-->
ഇടുക്കിയുടെ മണ്ണില്‍ കുറവന്‍-കുറത്തി മലകള്‍ക്കിടയില്‍ മനുഷ്യന്‍ തീര്‍ത്ത വിസ്‌മയം. കേരളത്തിന്റെ ഊര്‍ജസ്രോതസ്. കരിവെള്ളയാന്‍ കൊലുമ്പന്‍ ചൂണ്ടിക്കാട്ടിയ ഇടുക്കി ജലവൈദ്യുത പദ്ധതി 50 വയസിന്റെ നിറവില്‍. 1976 ഫെബ്രുവരി 12നാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചത്. അഞ്ചു പതിറ്റാണ്ടിനിപ്പുറവും കേരളത്തിന്റെ വൈദ്യുതോത്‌പാദനത്തിന്റെ മുക്കാല്‍ പങ്കും വഹിക്കുന്നത് ഇടുക്കി തന്നെ. സംസ്‌ഥാന വൈദ്യുതി ബോര്‍ഡിനെ നിലനിര്‍ത്തുന്നതില്‍ ഇടുക്കി പദ്ധതി വഹിക്കുന്ന പങ്കും ചെറുതല്ല. പെരിയാറിനു കുറുകേ നിര്‍മിച്ച ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം. മൂലമറ്റത്ത് പാറയ്‌ക്കുള്ളില്‍ തുരന്നുണ്ടാക്കിയ ഭൂഗര്‍ഭ പവര്‍ഹൗസിലെ വൈദ്യൂതോല്‍പാദനം. പദ്ധതിയുടെ ഭാഗമായ ചെറുതോണി, കുളമാവ് ഡാമുകള്‍...
മനുഷ്യപ്രയത്നത്തിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും കരുത്തുറ്റ ദൃഷ്‌ടാന്തങ്ങളാണ് കാലങ്ങള്‍ കഴിയുമ്പോഴും അത്ഭുതത്തോടെ നമുക്ക് മുന്നില്‍ പ്രകാശിക്കുന്നത്.
നായാട്ടിനെത്തി, ചരിത്രത്തിന് വഴികാട്ടിയായി
1932ല്‍ മലങ്കര എസ്‌റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു. ജെ. ജോണ്‍ നായാട്ടിനെത്തിയതോടെയാണ് ചരിത്രത്തിലേയ്‌ക്ക് വഴി തുറക്കുന്നത്. ഊരാളി ഗോത്ര തലവനായിരുന്ന കരുവെള്ളയാന്‍ കൊലുമ്പന്‍ എന്ന ആദിവാസിയായിരുന്നു നായാട്ടിന് സഹായി. ഇതിനിടെയാണ് കുറവന്‍-കുറത്തി മലകളും പെരിയാറും എല്ലാം കൊലുമ്പന്‍ ഡബ്ല്യു. ജെ. ജോണിനെ കാട്ടിക്കൊടുക്കുന്നത്. മലയിടുക്കിലൂടെ ഒഴുകുന്ന പെരിയാറിനു കുറുകേ അണക്കെട്ടു പണിതാല്‍ അനുസ്യൂതമായ വൈദ്യുതി ഉത്‌പാദനത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്താമെന്ന് ജോണെന്ന ധിഷണാശാലിക്ക് ഒറ്റ നോട്ടത്തില്‍ മനസിലായി. ഇവിടെനിന്നും മടങ്ങിയ ജോണ്‍ സിവില്‍ എന്‍ജിനീയറായ അനുജന്റെ സഹായത്തോടെ ഇടുക്കിയുടെ സാധ്യതകളെപ്പറ്റി തിരുവതാംകൂര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പിന്നീട് 1937 ല്‍ ഇറ്റലിക്കാരായ ആഞ്‌ജമോ ഒമേദയോ, ക്ലാന്തയോ മാസലെ എന്നീ എന്‍ജിനീയര്‍മാര്‍ ഇടുക്കി അണക്കെട്ടിനെക്കുറിച്ച് ഒരു പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, അക്കാലത്ത് അണക്കെട്ട് നിര്‍മിക്കുന്നതിന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ തയാറായില്ല. 1947ല്‍ തിരുവതാംകൂറിലെ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറായിരുന്ന പി. ജോസഫ് ജോണിന്റെ റിപ്പോര്‍ട്ടില്‍ പെരിയാറിനേയും ചെറുതോണി പുഴയേയും ബന്ധിപ്പിച്ച് അണ സ്‌ഥാപിക്കാന്‍ ശിപാര്‍ശ ചെയ്‌തു. 1956ല്‍ കേരള സര്‍ക്കാരിനു വേണ്ടിയും 1957ല്‍ കേന്ദ്ര ജലവൈദ്യുതി കമ്മിഷനു വേണ്ടിയും സമഗ്രമായ പഠനങ്ങള്‍ നടന്നു. 1961ല്‍ ഇടുക്കി അണക്കെട്ടിന്റെ രൂപകല്‍പന തയാറാക്കി. 1963ല്‍ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം ലഭിച്ചു. തുടര്‍ന്ന് പദ്ധതിയുടെ നിര്‍മാണ ചുമതല സംസ്‌ഥാന വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്തു. 1966ല്‍ കൊളംബോ പദ്ധതി പ്രകാരം കാനഡാ സര്‍ക്കാര്‍ സഹായഹസ്‌തം നീട്ടുകയും 1967ല്‍ ഇന്ത്യയും കാനഡയും ഇത് സംബന്ധിച്ചുള്ള കരാറില്‍ ഒപ്പുവയ്‌ക്കുകയും ചെയ്‌തു.
അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് ആദ്യ ചട്ടി സിമന്റിട്ടാണ് പദ്ധതിയുടെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിച്ചത്. ഹിന്ദുസ്‌ഥാന്‍ കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു നിര്‍മാണ ചുമതല. ചരിത്രം പറയുമ്പോള്‍ 1919 ല്‍ ഇറ്റലിക്കാരനായ എന്‍ജിനീയര്‍ ഇ.ജെ. ജേക്കബും തിരുവിതാംകൂര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇടുക്കിയില്‍ ഒരു അണക്കെട്ടാകാമെന്ന് സൂചന നല്‍കിയിരുന്നത്രേ.
പദ്ധതിയില്‍ മൂന്ന് അണക്കെട്ടുകള്‍
പതിനെട്ടടി വീതിയില്‍ പതഞ്ഞൊഴുകിയ പെരിയാറിനെ തടഞ്ഞു നിര്‍ത്താന്‍ ഇടുക്കിക്കൊപ്പം ചെറുതോണി, കുളമാവ് അണക്കെട്ടുകളും സാധ്യമാക്കി. ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമാണിത്. ഇന്ത്യയിലെ ആദ്യത്തേതും. വെള്ളം നിറയുമ്പോള്‍ ഡാം മുന്നോട്ട് വരുകയും കുറയുമ്പോള്‍ പുറകോട്ട് പോകുകയും ചെയ്യുന്ന രീതിയാണ് ഡാമിനുള്ളത്. സംഭരണശേഷിയിലെത്തി നില്‍ക്കെ 23 മുതല്‍ 40 മില്ലീമീറ്റര്‍ വരെ ചലനവ്യതിയാനം ഉണ്ടാകണമെന്നതാണ് ഇടുക്കി ആര്‍ച്ച് ഡാമിന്റെ നിര്‍മാണ തത്വം. ഭൂകമ്പങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന രൂപകല്‍പനയാണിത്. ഐസ് കട്ടകള്‍ ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് കൂട്ടിയിരിക്കുന്നത്. കുറവന് 839 മീറ്ററും കുറത്തിക്ക് 925 മീറ്ററും ഉയരമുണ്ട്. ഈ അണക്കെട്ടുകൊണ്ട് പെരിയാറില്‍ സംഭരിക്കുന്ന ജലം ചെറുതോണി പുഴയിലൂടെ ഒഴുകിപ്പോകാതിരിക്കാനായി ചെറുതോണിയിലും ഏതാനും കിലോമീറ്റര്‍ അകലത്തിലായി കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാനായി കുളമാവിലും അണക്കെട്ട് നിര്‍മിച്ചു.
പാറയിടുക്കിന്റെ സാന്നിധ്യവും കൂടുതല്‍ മര്‍ദം താങ്ങാനുള്ള കഴിവും മൂലമാണ് ഇടുക്കി കമാനാകൃതിയില്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിന് 168.9 മീറ്റര്‍ വീതിയുണ്ട്. 19.81 മീറ്ററാണ് അടിഭാഗത്തെ വീതി. 4.64 ലക്ഷം ഘനമീറ്റര്‍ കോണ്‍ക്രീറ്റ് ഇതിന്റെ മാത്രം നിര്‍മാണത്തിന് വേണ്ടിവന്നു. ഇടുക്കി അണക്കെട്ടിന് ഷട്ടറുകളില്ല. ആര്‍ച്ച് ഡാമിന്റെ രൂപസംവിധാനത്തിനാവശ്യമായ സങ്കീര്‍ണ സാങ്കേതിക ജോലികള്‍ കാനഡയിലാണ് നടത്തിയത്. പദ്ധതിക്ക് കാനഡ 78 ലക്ഷം കനേഡിയന്‍ ഡോളര്‍ സഹായമായും 115 ലക്ഷം ഡോളര്‍ ദീര്‍ഘകാല വായ്‌പയായും നല്‍കി. ഏറെ വാര്‍ത്താപ്രാധാന്യം നേടിയ എസ്.എന്‍.സി. (സര്‍വേയര്‍ ട്രനിഗര്‍ ആന്‍ഡ് ഷെനിവര്‍ട്ട്) എന്ന കനേഡിയന്‍ കമ്പനിയാണ് സാങ്കേതികോപദേശം നല്‍കിയത്.
ഇടുക്കിയുടെ നാലിരട്ടിയോടടുത്ത് (17 ലക്ഷം ഘനമീറ്റര്‍) കോണ്‍ക്രീറ്റ് ചെറുതോണി അണക്കെടിന്റെ നിര്‍മാണത്തിന് ആവശ്യമായി വന്നു. നിര്‍മാണച്ചെലവ് 25 കോടിയിലേറെയാണ്. പദ്ധതിയിലെ ഏറ്റവും ചെറിയ അണക്കെട്ടാണ് കുളമാവ്. കല്‍ക്കെട്ടായി ആരംഭിച്ച് മൂന്നിലൊന്ന് ഭാഗം മാത്രം പൂര്‍ത്തിയായപ്പോള്‍ തൊഴില്‍ തര്‍ക്കങ്ങള്‍ മൂലം നിര്‍മാണ ജോലികള്‍ സ്‌തംഭിച്ചു. 1975-ല്‍ പണി പുനരാരംഭിച്ചു. മൊത്തം 11 കോടി രൂപയാണ് ചെലവ്. ഇതിന് ഏറ്റവും താഴ്‌ന്ന അടിത്തറയില്‍ നിന്ന് 100 മീറ്റര്‍ ഉയരമുണ്ട്. മുകളില്‍ നീളം 385 മീറ്ററും അടിയില്‍ വീതി 67.36 മീറ്ററും മുകളില്‍ വീതി 7.32 മീറ്ററും ആണ്. അണക്കെട്ടുകള്‍ തടഞ്ഞുനിര്‍ത്തുന്ന ജലം ഏകദേശം 60 ചതുരശ്ര അടി കിലോമീറ്റര്‍ പ്രദേശത്തായി വ്യാപിച്ച് കിടക്കുന്നു. വിശാലമായ ഈ സംഭരണിയില്‍ 2200 ദശലക്ഷം ഘനമീറ്റര്‍ ജലം സംഭരിക്കാം. 2408 അടിയാണ് പരമാവധി സംഭരണശേഷി. സുരക്ഷിതത്വ കാരണത്താല്‍ സംഭരണശേഷി 2403 അടിയില്‍ നിജപ്പെടുത്തിയിരിക്കുകയാണ്.
പാറ തുരന്ന് ഭൂഗര്‍ഭ വൈദ്യുതി നിലയം
ഇടുക്കി പദ്ധതിയില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് മൂലമറ്റത്തെ പവര്‍ഹൗസിലാണ്. നാടുകാണി മലയില്‍ നിന്നും 750 മീറ്റര്‍ അടിയിലാണ് രാജ്യത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ വൈദ്യുതി നിലയം. 30 മെഗാവാട്ട് വീതം ശേഷിയുള്ള ആറു ജനറേറ്ററുകളാണ് ഇവിടെയുള്ളത്. പദ്ധതിയുടെ സ്‌ഥാപിതശേഷി 780 മെഗാവാട്ടാണ്. പദ്ധതി കമ്മിഷന്‍ ചെയ്‌ത ആദ്യഘട്ടത്തില്‍ മൂന്നു ജനറേറ്ററുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. അപ്പോള്‍ എട്ടു ലക്ഷം വൈദ്യുതി കണക്ഷനാണ് സംസ്‌ഥാനത്തുണ്ടായിരുന്നത്. ഇന്നത് 1.4 കോടിയായി. ആദ്യ 10 വര്‍ഷം കൊണ്ട് മുടക്കുമുതല്‍ തിരിച്ച് കിട്ടി. ഒരുവര്‍ഷം 850 കോടി രൂപയാണ് ഇവിടെ നിന്നുള്ള വരുമാനം. മൂലമറ്റത്തെ പ്രതിവര്‍ഷ വൈദ്യുതി ഉത്‌പാദനം ശരാശരി 2100 ദശലക്ഷം യൂണിറ്റാണ്. തെര്‍മല്‍ അടക്കമുള്ള പദ്ധതികളില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ വാങ്ങുന്ന വൈദ്യുതി ഇപ്പോള്‍ ലഭ്യമാകുന്ന വിലയ്‌ക്ക് വില്‍ക്കാന്‍ കെ.എസ്.ഇ.ബിക്ക് സഹായകമാകുന്നത് ഇടുക്കിയിലെ ഉല്‍പാദന ചെലവിന്റെ കുറവാണെന്നതും ശ്രദ്ധേയമാണ്. മൂലമറ്റത്ത് നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളം മലങ്കര ചെറുകിട ജലവൈദ്യുത പദ്ധതിക്കൊപ്പം മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതി വഴി ജലസേചനത്തിനും ഉപയോഗിക്കുന്നു. ആദ്യഘട്ടത്തില്‍ 15,000 തൊഴിലാളികള്‍ ജോലി ചെയ്‌ത ഇടുക്കി പദ്ധതി നിര്‍മാണത്തിനിടയില്‍ 85 പേര്‍ അപകടത്തിലും മറ്റുംപെട്ടു മരണമടയുകയും ചെയ്‌തിരുന്നു.
വിസ്‌മൃതിയിലായ വൈരമണി
ഇടുക്കി ഡാമിന്റെ റിസര്‍വോയറില്‍ വെള്ളം നിറച്ചപ്പോള്‍ മുങ്ങിപ്പോയ ഗ്രാമമാണ് വൈരമണി. അരനൂറ്റാണ്ട് മുന്‍പ് ചെറുതോണിക്കും കുരുതിക്കളത്തിനും ഇടയിലെ വലിയ ജനവാസ കേന്ദ്രമായിരുന്നു കുളമാവിലെ വൈരമണി. 1974ല്‍ ഇടുക്കി ഡാമിന്റെ റിസര്‍വോയറില്‍ വെള്ളം നിറച്ചപ്പോഴാണ് ഗ്രാമം വിസ്‌മൃതിയിലായത്. ഇതിന് മുന്‍പ് വൈരമണിയിലെ താമസക്കാരെയെല്ലാം ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഡാം വരുന്നതിന് മുന്‍പ് വൈരമണി വഴി കട്ടപ്പനയിലേക്ക് വനത്തിലൂടെ ജീപ്പ് റോഡുണ്ടായിരുന്നു. മൊട്ടക്കുന്നുകള്‍ക്കിടയിലൂടെയുള്ള ഈ വഴിയുടെ അവശിഷ്‌ടങ്ങളും ഇപ്പോള്‍ കാണാം.
2019 ജൂലൈയില്‍ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്‌ന്നതോടെ വെള്ളത്തില്‍ മറഞ്ഞുകിടന്ന വൈരമണി ഗ്രാമം വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു.
നൂറുവര്‍ഷത്തിലധികം പഴക്കമുള്ള പള്ളി, സെമിത്തേരി, വീടുകളുടെയും കടകളുടെയും തറകള്‍ തുടങ്ങി വൈരമണി ഗ്രാമത്തിലെ കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങളാണ് ജലനിരപ്പ് താഴ്‌ന്നതോടെ പ്രത്യക്ഷപ്പെട്ടത്.