Thursday, March 12, 2026 Last Updated 59 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 10.26 AM

മഴവില്‍ വര്‍ണ്ണമുള്ള തൂവലുകള്‍, കരുത്തുറ്റ കൊക്കുകള്‍: ഇതാണ് ഉത്തരാഖണ്ഡിന്റെ സംസ്ഥാന പക്ഷിയായ മൊണാല്‍

himalayan, monal, bird
Photo. Down To Earth

നേപ്പാളിന്റെ ദേശീയ പക്ഷിയും ഉത്തരാഖണ്ഡിന്റെ സംസ്ഥാന പക്ഷിയുമായ മൊണാലിനെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. ആണ്‍പക്ഷികളിലെ വര്‍ണപ്പകിട്ടാര്‍ന്ന തൂവലുകളും ലോഹത്തിളക്കവുമാണ് ഹിമാലയന്‍ മൊണാല്‍ (ലോഫോഫോറസ് ഇംപീജിയാനസ്) പക്ഷികളെ ഹിമാലയത്തിലെ ഏറ്റവും ആകര്‍ഷകമായ ഫെസന്റ് ഇനങ്ങളിലൊന്നാക്കുന്നത്. ഫെസന്റ് കുടുംബത്തിലെ വലിയ പക്ഷികളില്‍ ഉള്‍പ്പെടുന്ന ഇവയ്ക്ക് ഏകദേശം 70 സെന്റിമീറ്റര്‍ നീളവും 1.8 മുതല്‍ 2.3 കിലോഗ്രാം വരെ ഭാരവുമുണ്ടാകും. ആണ്‍പെണ്‍ പക്ഷികള്‍ തമ്മില്‍ കാഴ്ചയില്‍ പ്രകടമായ വ്യത്യാസമുണ്ട്. ആണ്‍പക്ഷികള്‍ക്ക് മഴവില്‍ വര്‍ണങ്ങളിലുള്ള തൂവലുകളും തലയില്‍ നീണ്ട പച്ചപ്പൂവും കാണുമ്പോള്‍, പെണ്‍പക്ഷികള്‍ക്ക് ഇളം നീല നിറത്തിലുള്ള കണ്‍തടവും വെളുത്ത തൊണ്ടയും വരകളോടുകൂടിയ തവിട്ടുനിറത്തിലുള്ള ശരീരവുമാണുള്ളത്.

ഇര തേടുന്നതിനായി 25 സെന്റിമീറ്റര്‍ വരെ ആഴത്തില്‍ മണ്ണ് തുരക്കാന്‍ മൊണാലുകള്‍ക്ക് കഴിയും. ഇതിന് സഹായിക്കുന്നത് ഇവയുടെ കരുത്തുറ്റ കൊക്കും നഖങ്ങളുമാണ്. പ്രാണികള്‍, വേരുകള്‍, വിത്തുകള്‍ എന്നിവയാണ് തുരന്നെടുക്കുന്നത്. മഞ്ഞുവീണ പ്രതലങ്ങളില്‍ ഇര തേടുമ്പോള്‍ ഇവ പ്രത്യേക രീതിയിലുള്ള പാടുകള്‍ അവശേഷിപ്പിക്കാറുണ്ട്. ഇലകള്‍, തളിരുകള്‍, കിഴങ്ങുകള്‍, കായ്കള്‍, പ്രാണികള്‍, മറ്റ് ചെറുജീവികള്‍ എന്നിവയെല്ലാമാണ് മൊണാലിന്റെ പ്രധാന ആഹാരം.

കിഴക്കന്‍ അഫ്ഗാനിസ്ഥാന്‍ മുതല്‍ പാക്കിസ്ഥാന്‍, ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ വഴി ചൈന വരെ നീളുന്ന ഹിമാലയന്‍ മലനിരകളിലാണ് പക്ഷിയുടെ സ്വാഭാവിക ആവാസം. സമുദ്രനിരപ്പില്‍നിന്ന് 2400 മുതല്‍ 4500 മീറ്റര്‍ വരെ ഉയരത്തിലാണ് സാധാരണയായി കാണുന്നത്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് പ്രജനനകാലം. ഇണചേരലിനുശേഷം പെണ്‍പക്ഷി നിലത്ത് കൂടുണ്ടാക്കി മൂന്നു മുതല്‍ ആറു വരെ മുട്ടകളിടും. ഏകദേശം ഒരു മാസത്തോളം അടയിരിക്കും. ഈ കാലയളവില്‍ ആണ്‍പക്ഷി പെണ്‍പക്ഷിക്ക് കാവലിരിക്കും. ആറു മാസം പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങള്‍ സ്വയംപര്യാപ്തരാകും. മൊണാലുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരികയാണ്. വേട്ടയാടലും ആവാസവ്യവസ്ഥയുടെ നാശവുമാണ് പ്രധാന ഭീഷണികള്‍. എന്നാല്‍, ഇവ നേരിടുന്ന യഥാര്‍ഥ വെല്ലുവിളികളെക്കുറിച്ച് കൃത്യമായ പഠനങ്ങള്‍ ലഭ്യമല്ല.

Ads by Google
Saturday 07 Feb 2026 10.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW