-->
മസ്‌കറ്റ്: യു.എസും ഇറാനും യുദ്ധത്തിലേക്കു നീങ്ങുന്നുവെന്ന ആശങ്കകള്‍ക്കിടെ ഇരുരാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ ഒമാനില്‍ സംഭാഷണം നടത്തുന്നതായി സൂചന. ഒമാന്റെ മധ്യസ്‌ഥതയിലാണു പരോക്ഷ സംഭാഷണങ്ങള്‍ നടക്കുന്നത്.
ഭിന്നത വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ വിജയിക്കുമോ എന്ന് വ്യക്‌തതയില്ല. വിജയിച്ചാല്‍ കൂടുതല്‍ വിശാലമായ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കു കളമൊരുങ്ങുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ മാസം നടന്ന സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധങ്ങളെ ഇറാന്‍ അക്രമാസക്‌തമായി അടിച്ചമര്‍ത്തിയതിനു പിന്നാലെ പശ്‌ചിമേഷ്യയില്‍ യു.എസ്. സൈനികവിന്യാസം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണു സംഘര്‍ഷാവസ്‌ഥ രൂപപ്പെട്ടത്. ആയിരക്കണക്കിന് ആളുകളെ ഇറാന്‍ കൊന്നൊടുക്കിയെന്നാണു മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്. ഇറാന്‍ ആണവ പദ്ധതി മരവിപ്പിക്കണമെന്നും സമ്പുഷ്‌ടീകരിച്ച യുറേനിയം ശേഖരം ഉപേക്ഷിക്കണമെന്നുമാണ് അമേരിക്കയുടെ ആവശ്യം. ഒമാനിലെ ചര്‍ച്ചകളില്‍ ഇറാന്റെ ബാലിസ്‌റ്റിക് മിസൈലുകള്‍, പ്രാദേശിക സായുധ ഗ്രൂപ്പുകള്‍ക്കുള്ള രാജ്യത്തിന്റെ പിന്തുണ, പൗരന്മാരോടുള്ള പെരുമാറ്റം എന്നിവയും ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ ആണവ പദ്ധതിയില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് ഇറാന്റെ നിലപാട്.
ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്‌ചി, യു.എസ്. പ്രത്യേക പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫ്, പ്രസിഡന്റ് ട്രംപിന്റെ മരുമകനും ദൂതനുമായ ജാറെഡ് കുഷ്‌നര്‍ എന്നിവരുമായി തങ്ങളുടെ വിദേശമന്ത്രാലയം ഇന്നലെ പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയതായി ഒമാന്‍ അറിയിച്ചു. നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള ഉചിതമായ സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഒമാന്‍ വ്യക്‌തമാക്കി.ആണവ പദ്ധതിയെക്കുറിച്ചുള്ള യു.എസ്.- ഇറാന്‍ അവസാനവട്ട ചര്‍ച്ചകള്‍ 2025 ജൂണില്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇറാനെതിരായ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് പരാജയപ്പെട്ടു. ഇതിനിടെ, കരാറിലെത്തിയില്ലെങ്കില്‍ ഇറാനില്‍ ബോംബാക്രമണം നടത്തുമെന്നു യു.എസ്. പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കി. വിമാനവാഹിനിക്കപ്പലും മറ്റ് യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിന് സൈനികരെയും യു.എസ്. ഈ മേഖലയിലേക്ക് അയച്ചു.ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പശ്‌ചിമേഷ്യയിലെയും ഇസ്രയേലിലെയും അമേരിക്കയുടെ ആസ്‌തികള്‍ ആക്രമിക്കുമെന്നും ഭീഷണിയുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളും ഇറാനും തമ്മില്‍ ദീര്‍ഘകാലമായുള്ള തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു ഇറാന്റെ ആണവ പദ്ധതിയാണ്. ഇറാന്‍ അണ്വായുധം വികസിപ്പിക്കുയാണെന്നു യു.എസും ഇസ്രയേലും ആരോപിക്കുമ്പോള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ളതാണു തങ്ങളുടെ ആണവപദ്ധതിയെന്ന് ഇറാന്‍ പറയുന്നു. സ്വന്തം പ്രദേശത്ത് യുറേനിയം സമ്പുഷ്‌ടമാക്കാന്‍ അവകാശമുണ്ടെന്നാണ് ഇറാന്റെ നിലപാട്. 400 കിലോഗ്രാം സമ്പുഷ്‌ട യുറേനിയം ശേഖരം മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റണമെന്ന ആവശ്യം നിരസിച്ചു.കഴിഞ്ഞ വര്‍ഷത്തെ യു.എസ്. ആക്രമണത്തെത്തുടര്‍ന്ന് യുറേനിയം സമ്പുഷ്‌ടീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായും ഇറാന്‍ പറയുന്നു. യുറേനിയം സമ്പുഷ്‌ടീകരണത്തിനായി പ്രാദേശിക കണ്‍സോര്‍ഷ്യം സൃഷ്‌ടിക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ക്ക് തയാറാണെന്നും ഉദ്യോഗസ്‌ഥര്‍ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്തിന്റെ ബാലിസ്‌റ്റിക് മിസൈല്‍ പദ്ധതി പരിമിതപ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ അസ്വീകാര്യമാണെന്ന് ഇറാന്‍ വ്യക്‌തമാക്കി. യുഎസുമായി ന്യായവും നീതിയുക്‌തവുമായ ചര്‍ച്ചകള്‍ തുടരാന്‍ വിദേശമന്ത്രി അരഗ്‌ചിയോടു നിര്‍ദേശിച്ചതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍ പറഞ്ഞു. ചര്‍ച്ചയില്‍ സമ്പദ്‌വ്യവസ്‌ഥയെ തളര്‍ത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെടുമെന്നാണു സൂചന.