-->
മോസ്‌കോ: മുതിര്‍ന്ന റഷ്യന്‍ ജനറലിന് മോസ്‌കോയില്‍ വെടിയേറ്റു. സൈനിക ഇന്റലിജന്‍സ് ഡെപ്യൂട്ടി ചീഫ് ലെഫ്. ജനറല്‍ വ്‌ളാഡിമിര്‍ അലക്‌സിയേവിനാണ് (64) വെടിയേറ്റത്. സംഭവത്തിനു പിന്നില്‍ യുൈക്രനാണെന്ന് ആരോപണം.
മുതിര്‍ന്ന സൈനിക ഉദ്യോഗസ്‌ഥര്‍ക്കു നേരേ റഷ്യയില്‍ നടന്ന നിരവധി ആക്രമണങ്ങളില്‍ ഏറ്റവുമൊടുവിലത്തേതാണ് ഇത്. സംഭവത്തെത്തുടര്‍ന്ന് യുൈക്രനെ നിശിതമായി കുറ്റപ്പെടുത്തി റഷ്യ രംഗത്തെത്തി.
മോസ്‌കോയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് അജ്‌ഞാതനാണ് ജനറലിനെ ആക്രമിച്ചത്. ഇയാള്‍ പലതവണ വെടിയുതിര്‍ത്തതായി പറയപ്പെടുന്നു. ജനറലിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അന്വേഷണ സമിതി വക്‌താവ് സെ്വറ്റ്‌ലാന പെട്രെങ്കോ വെളിപ്പെടുത്തി. പക്ഷേ, ആക്രമണത്തിനു പിന്നില്‍ ആരാണെന്ന സൂചന അവര്‍ നല്‍കിയിട്ടില്ല.
റഷ്യന്‍ സൈനിക ഇന്റലിജന്‍സിന്റെ ആദ്യത്തെ ഡെപ്യൂട്ടി മേധാവിയാണ് അലക്‌സിയേവ്. സിറിയയില്‍ മോസ്‌കോയുടെ സൈനിക പ്രചാരണത്തിനു നല്‍കിയ സംഭാവന മാനിച്ച് ഹീറോ ഓഫ് റഷ്യ മെഡല്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വാഗ്‌നര്‍ കൂലിപ്പടയാളി സംഘത്തിന്റെ തലവനായ യെവ്‌ജെനി പ്രിഗോഷിനുമായി 2023 ജൂണില്‍ അദ്ദേഹം സംസാരിക്കുന്നത് വീഡിയോയില്‍ പകര്‍ത്തപ്പെട്ടിരുന്നു. തെക്കന്‍ റഷ്യയിലെ പ്രധാന നഗരമായ റോസ്‌തോവ് ഓണ്‍ ഡോണിലെ സൈനിക ആസ്‌ഥാനത്തിന്റെ നിയന്ത്രണം യെവ്‌ജെനി ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് റഷ്യന്‍ സൈനിക നേതൃത്വത്തിനെതിരേ കലാപം നടത്താനുള്ള വാഗ്‌നറുടെ ശ്രമം അലക്‌സിയേവ് പരാജയപ്പെടുത്തി.