-->
വാഷിങ്‌ടണ്‍: അനില്‍ അംബാനിക്ക് ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീന്‍ യുവതികളെ വാഗ്‌ദാനം ചെയ്‌തതായി റിപ്പോര്‍ട്ട്.
അനില്‍ അംബാനിയുമായി എപ്‌സ്‌റ്റീന്‍ വര്‍ഷങ്ങളോളം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിലുണ്ട്. എപ്‌സ്‌റ്റീന്‍ അറസ്‌റ്റിലാകുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഇരുവരും തമ്മില്‍ അയച്ച സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലോകകാര്യങ്ങള്‍, ബിസിനസ്, സ്‌ത്രീകള്‍ എന്നിവയെക്കുറിച്ചായിരുന്നു ഇവരുടെ സംഭാഷണങ്ങള്‍. അംബാനി കുടുംബത്തെക്കുറിച്ചുള്ള പുസ്‌തകങ്ങളും എപ്‌സ്‌റ്റീന്‍ വാങ്ങിയിരുന്നു.
പുറത്തുവന്ന ഒരു സന്ദേശത്തില്‍ പറയുന്നതിങ്ങനെ. (2017 മാര്‍ച്ച് 9 ന് അനില്‍ അംബാനിയുടെ സന്ദേശം: 'നീ ആരെയാണ് അയയ്‌ക്കുന്നത്?'.
എപ്‌സ്‌റ്റീന്റെ മറുപടി: 'സന്ദര്‍ശനം രസകരമാക്കാന്‍ ഉയരമുള്ള ഒരു സ്വീഡിഷ് സുന്ദരി.'
അനിലിന്റെ പ്രതികരണം: 'അത് ഏര്‍പ്പാടാക്കൂ'. സന്ദേശം ലഭിച്ച് വെറും 20 സെക്കന്‍ഡിനുള്ളിലായിരുന്നു മറുപടി. മറ്റ് സന്ദേശങ്ങളില്‍ പാരീസില്‍വച്ച് കൂടിക്കാഴ്‌ച നടത്തുന്നതിനെക്കുറിച്ചും, സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ഡോണള്‍ഡ് ട്രംപിനോടുള്ള സംഭാഷണത്തെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. 2019 മേയ് മാസത്തില്‍ അനില്‍ അംബാനി ന്യൂയോര്‍ക്കില്‍ എത്തിയപ്പോള്‍ എപ്‌സ്‌റ്റീന്റെ മാന്‍ഹാട്ടനിലെ വീട്ടില്‍വച്ച് ഇരുവരും രഹസ്യമായി കൂടിക്കാഴ്‌ച നടത്തിയതായും രേഖകള്‍ വ്യക്‌തമാക്കുന്നു.
അനില്‍ അംബാനിയും സഹോദരന്‍ മുകേഷ് അംബാനിയും തമ്മിലുള്ള സ്വത്തുതര്‍ക്കത്തെക്കുറിച്ച് എപ്‌സ്‌റ്റീന്‍ പഠിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒടുവില്‍ അനില്‍ അംബാനി കനത്ത തകര്‍ച്ചയെ നേരിടേണ്ടിവന്നു. ഇന്ത്യയില്‍ 40,000 കോടി രൂപയുടെ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അനില്‍ അംബാനിക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. ഈ അന്വേഷണം വേഗത്തിലാക്കാന്‍ സുപ്രീം കോടതി ഏജന്‍സികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
സ്‌ത്രീകളോടുള്ള താല്‍പ്പര്യത്തെക്കുറിച്ച് സംസാരിക്കവേ, തനിക്ക് മെറില്‍ സ്‌ട്രീപ്പിനെപ്പോലെയുള്ളവരെ താല്‍പ്പര്യമില്ലെന്നും ഹോളിവുഡ് നടി സ്‌കാര്‍ലറ്റ് ജോഹാന്‍സണുമായി തങ്ങളുടെ അടുത്ത സിനിമ വരുന്നുണ്ടെന്നും അനില്‍ അംബാനി എപ്‌സ്‌റ്റീനോട് പറയുന്നുണ്ട്. 'നിങ്ങള്‍ പ്രായമായവരേക്കാള്‍ ചെറുപ്പക്കാരായ സുന്ദരികളെ ഇഷ്‌ടപ്പെടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്'- എന്നായിരുന്നു ഇതിന് എപ്‌സ്‌റ്റീന്റെ മറുപടി.
ആത്‌മീയ ഗുരു ദീപക് ചോപ്രയോട് അനില്‍ അംബാനിയെക്കുറിച്ച് എപ്‌സ്‌റ്റീന്‍ അന്വേഷിച്ചിരുന്നു. അംബാനി 'വളരെ സമ്പന്നനും പ്രശസ്‌തി ആഗ്രഹിക്കുന്നവനുമാണ്' എന്നായിരുന്നു ചോപ്രയുടെ മറുപടി. വെഞ്ച്വര്‍ ക്യാപിറ്റലിസ്‌റ്റ് പീറ്റര്‍ തീല്‍ അടക്കമുള്ള പ്രമുഖരോടും അംബാനിയുമായി ബന്ധം സ്‌ഥാപിക്കാന്‍ എപ്‌സ്‌റ്റീന്‍ നിര്‍ദേശിച്ചിരുന്നു.