-->
വാഷിങ്‌ടണ്‍: അമേരിക്കയിലെ 'കൊടുംകുറ്റവാളി'കളുടെ പട്ടികയില്‍ 89 ഇന്ത്യന്‍ വംശജര്‍! യു.എസ്. ആഭ്യന്തരസുരക്ഷാവകുപ്പാണ് (ഡി.എച്ച്.എസ്) കൊലപാതകികളും ലൈംഗിക കുറ്റവാളികളും മയക്കുമരുന്ന് കടത്തുകാരും ഉള്‍പ്പെടെ അറസ്‌റ്റിലായ 25,000 ക്രിമിനലുകളുടെ പട്ടിക പുറത്തുവിട്ടത്. അനധികൃതകുടിയേറ്റം തടയാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ട നടപടികളുടെ ഭാഗമായാണിത്.
കുറ്റവാളികളുടെ പേര്, ചിത്രം, ചെയ്‌ത കുറ്റം, സ്വദേശം എന്നീ വിവരങ്ങളാണ് ഡി.എച്ച്.എസ്. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. അനധികൃതകുടിയേറ്റക്കാരിലെ കുറ്റവാളികളെ അമേരിക്കക്കാര്‍ക്ക് തിരിച്ചറിയാനാണിതെന്ന് ഡി.എച്ച്.എസ്. അധികൃതര്‍ പറഞ്ഞു. ''യു.എസ്. സമൂഹത്തെ ഭയപ്പെടുത്തുന്ന ചെകുത്താന്‍മാരാണിത്. ഇവരില്‍ അവസാനത്തെയാളെയും പുറത്താക്കുന്നതുവരെ ഈ നടപടി അവസാനിപ്പിക്കില്ല. നിയമപരമായി രാജ്യത്തു തങ്ങാന്‍ അനുവാദമില്ലാത്തവര്‍ അമേരിക്കക്കാരെ ഇരകളാക്കിക്കൂടാ''- വകുപ്പ് പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.