാനപ്പെട്ട പല വിഷയങ്ങളിലും റഷ്യയ്‌ക്കും യുൈക്രനുമിടയില്‍ കടുത്ത ഭിന്നതയാണുള്ളത്‌. ഡോണ്‍ബാസ്‌ മേഖലയുടെ പൂര്‍ണ നിയന്ത്രണം വേണമെന്നാണ്‌ റഷ്യയുടെ ആവശ്യം. എന്നാല്‍, ഒരിഞ്ചുഭൂമിപോലും വിട്ടുകൊടുക്കില്ലെന്നാണ്‌ യുൈക്രനിന്റെ നിലപാട്‌.
അതിനിടെ, സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും യുൈക്രന്റെ ഊര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള റഷ്യന്‍ ആക്രമണം തുടരുകയാണ്‌. അതിശൈത്യം തുടരുന്ന സാഹചര്യത്തില്‍ ഊര്‍ജപ്രതിസന്ധിയുണ്ടാകുന്നത്‌ സാധാരണ ജനങ്ങളെ ദോഷകരമായി ബാധിക്കും. പടിഞ്ഞാറന്‍ യുൈക്രനിലെ ലിവിവ്‌, റിവ്‌നെ തുടങ്ങിയ മേഖലളില്‍ റഷ്യന്‍ ആക്രമണം കനത്ത നാശംവിതച്ചു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ്‌ റഷ്യന്‍ ആക്രമണം.

Ads by Google
Saturday 07 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW